Malappuram
ആശ്വാസ വചനങ്ങളുമായി ദുരന്ത സ്ഥലത്ത് സുന്നീ നേതാക്കൾ

എടക്കര: ഉരുൾപൊട്ടലിലും മലവെള്ളപ്പാച്ചിലിലുമായി ഒരുനാട് തന്നെ ഇല്ലാതായ ദുരന്തഭൂമിയിൽ ആശ്വാസവാക്കുകളും പ്രാർഥനകളുമായി സമസ്ത നേതാക്കളെത്തി.
നിലമ്പൂർ പോത്തുകല്ലിലെ കവളപ്പാറ ജുമുഅ മസ്ജിദ് മഹല്ലിലാണ് ഏറ്റവും കൂടുതൽ മരണത്തിനിടയാക്കിയ ഉരുൾപൊട്ടലുണ്ടായത്. ഇപ്പോഴും മീറ്ററുകൾ ആഴത്തിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മൃതദേഹങ്ങൾക്കായി തിരച്ചിൽ നടക്കുകയാണിവിടെ.
പള്ളിയിൽ ഒരുമിച്ച് കൂടിയ മഹല്ല് നിവാസികളും പ്രവർത്തകരും നിറകണ്ണുകളുമായാണ് നേതാക്കളുടെ സമാശ്വാസ വാക്കുകൾ ശ്രവിച്ചത്. തുടർന്ന് ഭൂദാനം, ശാന്തിഗ്രാം, പനങ്കയം, അമ്പുട്ടാംപെട്ടി, വെളുമ്പിയാം പാടം, കുനിപ്പാല തുടങ്ങിയ ദുരന്തസ്ഥലങ്ങളും നേതാക്കൾ സന്ദർശിച്ചു. തകർന്നടിഞ്ഞ മദ്‌റസകളും മണ്ണും കല്ലും െചളിയും നിറഞ്ഞു കിടക്കുന്ന വീടുകളും പ്രദേശത്തെ ശുചീകരണ പ്രവർത്തനങ്ങളിലേർപ്പെട്ട എറണാകുളം ജില്ലയിൽ നിന്നുൾപ്പെടെയുള്ള പ്രവർത്തകരെയും നേതാക്കള്‍ സന്ദർശിച്ചു.
ജീവിത മാർഗങ്ങൾ വീണ്ടെടുക്കുന്നതിനും തകർന്നതും കേടുപാടുകൾ സംഭവിച്ചതുമായ മദ്‌റസകൾ ഉൾപ്പെടെയുള്ളവ പ്രവർത്തനക്ഷമമാക്കാനും പ്രസ്ഥാനം കൂടെയുണ്ടാകുന്ന് നേതാക്കൾ മഹല്ല് നിവാസികൾക്ക് ഉറപ്പുനൽകി. പരീക്ഷണങ്ങളിൽ അടിപതറാതെ പരസ്പര സൗഹാർദവും മൈത്രിയും നിലനിലർത്തി ഈ ദുരന്തത്തെ അതിജീവിക്കാനുള്ള ആത്മവിശ്വാസം പകർന്നാണ് പണ്ഡിത നേതൃത്വം മടങ്ങിയത്.
സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, അബ്ദുല്ല മുസ്‌ലിയാർ താനാളൂർ, വണ്ടൂർ അബ്ദുർറഹ്‍മാൻ ഫൈസി, അലവി സഖാഫി കൊളത്തൂർ, മിഖ്ദാദ് ബാഖവി ചുങ്കത്തറ, വി എസ് ഫൈസി, പി എം മുസ്തഫ കോഡൂർ, കെ പി ജമാൽ കരുളായി, അലവിക്കുട്ടി ഫൈസി, എം അബ്ദുർറഹ്‌മാൻ, സിദ്ദീഖ് സഖാഫി വഴിക്കടവ് എന്നിവരുടെ നേതൃത്വത്തിലാണ് സ്ഥലം സന്ദർശിച്ചത്.