Articles
പ്രതിപക്ഷത്തിന് ഇത് തിരിച്ചറിവിന്റെ നേരം

കുറ്റങ്ങളും തെറ്റുകളുമൊക്കെ മനുഷ്യ സഹജമാണ്. അത് സ്വയം ബോധ്യപ്പെടുന്നതിലും തിരുത്തുന്നതിലും മേലില്‍ ആവര്‍ത്തിക്കാതെ സൂക്ഷിക്കുന്നതിലുമാണ് മനുഷ്യന്റെ വിവേക ബുദ്ധി പ്രകടമാകേണ്ടത്. പത്തൊമ്പതാം ലോക്‌സഭാ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് ഇന്ത്യയിലെ രാഷ്ട്രീയ കക്ഷികള്‍ സ്വന്തം പിഴവുകള്‍ ജനങ്ങള്‍ക്കു മുമ്പില്‍ ഏറ്റുപറഞ്ഞ് ഏതൊക്കെ രംഗത്ത് എന്തൊക്കെ തിരുത്തലുകള്‍ വേണമെന്ന് പരിശോധിക്കേണ്ട സമയമാണിത്. മുഖ്യപ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ പാര്‍ട്ടിക്ക് സംഭവിച്ച തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് സ്വയം രാജിവെച്ച് മാതൃകകാണിക്കുകയുണ്ടായി. അധ്യക്ഷന്‍ മാത്രമല്ല വര്‍ക്കിംഗ് കമ്മിറ്റി ഒന്നാകെ രാജിവെച്ച് പുതിയ നേതൃത്വം ചുമതല ഏറ്റെടുക്കണമെന്ന് ശശി തരൂര്‍ എം പി പറഞ്ഞത് ആ പാര്‍ട്ടിക്കുള്ളില്‍ വിവാദ വിഷയമായിരിക്കുകയാണ്. കോണ്‍ഗ്രസിന്റെയും സി പി എമ്മിന്റെയുമൊക്കെ പുറംപോക്കില്‍ താത്കാലിക കൂടാരം കെട്ടി താമസിക്കുന്ന ചെറുകിട പാര്‍ട്ടികള്‍ക്ക് ഇത്തരം തിരുത്തലുകളുടെയോ തിരിച്ചറിവുകളുടെയോ ഒന്നും ആവശ്യമില്ല. അവര്‍ക്കൊക്കെ എപ്പോള്‍ വേണമെങ്കിലും കാറ്റിന്റെ ഗതിനോക്കി അങ്ങോട്ടോ ഇങ്ങോട്ടോ ഒക്കെ മാറാകുന്നതെയുള്ളൂ. ദേശീയതലത്തില്‍ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോണ്‍ഗ്രസിനും കേരളത്തിലെങ്കിലും പ്രധാന കക്ഷിയായ സി പി ഐ എമ്മിനും അതല്ലല്ലോ അവസ്ഥ. അവര്‍ ആത്മവിമര്‍ശനപരമായി തങ്ങള്‍ക്ക് സംഭവിച്ച അപ്രതീക്ഷിത തോല്‍വിയുടെ കാരണങ്ങള്‍ വിലയിരുത്തേണ്ടതുണ്ട്. ഈ കാര്യം സി പി എമ്മിന്റെ സംസ്ഥാന കമ്മിറ്റിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി നേതാക്കള്‍ തങ്ങളുടെ അനുഭാവികളുടെ വീടുകള്‍ സന്ദര്‍ശിച്ച് അവിടെയുള്ളവരുമായി ആശയവിനിമയം നടത്തി പരാജയ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ തീരുമാനിച്ചത്.
