Articles
പാസ്സാക്കുന്നത് ബില്ലുകളല്ല, സംഘ്പരിവാര്‍ അജന്‍ഡകള്‍

ഭരണഘടനയും പാര്‍ലിമെന്ററി ജനാധിപത്യ കീഴ്‌വഴക്കങ്ങളും ലംഘിച്ചുകൊണ്ടാണ് ബി ജെ പി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. സംഘ്പരിവാറിന്റെ ഹിന്ദുത്വ അജന്‍ഡ എത്രയും വേഗം പ്രാവര്‍ത്തികമാക്കലാണ് മോദി സര്‍ക്കാറിന്റെ ലക്ഷ്യം. പ്രതിപക്ഷ പാര്‍ട്ടികളില്‍ പെട്ട എം പിമാരെ ഭീഷണിപ്പെടുത്തി കൂറുമാറ്റിച്ച്, രാജ്യസഭയിലും ബില്ലുകള്‍ പാസ്സാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിയുന്നു. അഴിമതി കേസുകളില്‍ കുടുങ്ങിക്കിടക്കുന്ന എം പിമാരെ സി ബി ഐയെയും ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിനെയും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയാണ് കൂറുമാറ്റിച്ചത്.
നിയമ നിര്‍മാണം സൂക്ഷ്മതയോടെ നടത്താനും കുറ്റമറ്റതാക്കാനുമാണ് പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ രൂപവത്കരിക്കുന്നത്. രണ്ട് സഭകളിലെയും എം പിമാര്‍ ഈ സമിതികളില്‍ അംഗങ്ങളാകും. പാര്‍ലിമെന്റില്‍ അവതരിപ്പിക്കുന്ന ബില്ലുകള്‍ പ്രാഥമിക ചര്‍ച്ചക്ക് ശേഷം ബന്ധപ്പെട്ട പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്ക് വിടും. സ്റ്റാന്‍ഡിംഗ് കമ്മിറ്റി പലതവണ യോഗം ചേര്‍ന്ന് ബില്‍ സൂക്ഷ്മ പരിശോധന നടത്തും. പുതിയ നിയമം ബാധകമാകുന്ന വിഭാഗങ്ങളുമായി ചര്‍ച്ച നടത്തും. തികച്ചും ജനാധിപത്യപരമായ ഒരു പ്രക്രിയയാണിത്. ചില പ്രത്യേക നിയമങ്ങള്‍, സെലക്ട് കമ്മിറ്റി (ഏതെങ്കിലും പരിശോധനക്കായി മാത്രം രൂപവത്കരിക്കുന്ന പാര്‍ലിമെന്ററി സമിതി)ക്കും വിടാറുണ്ട്. ഈ പ്രക്രിയകളൊക്ക മോദി രണ്ടാം സര്‍ക്കാര്‍ അവസാനിപ്പിച്ചു. ജൂണ്‍ മാസത്തില്‍ ലോക്‌സഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തിട്ടും ഇന്നേവരെ സ്റ്റാന്‍ഡിംഗ് കമ്മിറ്റികള്‍ രൂപവത്കരിച്ചില്ല.
ആദ്യത്തെ പാര്‍ലിമെന്റ് സമ്മേളനം വിവാദപരമായ പല ബില്ലുകളും പാസാക്കി. വിവരാവകാശ നിയമത്തിന്റെ ചിറകുകള്‍ അരിഞ്ഞ ഭേദഗതി നിയമമാണ് പാസ്സാക്കിയതില്‍ ഒന്ന്. മേലില്‍ വിവരാവകാശ കമ്മീഷന്റെ കാലാവധിയും ശമ്പളവും സര്‍ക്കാറിന് തീരുമാനിക്കാമെന്നാണ് ഭേദഗതി. ഈ സാഹചര്യത്തില്‍ വിവരാവകാശ കമ്മീഷന്‍ സര്‍ക്കാറുകള്‍ക്ക് വഴങ്ങി മാത്രം പ്രവര്‍ത്തിക്കേണ്ടി വരും. വലിയ ജനകീയ പ്രക്ഷോഭങ്ങളെ തുടര്‍ന്ന് രൂപം കൊണ്ട വിവരാവകാശ കമ്മീഷന്‍ ഫലത്തില്‍ കൂട്ടിലടച്ച തത്തയായി.
