പ്രളയം: വൈദ്യുത ബോർഡിന് 154 കോടിയുടെ നഷ്ടം

Posted on: August 15, 2019 8:14 am | Last updated: August 15, 2019 at 9:17 pm

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയിൽ വൈദ്യുതി ബോർഡിന്റെ പ്രാഥമിക നഷ്ടം 145 കോടിയെന്ന് കണക്ക്. വടക്കൻ കേരളത്തിലെ ആറ് ഇലക്ട്രിക്കൽ സർക്കിളുകൾക്ക് കീഴിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടായതായി കണക്കാക്കിയിട്ടുള്ളത്. ഇനിയും 3.69 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതി എത്തിക്കാനുണ്ട്.

പ്രളയക്കെടുതിയെ തുടർന്ന് വലിയ നഷ്ടമാണ് സംസ്ഥാന വൈദ്യുതി ബോർഡിനുണ്ടണ്ടായത്. 2,062 ഹൈ ടെൻഷൻ പോസ്റ്റുകളും 11,248 എൽ ടി പോസ്റ്റുകൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചു. 1,757 സ്ഥലങ്ങളിൽ ഹൈ ടെൻഷൻ ലൈനും 49,849 സ്ഥലങ്ങളിൽ ലോ ടെൻഷൻ ലൈനും പൊട്ടിവീണു. വിതരണ ശൃംഖല പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരാൻ 143.56 കോടി രൂപ ചിലവ് വരുമെന്നാണ് പ്രാഥമിക കണക്ക്.

കണ്ണൂർ, മഞ്ചേരി, വടകര, കോഴിക്കോട്, തിരൂർ, ശ്രീകണ്ഠാപുരം ഇലക്്ട്രിക്കൽ സർക്കിളുകൾക്ക് കീഴിലാണ് കൂടുതൽ നാശനഷ്ടം ഉണ്ടായതായി കണക്കാക്കിയിട്ടുള്ളത്. പ്രളയബാധിത മേഖലകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുന്നതിൽ കാര്യമായി പുരോഗതി ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

പ്രളയക്കെടുതിയിൽ 49.19 ലക്ഷം ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം നേരിട്ടതിൽ 3.69 ലക്ഷം ഉപഭോക്താക്കൾക്ക് ഇനിയും വൈദ്യുതി എത്തിക്കാൻ സാധിച്ചിട്ടില്ല. വാട്ടർ അതോറിറ്റിയുടെ പ്രവർത്തനക്ഷമമായ പമ്പ് ഹൗസുകളിലേക്കും റിലീഫ് ക്യാമ്പുകളിലേക്കും വൈദ്യുതി എത്തിക്കുന്നതിനാണ് മുൻഗണന.
നിലവിൽ 1,853 ട്രാൻ്‌സ്‌ഫോർമറുകൾ സുരക്ഷാ കാരണങ്ങളാലും മറ്റും ചാർജ് ചെയ്യാൻ സാധിച്ചിട്ടില്ല. വെള്ളക്കെട്ടുള്ളത് മൂലം സുരക്ഷാ കാരണങ്ങളാലാണ് ഭൂരിപക്ഷം ട്രാൻസ്‌ഫോർമറുകൾ ഓഫ് ചെയ്തു വെക്കേണ്ടി വന്നിട്ടുള്ളത്.

ജലവിതാനം താഴുന്ന മുറക്ക് ഈ ഭാഗങ്ങളിലും വൈദ്യുതി വിതരണം പുനഃസ്ഥാപിക്കുമെന്ന് കെ എസ് ഇ ബി അറിയിച്ചു.