Alappuzha
ദുരിതമനുഭവിക്കുന്ന മലബാറിന് ആലപ്പുഴയുടെ സഹായം

അമ്പലപ്പുഴ: പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന മലബാറിന് ആലപ്പുഴയുടെ സഹായം. കക്ഷിരാഷ്ട്രീയ ഭേദമന്യേ സമാഹരിച്ച നാല് ലക്ഷത്തോളം രൂപയുടെ സഹായവുമായാണ് ആദ്യ വാഹനം ഞായറാഴ്ച വൈകിട്ട് അമ്പലപ്പുഴ വളഞ്ഞ വഴിയില്‍ നിന്ന് മലബാറിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ വര്‍ഷം പ്രളയ ദുരിതമനുഭവിച്ച ആലപ്പുഴക്ക് ഏറ്റവും കൂടുതല്‍ സഹായം ലഭിച്ചിരുന്നത് മലബാര്‍ മേഖലയില്‍ നിന്നായിരുന്നു.
ഇത്തവണ കാലവര്‍ഷം കലിതുള്ളിയപ്പോള്‍ ഏറ്റവും കൂടുതല്‍ ദുരിതമുണ്ടായ മലബാറിലേക്ക് കൈയും മെയ്യും മറന്നാണ് ആലപ്പുഴയില്‍ നിന്നുള്ളവര്‍ സഹായമെത്തിക്കുന്നത്.
5000 ലിറ്റര്‍ കുടിവെള്ളം, വസ്ത്രം, അരി ഉള്‍പ്പെടെയുള്ള പലചരക്ക് സാധനങ്ങള്‍, പച്ചക്കറി, ബിസ്‌ക്കറ്റ്, പായ, കുട്ടികള്‍ക്കുള്ള വസ്ത്രങ്ങള്‍ തുടങ്ങിയവയാണ് നിലമ്പൂരിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഞായറാഴ്ച കൈമാറിയത്. ശനിയാഴ്ച മുതല്‍ വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച സാധനങ്ങളുമായാണ് ആദ്യ വാഹനം പുറപ്പെട്ടത്. വൈകിട്ട് വളഞ്ഞ വഴിയില്‍ നടന്ന ചടങ്ങില്‍ പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. എച്ച് സലാം അധ്യക്ഷത വഹിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം.ജുനൈദ്, യു.എം.കബീര്‍, സഫീര്‍ പീടിയേക്കല്‍ പ്രസംഗിച്ചു.ദുരിതാശ്വാസ ക്യാമ്പുകളുടെ പട്ടിക ജില്ലാ കലക്ട്രേറ്റില്‍ നിന്ന് നല്‍കിയിട്ടുണ്ട്.