Kerala
പ്രളയ പുനരധിവാസം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സഹായം ഒഴുകുന്നു

തിരുവനന്തപുരം: പ്രളയം ദുരന്തം വിതച്ച കേരളത്തിന് കൈത്താങ്ങാകാൻ ലുലു ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസുഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാഗ്‌ദാനം ചെയ്ത അഞ്ച് കോടി രൂപ മുഖ്യമന്ത്രിക്ക് കൈമാറി. യൂസുഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടർ എം എ നിഷാദാണ് അഞ്ച് കോടിയുടെ ഡി ഡി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ലുലു റീജ്യനൽ ഡയറക്ടർ ജോയി സദാനന്ദൻ നായർ, ലുലു കോമേഷ്യൽ മാനേജർ സ്വാദിഖ് ഖാസിം, ലുലു ഗ്രൂപ്പ് മിഡീയ കോ- ഓഡിനേറ്റർ എൻ ബി സ്വരാജ് സംബന്ധിച്ചു.
മത്സ്യഫെഡ് ജീവനക്കാർ 60 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ചെയർമാൻ ജെ ചിത്തരഞ്ജൻ തുക കൈമാറി. അയ്യങ്കാളി കൾച്ചറൽ ട്രസ്റ്റ് ഒരു ലക്ഷം രൂപ നൽകി.
കെ പി എം എസ് പ്രസിഡന്റ്പുന്നല ശ്രീകുമാർ തുക മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് വളകളും ഒരു മാലയും നൽകി പേരൂർക്കട സ്വദേശി അനീഷും ഭാര്യ ഡോ. ഗായത്രിയും സഹായത്തിൽ പങ്കുചേർന്നു. വ്യവസായ മന്ത്രി ഇ പി ജയരാജനാണ് ഇവർ സ്വർണം കൈമാറിയത്.
കിളിമാനൂർ കൈലാസംകുന്ന് പി വി എൽ പി സ്‌കൂൾ വിദ്യാർഥികൾ സ്വരൂപിച്ച 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ദേശാഭിമാനി ലേഖകൻ തിരുവനന്തപുരം പാലോട് പേരയം സ്വദേശി വിഷ്ണുപ്രസാദ്- ചിത്ര ദമ്പതികളുടെ മകൾ അന്നലക്ഷ്മിയുടെ നാലാം പിറന്നാളിന് മാറ്റി വെച്ച തുക മുഖ്യമന്ത്രിക്ക് കൈമാറി.
സീനിയർ സിറ്റിസൺസ് ഫ്രണ്ട് വെൽഫെയർ അസോസിയേഷൻ (എസ് സി എഫ് ഡബ്ല്യൂ എ) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ആദ്യ ഗഡുവായി ഒരു ലക്ഷം രൂപ ആരോഗ്യ മന്ത്രി കെ കെ ശൈലജക്ക് കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ അതിനെ പ്രതികൂലിച്ച് നിരവധി പ്രശസ്തർ രംഗത്ത് വന്നിരുന്നു.
സംഘടനാ സംസ്ഥാന ഭാരവാഹികളായ അമരവിള രാമകൃഷ്ണൻ, ആർ രാജൻ, സി പി രവീന്ദ്രൻ, ജില്ലാ ഭാരവാഹികളായ മടത്തറ സുഗതൻ, ജി രവീന്ദ്രൻ നായർ, എം ഡി രാജൻ എന്നിവരാണ് മന്ത്രിക്ക് ചെക്ക് കൈമാറിയത്.