ചേര്‍ത്തല ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം നേതാവിന്റെ അനധികൃത പണപ്പിരിവ്

Posted on: August 16, 2019 12:17 pm | Last updated: August 16, 2019 at 6:59 pm
ഒരു വാര്‍ത്ത ചാനല്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍നിന്നും

ആലപ്പുഴ: ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പില്‍ സിപിഎം പ്രാദേശിക നേതാവിന്റെ അനധികൃത പണപ്പിരിവ്. പ്രളയത്തെത്തുടര്‍ന്ന് ക്യാമ്പില്‍ അഭയം തേടിയ പാവങ്ങളില്‍ നിന്നാണ് പണം പിരിച്ചത്. സിപിഎം ചേര്‍ത്തല കുറുപ്പന്‍കുളങ്ങര ലോക്കല്‍ കമ്മിറ്റി അംഗമായ ഓമനക്കുട്ടനാണ് ദുരിതബാധിതരില്‍ നിന്നും പിരിവ് നടത്തിയത്. സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ നിന്ന് ക്യാമ്പിലേക്ക് ഭക്ഷ്യസാധനങ്ങള്‍ കൊണ്ടുവരാനുള്ള വണ്ടിക്ക് വാടക നല്‍കുന്നതിന് വേണ്ടി എന്ന പേരിലായിരുന്നു പിരിവ്. പണം പിരിക്കുന്നതിന്റെ ദൃശ്യങ്ങല്‍ ചില വാര്‍ത്ത ചാനലുകള്‍ പുറത്തുവിട്ടിട്ടുണ്ട്. ക്യാമ്പ് പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി ഹാളിലേക്ക് സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നാണ് വൈദ്യുതി എടുത്തിരിക്കുന്നത്. ഇതിനും ക്യാമ്പില്‍ ഉള്ളവര്‍ പിരിവ് നല്‍കണമെന്നും ഇയാള്‍ ക്യാംപിലുള്ളവരോട് പറഞ്ഞു.

അതേസമയം ദുരിതാശ്വാസക്യാംപില്‍ പണപ്പിരിവ് നടന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ ശക്തമായ നടപടിയുണ്ടാവുമെന്നും ചേര്‍ത്തല തഹസില്‍ദാര്‍ വ്യക്തമാക്കി. ക്യാമ്പിലെ എല്ലാ ചെലവുകള്‍ക്കും സര്‍ക്കാര്‍ പണം നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ പട്ടികജാതി പട്ടിക വര്‍ഗ്ഗകോളനി നിവാസികളാണ് വെള്ളം കയറിയതിനെ തുടര്‍ന്ന് ക്യാമ്പില്‍ അഭയംപ്രാപിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ പുറത്തുനിന്നുള്ളവരുടെ ഇടപെടല്‍ വേണ്ടെന്നും എല്ലാം ക്യാമ്പുകളേയുംനടത്തിപ്പ് പൂര്‍ണമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ചുമതലയിലാവണമെന്നും നേരത്തെ മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.ഇതിന് പിറകെയാണ് സിപിഎം നേതാവ് പിരിവ് നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. ഇപ്പോള്‍ പണപ്പിരിവ് നടത്തിയ ദുരിതാശ്വാസ ക്യാംപിന്റെ കഴിഞ്ഞ വര്‍ഷത്തെ സംഘാടകന്‍ ഓമനക്കുട്ടനായിരുന്നു.അന്നും ഇയാള്‍ പണപ്പിരിവ് നടത്തിയെന്നാണ് അറിയുന്നത്. അതേ സമയം പണപ്പിരിവ് നടത്തിയ ഓമനക്കുട്ടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് സിപിഎം നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.