International
വ്യത്യസ്തമായ ദൗത്യങ്ങള്‍ ഏറ്റെടുക്കുക, വെല്ലുവിളികളെ അതിജീവിക്കുക; ഭൂട്ടാനിലെ വിദ്യാര്‍ഥികളോട് മോദി

ന്യൂഡല്‍ഹി: ഭൂട്ടാനുമായി വ്യോമ, ഡിജിറ്റല്‍ മേഖലകളില്‍ ഉള്‍പ്പടെ സമഗ്ര സഹകരണത്തിന് താത്പര്യം പ്രകടിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ദക്ഷിണേഷ്യന്‍ സാറ്റലൈറ്റിന്റെ തിംഫു ഗ്രൌണ്ട് സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത് വലിയ സാധ്യതകളാണ് തുറക്കുന്നത്. സാറ്റലൈറ്റ് സംവിധാനത്തിലൂടെ ടെലി മെഡിസിന്‍, വിദൂര വിദ്യാഭ്യാസം, റിസോഴ്‌സ് മാപ്പിംഗ്, കാലാവസ്ഥാ പ്രവചനം, പ്രകൃതി ദുരന്ത മുന്നറിയിപ്പുകള്‍, ഉള്‍പ്രദേശങ്ങളില്‍ എത്തിപ്പെടല്‍ തുടങ്ങിയവയിലെല്ലാം കുതിച്ചുചാട്ടമുണ്ടാക്കാന്‍ കഴിയും. ഭൂട്ടാനില്‍ ദ്വിദിന സന്ദര്‍ശനത്തിനെത്തിയ മോദി പറഞ്ഞു.
ഇന്ത്യ-ഭൂട്ടാന്‍ ബന്ധം പുരാതനമെന്നതു പോലെ ന വീനവുമാണെന്ന് റോയല്‍ സൊസൈറ്റി ഓഫ് ഭൂട്ടാ നിലെ വിദ്യാര്‍ഥികളോടു സംസാരിക്കവെ ഇന്ത്യന്‍ പ്രധാന മന്ത്രി അഭിപ്രായപ്പെട്ടു. മുമ്പുള്ളതിനെക്കാള്‍ നിരവധി അവസരങ്ങളാണ് ലോകം തുറന്നുവച്ചിരിക്കുന്നത്. അസാധാരണമായ കാര്യങ്ങള്‍ ചെയ്യാനുള്ള ശക്തിയും ശേഷിയും നിങ്ങള്‍ക്കുണ്ട്. അതുപയോഗപ്പെടുത്തിയാല്‍ വരും തലമുറയിലും സ്വാധീനം ചെലുത്തും. നിങ്ങളുടെതായ മേഖല കണ്ടെത്താനും അത്യുത്സാഹത്തോടെ മുന്നോട്ടു പോകാനും കഴിയേണ്ടതുണ്ട്. വെല്ലുവിളികളെ അതിജീവിക്കാന്‍ സാധിക്കണം. യുവത്വം തുടിക്കുന്ന നിങ്ങളുടെ മനസ്സ് വെല്ലുവിളികളെ മറികടക്കാന്‍ സഹായിക്കും.
പരസ്പരമറിയാനും പഠിക്കാനും ഇന്ത്യയും ഭൂട്ടാനും പഴയ കാലത്തെന്ന പോലെ പുതിയ കാലത്തും ഇടപെടലുകള്‍ നടത്തിക്കൊണ്ടിരിക്കുന്നു. 20ാം നൂറ്റാണ്ടില്‍ ധാരാളം ഇന്ത്യന്‍ അധ്യാപകരാണ് ഭൂട്ടാനിലെത്തിയത്. പഴയ തലമുറയിലെ ഭൂട്ടാന്‍ പൗരന്മാര്‍ക്ക് അവരുടെ വിദ്യാഭ്യാസ കാലത്ത് ഒരു ഇന്ത്യന്‍ അധ്യാപകനെയെങ്കിലും ലഭിച്ചിട്ടുണ്ടാകും. സാറ്റലൈറ്റുകളുടെ രൂപകല്‍പന നിര്‍വഹിക്കുന്നതിനും മറ്റുമായി ഇന്ത്യയില്‍ വരാനാഗ്രഹിക്കുന്ന ഭൂട്ടാനിലെ ശാസ്ത്രജ്ഞന്മാരെ മോദി സ്വാഗതം ചെയ്തു.