National
പാക് ആക്രമണം തടയുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മിന്റി അഗര്‍വാളിന് യുദ്ധ് സേവാ മെഡല്‍

ന്യൂഡല്‍ഹി: പാക് വ്യോമസേനയുടെ ആക്രമണ ശ്രമം തടയുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച സ്‌ക്വാഡ്രണ്‍ ലീഡര്‍ മിന്റി അഗര്‍വാളിന് ഐ എ എഫിന്റെ ബഹുമതി. യുദ്ധത്തിലും യുദ്ധ സമാനമായ സാഹചര്യങ്ങളിലും ഉന്നത സേവനം നടത്തുന്നവര്‍ക്ക് നല്‍കുന്ന യുദ്ധ് സേവാ മെഡലിനാണ് മിന്റി അര്‍ഹയായത്. ഇന്ത്യ ബലാകോട്ടില്‍ നടത്തിയ വ്യോക്രമണത്തിന് തിരിച്ചടിയായി ആക്രമണം നടത്താനുള്ള പാക് ശ്രമമാണ് മിന്റി ഉള്‍പ്പടെയുള്ള സൈനികര്‍ വിഫലമാക്കിയത്.
സംഭവം നടന്ന ഫെബ്രുവരി 27ന് രാവിലെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഏഴ് ഫൈറ്റര്‍ കണ്‍ട്രോളേഴ്‌സ് സംഘത്തിലൊരാളായിരുന്നു മിന്റി. പാക്കിസ്ഥാന്റെ എഫ് 16 ജെറ്റുകളിലൊന്ന് വെടിവച്ചിട്ട വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനിനോട് തിരിച്ചുവരാന്‍ ഉചിതമായ സമയത്ത് നിര്‍ദേശം നല്‍കിയത് മിന്റി ആയിരുന്നു. എന്നാല്‍, ആശയ വിനിമയ സംവിധാനങ്ങളുടെ പ്രവര്‍ത്തനം പാക് സേന തടസ്സപ്പെടുത്തിയിരുന്നതിനാല്‍ നിര്‍ദേശം കേള്‍ക്കാന്‍ അഭിനന്ദിന് കഴിഞ്ഞില്ല. ഐ എ എഫ് വര്‍ഷങ്ങളായി ആവശ്യപ്പെട്ടു വരുന്ന ജാമിംഗ് പ്രതിരോധ സാങ്കേതിക വിദ്യ അഭിനന്ദ് പറത്തിയിരുന്നു മിഗ് 21 ബൈസണ്‍ വിമാനത്തില്‍ ഇല്ലാതിരുന്നതാണ് പ്രശ്‌നമായത്.