പ്രളയം: വൈദ്യുതി പുനഃസ്ഥാപനം സൂക്ഷ്മതയോടെ

Posted on: August 14, 2019 11:17 pm | Last updated: August 14, 2019 at 11:17 pm


പത്തനംതിട്ട: പ്രളയത്തിൽ മുങ്ങിയ വീടുകളിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് കെ എസ് ഇ ബി സുരക്ഷാ വിഭാഗവും സംസ്ഥാന ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റും സംയുക്തമായി നൽകുന്ന സുരക്ഷാ നിർദേശങ്ങൾ.
വീടിന്റെ പരിസരത്ത് സർവീസ് വയർ/ലൈൻ കമ്പി /എർത്ത് കമ്പി ഇവ പൊട്ടിയ നിലയിലോ താഴ്ന്നു കിടക്കുന്ന നിലയിലോ കണ്ടാൽ സ്പർശിക്കരുത്. വിവരം ഉടൻ വൈദ്യുതി ബോർഡ് ഓഫീസിൽ അല്ലെങ്കിൽ 9496010101 എന്ന നമ്പറിൽ അറിയിക്കണം. പുരയിടത്തിലേക്ക് പ്രവേശിക്കുന്നതിനു മുന്പായി സ്ഥലത്ത് വൈദ്യുതി ബന്ധം ഉണ്ടോ, ഇല്ലയോ എന്ന് ഉറപ്പാക്കണം. വൈദ്യുതി സംബന്ധമായ സഹായത്തിന് കെ എസ് ഇ ബി എൽ/ ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റുമായി ബന്ധപ്പെടണം. വീട്ടിലെ വയറിംഗ് സംബന്ധമായ തകരാറുകൾ പരിശോധിക്കുന്നതിന് വയർമാൻമാരുടെ സൗജന്യ സേവനത്തിനായി ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറെ ബന്ധപ്പെടണം. സ്വിച്ച് പ്രവർത്തിപ്പിക്കുമ്പോൾ മറുകൈ ഭിത്തിയിലോ മറ്റോ തൊടരുത്. വൈദ്യുതി പുനഃസ്ഥാപിക്കുന്ന ജോലിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി സഹകരിക്കുക.
ഒരാൾ മാത്രമായി സ്ഥാപനങ്ങൾ/വീടുകൾ എന്നിവിടങ്ങളിലെ വൈദ്യുതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കരുത്. സ്വിച്ച് ബോർഡോ, എക്‌സ്റ്റെൻഷൻ ബോർഡോ വെള്ളത്തിൽ മുങ്ങി കിടക്കുന്നതായി ശ്രദ്ധയിൽപെടുന്ന പക്ഷം അതിന്റെ സമീപത്ത് പോകരുത്. ഏതെങ്കിലും ഉപകരണം നനഞ്ഞതായോ വെള്ളം കയറിയതായോ കാണുകയാണെങ്കിൽ അത് ഉപയോഗിക്കരുത്. ഇ എൽ സി ബിയോ എം സി ബിയോ ട്രിപ്പ് ആകുന്ന പക്ഷം ഉപകരണങ്ങൾ സ്വയം ഓൺ ആക്കാൻ ശ്രമിക്കരുത്. ഇൻവെർട്ടറുകൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കരുത്. ജോയിന്റ് ഉള്ള പ്ലാസ്റ്റിക് ഉപയോഗിച്ച് താത്കാലിക വയറിംഗ് നടത്തരുത്. പാചകവാതകം, മറ്റു വാതക സാന്നിധ്യം അനുഭവപ്പെടുകയാണെങ്കിൽ സ്വിച്ചുകളോ, മറ്റു വൈദ്യുതി ഉപകരണങ്ങളോ പ്രവർത്തിപ്പിക്കരുത്. ഏതെങ്കിലും സ്വിച്ച് ബോർഡോ, കേടായ ഉപകരണങ്ങളോ സ്വയം റിപ്പയർ ചെയ്യരുത്.

