പ്രളയവും ഗാഡ്ഗില്‍ റിപ്പോര്‍ട്ടും

Posted on: August 17, 2019 4:26 pm | Last updated: August 17, 2019 at 4:26 pm

കഴിഞ്ഞ വര്‍ഷത്തെ പ്രളയക്കെടുതികളില്‍ നിന്ന് കരകയറുന്നതിനിടെ കേരളം വീണ്ടും പ്രളയ ദുരന്തത്തിനിരയായതോടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ഓര്‍ക്കുകയാണ് സംസ്ഥാനം. പശ്ചിമഘട്ട മേഖലയിലെ കുന്നിന്‍ പ്രദേശത്തെ 60 ശതമാനവും പരിസ്ഥിതി ലോലമായി കണക്കാക്കി പരിസ്ഥിതി വ്യവസ്ഥിതിക്ക് പോറലേല്‍ക്കാതെ സൂക്ഷിക്കണമെന്ന് നിര്‍ദേശിക്കുന്നതും ഇല്ലെങ്കില്‍ പ്രളയമുള്‍പ്പെടെ പ്രകൃതി ദുരന്തത്തിനിടയാക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നതുമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. ജനവിരുദ്ധവും കര്‍ഷകവിരുദ്ധവുമാണെന്ന് കുറ്റപ്പെടുത്തി ഈ റിപ്പോര്‍ട്ടിനെതിരെ ഭരണ, പ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ക്രിസ്തീയ സഭകളും രംഗത്തു വന്നതോടെ സര്‍ക്കാര്‍ അത് ചവറ്റുകൊട്ടയിലേക്ക് തള്ളുകയാണുണ്ടായത്.

തെക്ക് കന്യാകുമാരി മുതല്‍ വടക്ക് തപ്തിനദീ തീരം വരെ നീണ്ടുകിടക്കുന്ന പാരിസ്ഥിതിക ആവാസ വ്യവസ്ഥയാണ് പശ്ചിമഘട്ടം. 25 കോടി ജനങ്ങളുടെ ജീവജലസ്രോതസ്സും ആഗോളപ്രധാനമായ ജൈവ കലവറകളും പ്രാദേശിക സമ്പദ്ഘടനയെ നിര്‍ണായകമായി സ്വാധീനിക്കുന്ന പരിസ്ഥിതി വ്യവസ്ഥയും എല്ലാം ഉള്‍ക്കൊള്ളുന്ന ഈ മേഖലയിലെ അനിയന്ത്രിതമായ പ്രകൃതി ചൂഷണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നത് കാലങ്ങളായുള്ള ജനകീയ ആവശ്യമായിരുന്നു. ഇതടിസ്ഥാനത്തിലാണ് പശ്ചിമഘട്ട മേഖലയുടെ നിലവിലുള്ള പാരിസ്ഥിതിക സ്ഥിതി വിശകലനം ചെയ്യാനും പരിസ്ഥിതിലോല പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യേണ്ട പ്രദേശങ്ങള്‍ ഏതൊക്കെയെന്ന് കണ്ടെത്താനും അവിടെ നടപ്പാക്കേണ്ട നിയന്ത്രണങ്ങളെന്തൊക്കെയെന്ന് നിര്‍ദേശിക്കാനുമായി 2010 ഫെബ്രുവരി ഒമ്പതിന് അന്നത്തെ യു പി എ സര്‍ക്കാര്‍ പ്രൊഫ. മാധവ് ഗാഡ്ഗില്‍ അധ്യക്ഷനായി 13 അംഗ വിദഗ്ധ സമിതി രൂപവത്കരിച്ചത്.

ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ പാടേ ഉപേക്ഷിക്കുക, പ്ലാസ്റ്റിക് ഉപയോഗം മൂന്ന് വര്‍ഷം കൊണ്ട് നിര്‍ത്തുക, വനഭൂമി മറ്റ് ആവശ്യങ്ങള്‍ക്കോ കൃഷിഭൂമി കൃഷിയൊഴികെയുള്ള ആവശ്യങ്ങള്‍ക്കോ ഉപയോഗിക്കാതിരിക്കുക, പുതിയ ഖനനങ്ങള്‍ അനുവദിക്കാതിരിക്കുക, കെട്ടിടനിര്‍മാണം പരിസ്ഥിതിക്ക് കോട്ടം പറ്റാത്ത രീതിയിലാകുക, സിമന്റ്, കമ്പി, മണല്‍ എന്നിവയുടെ ഉപയോഗം പരമാവധി കുറക്കുക, പരിസ്ഥിതിലോല പ്രദേശങ്ങളില്‍ മണല്‍ വാരലിനും പാറ പൊട്ടിക്കലിനും പുതിയ അനുമതി നല്‍കാതിരിക്കുക, തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ അംഗീകാരത്തോടെ പ്രകൃതിവിഭവങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയവയാണ് 2011 ആഗസ്റ്റ് 31ന് സമര്‍പ്പിച്ച ഗാഡ്ഗില്‍ സമിതി റിപ്പോര്‍ട്ടിലെ പ്രധാന നിര്‍ദേശങ്ങള്‍.