ഇതുവരെയും ഇവിടുത്തെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍, തങ്ങളെല്ലാം അറിയാവുന്നവരും ജനങ്ങള്‍ ഒന്നും അറിയാത്തവരും ആണെന്ന ധാർഷ്ട്യം വെച്ച് പുലര്‍ത്തിപ്പോന്നിരുന്നു. ജനങ്ങള്‍ വേണമെങ്കില്‍ തങ്ങളില്‍ നിന്ന് വല്ലതും പഠിച്ചോട്ടേ, തങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് ഒന്നും പഠിക്കാനില്ലെന്നും ഉള്ള സമീപനമാണ് അവര്‍ പുലര്‍ത്തിയിരുന്നത്. തങ്ങളുടെ വോട്ടുബേങ്ക് അക്കൗണ്ടിലെ നീക്കിബാക്കി കൃത്യമായി എത്ര വരുമെന്ന് മുന്‍കൂട്ടി പറയാന്‍ ഓരോ പാര്‍ട്ടിയുടെയും പ്രാദേശിക നേതാക്കന്മാര്‍ക്ക് മുമ്പൊക്കെ കഴിയുമായിരുന്നു. അവരും അവരുടെ പ്രവര്‍ത്തന മേഖലയിലെ ജനങ്ങളും അത്രമേല്‍ ആത്മബന്ധം ഒരു കാലത്ത് പുലര്‍ത്തിയിരുന്നു. ആ കാലം കഴിഞ്ഞുപോയി. ഇന്ന് ജനങ്ങള്‍ ആത്മബന്ധം പുലര്‍ത്തുന്നത് രാഷ്ട്രീയ നേതാക്കന്മാരുമായിട്ടല്ല. പിന്നെയോ, തങ്ങളുടെ ടി വി സ്‌ക്രീനില്‍ ഊഴം അനുസരിച്ച് പ്രത്യക്ഷപ്പെടുന്ന വാര്‍ത്താവതാരകരുമായിട്ടാണ്. ചാനലുടമകളുടെ നിക്ഷിപ്ത താത്പര്യങ്ങളുടെ മുഖം മൂടി അഴിഞ്ഞു വീഴാതെ തന്നെ പ്രേക്ഷകരെ തങ്ങളുദ്ദേശിക്കുന്ന തൊഴുത്തില്‍ കൊണ്ടുകെട്ടാനും അവര്‍ക്കു കഴിയുന്നു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് തൊട്ടു പിറ്റെ ദിവസം തന്നെ അവര്‍ കൃത്യമായി ഫലപ്രഖ്യാപനവും നടത്തും. വോട്ടെണ്ണി ഔദ്യോഗിക ഫലപ്രഖ്യാപനം വരുമ്പോള്‍ മിക്കവാറും ഈ ചാനല്‍ പ്രവചനങ്ങള്‍ കൃത്യമായി തന്നെ ഫലിക്കുകയും ചെയ്യുന്നു. എന്താണിതിന്റെ മാജിക് എന്ന കാര്യം ജനങ്ങളെ ആശ്ചര്യപ്പെടുത്തുക തന്നെ ചെയ്യും.
ആശ്ചര്യപ്പെട്ടിട്ടൊന്നും കാര്യമില്ല. ഇനിയങ്ങോട്ടുള്ള കാലം ഇങ്ങനെയൊക്കെയാണ്. ജനങ്ങളുടെ മനസ്സിന്റെ പൂട്ട് തുറക്കാനുള്ള താക്കോല്‍ രാഷ്ട്രീയ നേതാക്കളുടെ കീശയില്‍ നിന്ന് വീണുപോയിരിക്കുന്നു. അത് വീണ്ടെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഇപ്പോഴത്തെ ഈ ഗൃഹസന്ദര്‍ശന പരിപാടി എങ്കില്‍ അത് അഭിനന്ദനീയം തന്നെ.