നനവില്ലാത്ത ചെരുപ്പ് ധരിച്ച് മാത്രമേ സ്വിച്ചുകൾ ഓണാക്കാവു. വീട്ടിലെ പ്ലഗിൽ ഘടിപ്പിച്ചിരിക്കുന്ന എല്ലാ ഉപകരണങ്ങളും അഴിച്ചു മാറ്റണം. ഇ എൽ സി ബി പ്രവർത്തനക്ഷമം ആണെങ്കിൽ ഓരോരോ എം സി ബി ഓൺ ചെയ്യാവുന്നതാണ്. കൈകൊണ്ടു സ്പർശിക്കാതെ എനർജി മീറ്ററിന് കേടുപാടോ, കത്തിയിട്ടുണ്ടോയെന്ന് പരിശോധിക്കുക. ഇ എൽ സി ബി പ്രവർത്തന ക്ഷമമാണോ എന്ന് അതിന്റെ ടെസ്റ്റ് ബട്ടൺ അമർത്തി ട്രിപ്പ് ആകുന്നുണ്ടോയെന്ന് നോക്കണം. വെള്ളം കയറിയ വീടുകളിലെയും സ്ഥാപനങ്ങളിലെയും വയറിംഗ്, മീറ്റർ, ഇ എൽ സി ബി/ആർ സി സി ബി, എം സി ബി, സ്വിച്ചുകൾ, പ്ലഗുകൾ തുടങ്ങിയവയിൽ വെള്ളവും ചെളിയും കയറാൻ സാധ്യതയുണ്ട്. ഇത് വൈദ്യുതി പ്രവഹിക്കുമ്പോൾ ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കാം. വൈദ്യുതി മീറ്ററിനോട് ചേർന്നുള്ള ഫ്യൂസ് ഊരിമാറ്റി മെയിൻ സ്വിച്ച്/ഇ എൽ സിബി/ആർ സി സി ബി/ എം സി ബി ഓഫ് ചെയ്ത ശേഷമേ വീട് ശുചിയാക്കാൻ തുടങ്ങാവൂ. ഇൻവർട്ടർ/സോളാർ ഉള്ളവർ അത് ഓഫ് ചെയ്ത് ബാറ്ററിയുമായി കണക്‌ഷൻ വിച്ഛേദിക്കണം. മണ്ണുമാന്തി യന്ത്രങ്ങളും മറ്റും ഉപയോഗിക്കുമ്പോൾ എർത്തിംഗ് സംവിധാനത്തിന് കേടുപറ്റാൻ സാധ്യതയുണ്ട്. വീടുകളിലെയും സ്ഥാപനങ്ങളിലെയും എർത്ത് ഇലക്ട്രോഡിന്റെ സ്ഥിതി പരിശോധിച്ച് സുരക്ഷിതത്വം ഉറപ്പാക്കണം.

വൈദ്യുതി പാനലുകളിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ ചെളിയോ നനവോ ഇല്ലാത്തവിധം വൃത്തിയാക്കി ഇൻസുലേഷൻ പരിശോധിച്ച് സുരക്ഷ ഉറപ്പുവരുത്തണം. ഇതിന് വയർമാന്റെ സേവനം പ്രയോജനപ്പെടുത്തണം.
വെള്ളം ഇറങ്ങിയാലും വയറിംഗ് പൈപ്പിനുള്ളിൽ വെള്ളം നിൽക്കാൻ സാധ്യതയുണ്ട്. ഇതും ഷോർട്ട് സർക്യൂട്ടിന് കാരണമായേക്കാം. വൈദ്യുതി മീറ്റർ, എം സി ബി, എം സി സി ബി എന്നിവയിൽ വെള്ളം കയറിയിട്ടുണ്ടെങ്കിൽ പൂർണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ പറ്റാത്തപക്ഷം അവ മാറ്റിസ്ഥാപിക്കണം.
എച്ച് ടി/എൽ ടി കേബിളുകൾ വഴി വൈദ്യുതി എത്തുന്ന വീടുകളിൽ കേബിളുകൾക്ക് കേടുപാടുണ്ടോ എന്ന് പരിശോധിച്ച് ഉറപ്പാക്കണം. എൽ ടികേബിൾ 500 വോൾട്ട് ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിച്ചും എച്ച് ടി കേബിൾ 5000 വോൾട്ട് ഇൻസുലേഷൻ ടെസ്റ്റർ ഉപയോഗിച്ചും പരിശോധിക്കണം.

സബ് പാനൽ, ഡി ബി എന്നിവ ഓഫ് ചെയ്ത ശേഷമേ മെയിൻ സ്വിച്ച് ഓണാക്കാവൂ. ഡി ബിയിലെ ഇ എൽ സി ബി ഓൺ ചെയ്ത് ടെസ്റ്റ് ബട്ടൺ അമർത്തി പ്രവർത്തനക്ഷമത ഉറപ്പാക്കണം. ഇ എൽ സി ബി പ്രവർത്തനക്ഷമമാണെങ്കിൽ ഓരോ എം സി ബികളായി ഓണാക്കാം. വെള്ളത്തിൽ മുങ്ങിയ വൈദ്യുതോപകരണങ്ങളുടെ പ്രവർത്തനക്ഷമത ഉറപ്പാക്കിയശേഷമേ ഉപയോഗിക്കാവൂ. ഇ എൽ സി ബി പ്രവർത്തനക്ഷമം അല്ലെങ്കിൽ അത് ബൈപ്പാസ് ചെയ്ത് വൈദ്യുതി കടത്തിവിടാൻ ശ്രമിക്കരുത്.