ഈ വിദഗ്ധ സമിതി റിപ്പോര്‍ട്ട് അവഗണിച്ചതിന്റെ അനന്തര ഫലമാണ് കേരളം ഇന്നനുഭവിച്ചു വരുന്ന ഉരുള്‍പൊട്ടല്‍, മഹാപ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. പശ്ചിമഘട്ടത്തിലെ ചെങ്കുത്തായ മലകളില്‍ സര്‍ക്കാര്‍ ഖനനത്തിനു അനുമതി നല്‍കിയത് ദുരന്തത്തില്‍ വലിയൊരളവോളം പങ്ക് വഹിച്ചതായി പരിസ്ഥിതി വിദഗ്ധനും ഗാഡ്ഗില്‍ സമിതി അംഗവുമായ ഡോ. വി എസ് വിജയന്‍ അഭിപ്രായപ്പെടുന്നു. കഴിഞ്ഞ പ്രളയത്തില്‍ വീടുകളാണ് ഒലിച്ചു പോയതെങ്കില്‍, ഇത്തവണ ഗ്രാമങ്ങള്‍ തന്നെ ഒലിച്ചുപോയിരിക്കെ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ഇനിയും ഒരു പ്രളയത്തിനു കാത്തുനില്‍ക്കരുതെന്നാണ് ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്റെ മുന്നറിയിപ്പ്.

അതിലോല പരിസ്ഥിതി പ്രദേശങ്ങളെന്നു കണ്ടെത്തിയ ഇടങ്ങളില്‍ പോലും അനിയന്ത്രിതമായ പാറ ഖനനം, കുന്നിടിക്കല്‍, വയല്‍ നികത്തല്‍, കുന്നിന്‍ മുകളിലെ തടയണ നിര്‍മാണം തുടങ്ങി പരിസ്ഥിതിക്ക് ആഘാതമേല്‍പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ് സംസ്ഥാനത്ത് വ്യാപകമായി. ഇരട്ടിയിലധികം ക്വാറികളാണ് കേരളത്തില്‍ ഒരു വര്‍ഷത്തിനിടെ വര്‍ധിച്ചത്. കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കണക്ക് പ്രകാരം 3,000 ക്വാറികള്‍ മാത്രമായിരുന്നു കഴിഞ്ഞ വര്‍ഷം വരെ സംസ്ഥാനത്തുണ്ടായിരുന്നത്. നിലവില്‍ അത് 6,100 ക്വാറികളായി വര്‍ധിച്ചു. അധികാരികളെ സ്വാധീനിക്കാന്‍ കഴിയുന്ന ആര്‍ക്കും ചട്ടങ്ങളും നിയമങ്ങളും പാലിക്കാതെ ക്വാറികള്‍ തുടങ്ങാന്‍ കഴിയുമെന്നതാണ് അവസ്ഥ. മേല്‍ മണ്ണ് നീക്കി പാറ പൊട്ടിക്കരുതെന്നാണ് ചട്ടമെങ്കിലും മേല്‍മണ്ണ് പത്ത് മീറ്റര്‍ വരെ നീക്കിയാണ് മിക്ക സ്ഥലങ്ങളിലും ക്വാറികള്‍ സ്ഥാപിക്കുന്നത്. ഇവയില്‍ നല്ലൊരു പങ്കും പരിസ്ഥിതിലോലമെന്നു കണ്ടെത്തിയ പ്രദേശങ്ങളിലുമാണ.് ഈ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ നിലമ്പൂരിലെ പോത്തുകല്ല്, വയനാട് മേപ്പാടിയിലെ പൂത്തുമല എന്നിവ ഈ ഗണത്തില്‍ പെടുന്നു.

ക്വാറികളില്‍ നിന്ന് ഓരോ ദിവസവും മുഴങ്ങുന്നത് മലയോര മേഖലയെ വിറപ്പിക്കുന്ന തരത്തിലുള്ള വെടിയൊച്ചകളാണ്. നമ്മള്‍ കേള്‍ക്കുന്ന ശബ്ദത്തേക്കാള്‍ വലിയ തോതിലുള്ള ശബ്ദം പ്രകമ്പനമായി കരിങ്കല്ലുകള്‍ക്കിടയിലൂടെ കടന്നു പോകുന്നുണ്ടെന്നും ഏഴ് കിലോമീറ്റര്‍ അകലെ വരെ ഇതിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവപ്പെടാമെന്നുമാണ് വിദഗ്ധാഭിപ്രായം. ഇത് മലകളെ അസ്ഥിരപ്പെടുത്തുകയും തുടര്‍ച്ചയായ പേമാരിയില്‍ മലകള്‍ പൊട്ടാനോ ഒഴുകിപ്പോകാനോ ഇടയാക്കുകയും ചെയ്യും. ഇത്തവണ ഉരുള്‍പൊട്ടലുണ്ടായ മലകളില്‍ മിക്കതും ക്വാറി മാഫിയയുടെ കൈയേറ്റത്തിനു വിധേയമായ മലകളിലാണെന്നത് ശ്രദ്ധേയമാണ്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും പൂര്‍വോപരി വര്‍ധിച്ചു കൊണ്ടിരിക്കെ പശ്ചിമഘട്ട മേഖലയിലെ അനിയന്ത്രിതമായ പ്രകൃതി ചൂഷണം തടയുന്നതുള്‍പ്പെടെ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പരമാവധി നടപ്പാക്കുന്നതിന് സര്‍ക്കാര്‍ സന്നദ്ധമാകേണ്ടതുണ്ട്.