അഗ്രഹാരങ്ങളിലെ ദാരിദ്ര്യമോ ആനക്കൊട്ടിലുകളിലെ ശോച്യാവസ്ഥയോ ആര്‍ത്തവകാലത്തെ അശുദ്ധിയോ ഒന്നുമല്ല അതിനുമപ്പുറം വേറെ ചില കാരണങ്ങളാണ് കണ്ണൂരില്‍ സുധാകരനെയും കാസര്‍കോട്ട് ഉണ്ണിത്താനെയും വടകരയില്‍ മുരളീധരനെയും അവര്‍ പോലും പ്രതീക്ഷിക്കാത്ത വിജയത്തിലേക്ക് വോട്ടര്‍മാര്‍ തള്ളിയിട്ടതെന്ന് അറിയാവുന്നവര്‍, ഈ ലേഖകനുള്‍പ്പെടെ, ഇടതു രാഷ്ട്രീയാനുഭാവികളുടെ കൂട്ടത്തിലുണ്ട്. ദയവായി ഞങ്ങള്‍ക്ക് പറയാനുള്ളത് കൂടെ നിങ്ങളൊന്ന് കേള്‍ക്കണം. ഞങ്ങള്‍ മുമ്പെന്ന പോലെ ഞങ്ങളുടെ ജീവിത കാലത്ത് നടക്കാനിരിക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും നിങ്ങള്‍ നിങ്ങളുടെ പാര്‍ട്ടിയുടെ കൊടിയും ചിഹ്നവും കൊടുത്തു നിര്‍ത്തുന്ന ഏത് കുറ്റിച്ചൂലിന് വേണമെങ്കിലും കൃത്യമായി വോട്ട് ചെയ്ത് കൊള്ളാം. ഏതായാലും അടുത്ത കാലത്തൊന്നും തമ്മില്‍ ഭേദമായ ഒരു തൊമ്മനും ഈ കേരള രാഷ്ട്രീയത്തില്‍ ആവിര്‍ഭവിക്കാന്‍ പോകുന്നില്ലെന്ന കാര്യം ഉറപ്പാണ്. വോട്ടുചെയ്യല്‍ മാത്രമല്ല രാഷ്ട്രീയം എന്ന് ഞങ്ങളില്‍ ചിലര്‍ക്കൊക്കെയെങ്കിലും ബോധ്യമുണ്ട്. എത്ര വോട്ട് പാഴാക്കി കളഞ്ഞാലാണ് സഫലമായ ഒരു വോട്ടു ചെയ്യാന്‍ കഴിയുക എന്ന കാര്യത്തില്‍ ഉത്തമ ബോധ്യമുള്ളവരാണ് ഞങ്ങള്‍.
ഇതൊന്നുമല്ല ഞങ്ങള്‍ സാധാരണ ജനങ്ങളുടെ പ്രശ്‌നം. അതിവേഗം ഇടതടവില്ലാതെ ഉച്ചരിക്കപ്പെടുന്ന ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് റൈറ്റ് മാര്‍ച്ച് പാസ്റ്റിനിടയില്‍ റൈറ്റേത് ലെഫ്‌റ്റേത് എന്ന് മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കുന്നു. ഈയിടെ കേരളത്തിലെ കത്തോലിക്ക മെത്രാന്മാരുടെ സിനഡ് (കെ സി ബി സി) വക്താവ് പറയുകയുണ്ടായി, ഇടതുപക്ഷവും അവരും തമ്മിലുള്ള ദൂരം വളരെ കുറഞ്ഞു വരികയാണ്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ലീഗും, ലീഗും ബി ജെ പിയും ഒക്കെ തമ്മില്‍ തമ്മില്‍ പാലിച്ചിരിക്കേണ്ട ദൂരം അതിവേഗം കുറഞ്ഞുവരുന്നു എന്നത് ആശങ്ക ഉളവാക്കുന്ന കാര്യം തന്നെയാണ്. അതാണല്ലോ നമ്മള്‍ കര്‍ണാടകയില്‍ കണ്ടത്. മുത്വലാഖ് ബില്‍ പാസാക്കുന്ന കാര്യത്തിലും വിവരാവകാശ നിയമത്തിലെ ഭേദഗതി വിഷയത്തിലുമൊക്കെ ഈ അടുപ്പം രാജ്യസഭയില്‍ നമ്മള്‍ കണ്ടതാണ്. രാജ്യസഭയില്‍ പ്രതിപക്ഷത്തിന് നിലവിലുള്ള ഭൂരിപക്ഷം പോലും തങ്ങള്‍ക്കനുകൂലമായി ഉപയോഗിക്കാന്‍ കഴിയാതെ പോയ പിടിപ്പുകേടിന്റെ ആള്‍ രൂപമായ ഒരു പ്രതിപക്ഷ നിരയെ എത്രതന്ത്രപൂര്‍വമാണ് അമിത് ഷാ തന്റെ അതിവിദഗ്ധമായ ഫ്‌ളോര്‍ മാനേജ്‌മെന്റ് വഴി താന്‍ നാട്ടിയ കുറ്റിയല്‍ കൊണ്ട് കെട്ടിയിട്ടത്. ലീഗിന് വേണ്ടി രാജ്യസഭാംഗത്വം നേടിയ പി വി അബ്ദുല്‍ വഹാബ് എത്ര ലാഘവത്തോടെയാണ് മുത്വലാഖ് ബില്‍ വോട്ടിനിട്ടപ്പോള്‍ വിട്ടു നിന്നത്. ലോക്‌സഭയില്‍ ബില്‍ ചര്‍ച്ചക്കു വന്നപ്പോള്‍ പി കെ കുഞ്ഞാലിക്കുട്ടിയും ഇതേ അടവ് പ്രയോഗിച്ചു. എം പി വീരേന്ദ്രകുമാര്‍, ലോക താന്ത്രിക് ജനതാദള്‍ നേതാവും തന്ത്രപൂര്‍വം വിട്ടു നിന്നു. കേരളാ കോണ്‍ഗ്രസിലെ ജോസ് കെ മാണിയും വോട്ടുചെയ്യാനൊന്നും മിനക്കെട്ടില്ല. എന്‍ സി പിയും എ ഐ ഡി എം കെയും പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്തം നിറവേറ്റാതെ ഭരണകക്ഷിയുടെ താളത്തിനൊത്ത് തുള്ളി. ഒരുപക്ഷേ, ഇത്തരം ഈര്‍ക്കിള്‍ പാര്‍ട്ടികളൊക്കെ അമിത് ഷായില്‍ തങ്ങളുടെ ഭാവി മിശിഹായെ കാണുന്നുണ്ടാകാം. ഇതു തന്നെയാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശാപം. അടുക്കേണ്ടവര്‍ തമ്മില്‍ അകലുന്നു. അകലേണ്ടവര്‍ തമ്മില്‍ അടുക്കുന്നു. താത്കാലിക കാര്യസാധ്യങ്ങള്‍ക്കായി ദീര്‍ഘകാല അബദ്ധങ്ങള്‍ക്ക് വഴിമരുന്നിടുന്നു. തങ്ങള്‍ക്ക് അനിഷ്ടകാരികളായ ഏത് വ്യക്തിയെയും രാജ്യദ്രോഹക്കുറ്റം ചുമത്തി ആജീവനാന്തം തടവിലാക്കാന്‍ വിനിയോഗിക്കാവുന്ന തരത്തില്‍ എന്‍ ഐ എ നിയമം ഭേദഗതിചെയ്യുന്നതില്‍ നിന്ന് കേന്ദ്ര ഭരണകക്ഷിയെ തടയാന്‍ രാജ്യസഭയെ പ്രയോജനപ്പെടുത്താന്‍ കഴിയാതെ പോയ ഒരു പ്രതിപക്ഷത്തെയോര്‍ത്ത് രാജ്യം ലജ്ജിച്ച് തലതാഴ്‌ത്തേണ്ടതുണ്ട്. ഇത് തന്നെയാണ് ജമ്മു കശ്മീര്‍ വിഷയത്തില്‍ രാജ്യസഭയില്‍ സംഭവിച്ചതും.
ജനാധിപത്യ ഭരണക്രമവും താഴെത്തട്ടിലേക്ക് അധികാര വികേന്ദ്രീകരണവും പഴയ നാടുവാഴി വ്യവസ്ഥയുടെ പുനഃസൃഷ്ടിപ്പല്ല. പ്രാദേശിക തലത്തിലുള്ള രാഷ്ട്രീയ പ്രവര്‍ത്തകരായാലും തദ്ദേശീയ സ്വയംഭരണ സ്ഥാപനങ്ങളുടെ നടത്തിപ്പുകാരായാലും അവര്‍ പുലര്‍ത്തിപ്പോരുന്ന അമ്പട ഞാനെന്ന ഭാവം പലപ്പോഴും അരോചകമാകാറുണ്ട്. തൊട്ടതിനും പിടിച്ചതിനുമൊക്കെ അധികാരത്തിന്റെ ഹുങ്കോടെ പോലീസ് അധികാരികളെ വിരട്ടുക, ഉദ്യോഗസ്ഥന്മാരെ അവരുടെ കൃത്യ നിര്‍വഹണത്തില്‍ നിന്ന് തടസ്സപ്പെടുത്തുക, അതിസമ്പന്നന്മാര്‍ക്കും ഇടത്തരം പണക്കാര്‍ക്കും അനുകൂലമായി നിയമം മറികടന്ന് ഒത്താശ ചെയ്യാന്‍ അധികാര കേന്ദ്രങ്ങളില്‍ സ്വാധീനം ചെലുത്തുക തുടങ്ങിയവയൊന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ലെന്ന തിരിച്ചറിവ് ബന്ധപ്പെട്ടവര്‍ക്ക് ഉണ്ടാകണം.
(9446268581)
കെ സി വര്‍ഗീസ്