ജയിച്ചാൽ ഇന്ത്യക്ക് പരമ്പര; വിന്‍ഡീസിന് ബാറ്റിംഗ്

Posted on: August 14, 2019 7:15 pm | Last updated: August 14, 2019 at 7:17 pm

പോർട്ട് ഓഫ് സ്പെയിൻ: ഇന്ത്യയുടെ വിൻഡീസ് പര്യടനത്തിലെ മൂന്നാമത്തേതും നിർണായകവുമായ ഏകദിനത്തില്‍ ടോസ് നേടിയ വെസ്റ്റിന്‍ഡീസ് ബാറ്റിംഗ് തിരഞ്ഞെടുത്തു. ഒരു ജയവുമായി പരമ്പരയിൽ മുന്നിലുള്ള ഇന്ത്യക്ക് ഇന്നത്തെ മത്സരം ജയിക്കാനായാൽ പരമ്പര സ്വന്തമാക്കാം. ആദ്യ ഏകദിന മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.

അവസാന മത്സരം ട്രിനിഡാഡിലെ പോര്‍ട്ട് ഓഫ് സ്പെയിനിലാണ് നടക്കുന്നത്.
നേരത്തേ, ടി20 പരമ്പര തൂത്തുവാരിയ ഇന്ത്യ ഏകദിന പരന്പരയും നേടി, പിന്നാലെ വരുന്ന ടെസ്റ്റ് പരന്പരക്ക് മുന്പ് ആധിപത്യം ഉറപ്പിക്കാനാകും ശ്രമിക്കുക. അതേസമയം, മൂന്നാം ഏകദിനത്തിൽ ജയിച്ച് പരന്പര നഷ്ടപ്പെടാതെ സമനിലയിൽ പിടിക്കാനാകും വെസ്റ്റിൻഡീസ് ശ്രമിക്കുക.

മൂന്നാം ഏകദിനത്തിന് ഇന്നിറങ്ങുന്പോൾ ഇന്ത്യൻ ഓപ്പണർ ശിഖർ ധവാന് കാര്യങ്ങൾ കടുത്തതാകുകയാണ്. ലോകകപ്പിൽ പരുക്കേറ്റ് നിരാശയോടെ മടങ്ങേണ്ടിവന്ന ധവാന് ഫോമിൽ തിരിച്ചുവരവിനുള്ള അവസരമായിരുന്നു വിൻഡീസ് പര്യടനം. പക്ഷേ, താരത്തിന് ഇതുവരെ തിളങ്ങാൻ സാധിച്ചട്ടില്ല. അവസാനം കളിച്ച നാല് മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് ധവാൻ രണ്ടക്കം കടന്നത്. ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഒരു റൺസിന് പുറത്തായ ധവാൻ രണ്ടാം മത്സരത്തിൽ 23 റൺസ് നേടി. എന്നാൽ, മൂന്നാം മത്സരത്തിൽ മൂന്ന് റൺസാണ് നേടിയത്. രണ്ടാം ഏകദിനത്തിൽ രണ്ട് റൺസിലും ധവാന്റെ ഇന്നിംഗ്സ് അവസാനിച്ചു. ടെസ്റ്റ് ടീമിൽ ഇടംപിടിച്ചട്ടില്ലാത്തതിനാൽ അവസാന മത്സരത്തിൽ മിന്നും പ്രകടനം പുറത്തെടുക്കാമെന്ന് വിശ്വാസത്തിലാണ് ധവാൻ.

അതേസമയം, മധ്യനിരയിൽ ഋഷഭ് പന്തും ശ്രേയസ് അയ്യരും സ്ഥാനം ഉറപ്പിക്കാനുള്ള ആഭ്യന്തര ഏറ്റുമുട്ടലിലാണ്. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്മാനായി ശ്രേയസ് അയ്യരും ടീമിൽ ഇടം പിടിക്കുമെന്ന് ഉറപ്പാണെങ്കിലും നാലാം നമ്പറിൽ ആരെന്ന കാര്യത്തിൽ തീരുമാനം വരുന്നതേയുള്ളൂ.
കഴിഞ്ഞ മത്സരത്തിൽ അഞ്ചാമനായി ഇറങ്ങിയ ശ്രേയസ് അയ്യർ അർധ സെഞ്ചുറി തികച്ചിരുന്നു. കഴിഞ്ഞ മത്സരത്തിൽ സെഞ്ച്വറി നേടിയ നായകൻ വിരാട് കോലി ഇന്നും കരുത്ത് കാട്ടുമെന്ന് പ്രതീക്ഷിക്കാം.

ബൗളിംഗിൽ കഴിഞ്ഞ മത്സരത്തിൽ ഭുവനേശ്വർ കുമാർ തിളങ്ങിയിരു ന്നു. എട്ട് ഓവറിൽ 31 റൺസ് വഴങ്ങി നാല് വിക്കറ്റുകളാണ് ഭുവി പിഴുതത്. ഭുവിക്കൊപ്പം ഷമിയും ചേരുന്നതോടെ പേസ് നിര കരുത്തുറ്റതാകും. സ്പിൻ പ്രതീക്ഷയായി കുൽദീപ് യാദവുമുണ്ട്.

ഏകദിന പരന്പരക്ക് ശേഷം ഇന്ത്യയുടെ പര്യടനത്തിൽ രണ്ട് ടെസ്റ്റ് മത്സരങ്ങൾ കൂടി വെസ്റ്റിൻഡീസിനെതിരെയുണ്ട്. ഈ മാസം 22ന് ആൻഡിഗ്വയിലെ നോർത്ത് സൗണ്ടിലാണ് ആദ്യ ടെസ്റ്റ് ആരംഭിക്കുക.