മുത്വലാഖ് നിരോധന ബില്ലാണ് രണ്ടാമത്തെത്. മുസ് ലിം സ്ത്രീകളുടെ സംരക്ഷക്കാണെന്ന് പറഞ്ഞാണ് പുതിയ ബില്‍ കൊണ്ടു വന്നത്. മുത്വലാഖ് ചൊല്ലുന്ന പുരുഷന്റെ പേരില്‍ ക്രിമിനല്‍ കേസെടുത്ത് മൂന്ന് വര്‍ഷം കഠിന തടവിന് ശിക്ഷിക്കാമെന്നാണ് ബില്ലിലെ വ്യവസ്ഥ.
ജയിലിലാകുന്ന പുരുഷന്, മുന്‍ഭാര്യക്ക് ജയിലില്‍ കിടന്ന് ജീവനാംശം നല്‍കാന്‍ കഴിയുമോ? പുതിയ നിയമം എങ്ങനെ സ്ത്രീ സംരക്ഷണമാവും?
വ്യക്തി നിയമങ്ങള്‍ക്ക് ഭരണ ഘടനയുടെ 25ാം അധ്യായത്തിന്റെ പരിരക്ഷയുണ്ട്. അത് പോലും സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. മുസ്‌ലിംകള്‍ അപരിഷ്‌കൃതരും നീചന്മാരുമാണെന്ന് പ്രചരിപ്പിക്കലാണ് സംഘ്പരിവാറിന്റെ ലക്ഷ്യം. ഈ ബില്‍ നിയമമായി കഴിഞ്ഞു.
യു എ പി എ ഭേദഗതിയാണ് മറ്റൊരു കുപ്രസിദ്ധ നിയമം. 1967ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടുവന്ന ഈ നിയമം എല്ലാ പൗരാവകാശങ്ങളും ഹനിക്കുന്നതാണ്. യു എ പി എ നിയമം എങ്ങനെ ദുരുപയോഗിക്കുന്നു എന്നതിന് ധാരാളം ഉദാഹരണങ്ങളുണ്ട്. പ്രസ്തുത നിയമത്തിന് കൂടുതല്‍ മൂര്‍ച്ച കൂട്ടുന്നതാണ് പുതിയ ഭേദഗതികള്‍. സംഘടനകളെ മാത്രമല്ല ഏതൊരു വ്യക്തിയെയും ഭീകരനാക്കി കുറ്റം ചുമത്താന്‍ പുതിയ നിയമം സര്‍ക്കാറിന് അധികാരം നല്‍കുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന പൗരാവകാശത്തിന്റെ ലംഘനമാണിത്.
ഭരണഘടനയുടെ 370ാം വകുപ്പ് അനുസരിച്ച് കശ്മീരിന് നല്‍കിയ പ്രത്യേക പദവി എടുത്ത് കളയുന്നതും സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് സംസ്ഥാന പദവി ഒഴിവാക്കി കേന്ദ്ര ഭരണ പ്രദേശമാക്കുന്നതുമാണ് ഒടുവില്‍ വന്ന മാരണ നിയമം. കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ മുഴുവന്‍ ജയിലിലടക്കുകയും സ്‌കൂളുകളും കോളജുകളും അടച്ചിടുകയും ചെയ്ത്, ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷമാണ് പാര്‍ലിമെന്റില്‍ നിയമം കൊണ്ടു വന്നത്. ജനങ്ങളെ പുറത്തിറങ്ങാന്‍ അനുവദിച്ചില്ല. അമര്‍നാഥ് തീര്‍ഥയാത്ര നിര്‍ത്തിവെച്ചു. ടൂറിസ്റ്റുകളോടും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളോടും വിദ്യാര്‍ഥികളോടും എത്രയും വേഗം സംസ്ഥാനം വിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കാശ്മീരില്‍ എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് ജനങ്ങള്‍ ആശങ്കയിലായി.
ജമ്മുകശ്മീരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം അനുവദിക്കുന്ന ഒരു ബില്‍ രാജ്യസഭയില്‍ ചര്‍ച്ചചെയ്യാന്‍ നിശ്ചയിച്ചിരുന്നു. രാവിലെ എം പിമാര്‍ക്ക് ലഭിച്ച രാജ്യസഭാ നടപടികളുടെ നോട്ടീസിലും അതാണുണ്ടായിരുന്നത്. കാലത്ത് 11 മണിക്ക് പ്രസ്തുത ബില്ലവതരിപ്പിക്കാന്‍ ചെയര്‍മാന്‍ ആഭ്യന്തര മന്ത്രി അമിത് ഷായെ ക്ഷണിച്ചു. അമിത് ഷാ ബില്ലവതരിപ്പിക്കാന്‍ എഴുന്നേറ്റു.
കശ്മീരിലെ നേതാക്കളുടെ അറസ്റ്റും ഭീതിജനകമായ അവസ്ഥയും സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും ഇടതുപക്ഷ പാര്‍ട്ടികളും അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. സഭാ ചെയര്‍മാന്‍ അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം ബഹളമുണ്ടാക്കി. ആ ബഹളത്തിനിടയില്‍ ഭരണഘടനയിലെ 370ാം വകുപ്പ് എടുത്തു കളയുന്നതിനുള്ള പ്രമേയവും സംസ്ഥാനം വിഭജിക്കാനുള്ള ബില്ലും അമിത് ഷാ സഭയിലവതരിപ്പിച്ചു.
മുന്‍കൂട്ടി നോട്ടീസ് തരാതെ, ഈ വിധം ബില്ലവതരിപ്പിച്ച ചരിത്രം സഭയിലിന്നേവരെ ഉണ്ടായിട്ടില്ല. ഈ പ്രശ്‌നം പ്രതിപക്ഷം ഉന്നയിച്ച ശേഷം, രാജ്യസഭാ സെക്രട്ടറി ജനറല്‍ പുതുക്കിയ നടപടി ക്രമങ്ങള്‍ അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.
ഭരണഘടനയും പാര്‍ലിമെന്ററി ജനാധിപത്യ മര്യാദകളും തങ്ങള്‍ക്ക് പുല്ലാണെന്ന് പ്രഖ്യാപിക്കുന്ന വിധത്തിലാണ് ബി ജെ പി സര്‍ക്കാര്‍ പെരുമാറിയത്. ഒടുവില്‍ പ്രമേയവും ബില്ലും ഭൂരിപക്ഷം ഉപയോഗിച്ച് പാസ്സാക്കിയെടുത്ത്, അമിത് ഷാ ലോക്‌സഭയിലേക്ക് കുതിച്ചു. അവിടെ കശ്മീര്‍ പ്രമേയം വൈകിട്ട് അവതരിപ്പിച്ചു.
ആര്‍ എസ് എസ് അജന്‍ഡയനുസരിച്ചുള്ള നിയമനിര്‍മാണങ്ങളിലും തൊഴില്‍ നിയമ ഭേദഗതിയിലും കോണ്‍ഗ്രസും ചില സംസ്ഥാന പാര്‍ട്ടികളും വഞ്ചനാപരമായ നിലപാടാണെടുത്തത്. മുത്വലാഖ് നിരോധന നിയമത്തെ കോണ്‍ഗ്രസ് അനുകൂലിച്ച് വോട്ടു ചെയ്തു. എ ഐ എ ഡി എം കെ, ബി ജെ ഡി, ജനതാദള്‍ യു, ടി ആര്‍ എസ്, വൈ എസ് ആര്‍ കോണ്‍ഗ്രസ് എന്നിവര്‍ സര്‍ക്കാറിനനുകൂല നിലപാടാണെടുത്തത്.
മതനിരപേക്ഷത, നവ- ഉദാരവത്കരണ നയങ്ങള്‍ തുടങ്ങിയ പ്രധാന പ്രശ്‌നങ്ങളില്‍ സുവ്യക്തവും ഉറച്ചതുമായ നിലപാടുള്ളത് ഇടതുപക്ഷത്തിന് മാത്രമാണ്. എണ്ണത്തില്‍ കുറവാണെങ്കിലും പാര്‍ലിമെന്റില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞു.
2019ലെ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ബദലാകാന്‍ കോണ്‍ഗ്രസിനും രാഹുല്‍ ഗാന്ധിക്കുമേ സാധിക്കൂ എന്ന് തെറ്റിദ്ധരിച്ചവരുടെ കണ്ണ് തുറപ്പിക്കുന്നതാണ് രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ പാര്‍ലിമെന്റ് സമ്മേളനത്തിലെ അനുഭവങ്ങള്‍.