പ്രിയദര്‍ശന്റെ മൃതദേഹം കണ്ടെടുത്തത് ബൈക്കിലിരിക്കുന്ന നിലയില്‍; കവളപ്പാറയില്‍ ഹൃദയം മരവിക്കുന്ന കാഴ്ച

Posted on: August 13, 2019 8:08 pm | Last updated: August 13, 2019 at 8:08 pm

കവളപ്പാറ: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ മലപ്പുറത്തെ കവളപ്പാറയില്‍ നിന്ന് ഓരോ ദിവസവും പുറത്തു വരുന്നത് ഹൃദയം പിളര്‍ക്കുന്നതും കരളലിയിക്കുന്നതുമായ വാര്‍ത്തകള്‍. അപ്രതീക്ഷിതമായ ദുരന്തത്തിന്റെ ആഴം എത്രയാണെന്ന് അറിയാത്ത അവസ്ഥയിലാണ് നാട്ടുകാരും രക്ഷാപ്രവര്‍ത്തകരും. റെയിന്‍കോട്ടും ഹെല്‍മറ്റും ധരിച്ച് ബൈക്കിലിരിക്കുന്ന നിലയിലാണ് പ്രദേശത്തുകാരനായ പ്രിയദര്‍ശന്റെ മൃതദേഹം മണ്ണിനടിയില്‍ നിന്ന് ഇന്ന് കണ്ടെടുത്തത്.

ദുരന്തമുണ്ടായ ദിവസം ശക്തമായ മഴയത്ത് റെയിന്‍കോട്ടും ഹെല്‍മെറ്റും ധരിച്ചാണ് പ്രിയദര്‍ശന്‍ ബൈക്കില്‍ ഇവിടേക്കെത്തിയത്. വീട്ടുമുറ്റത്തേക്ക് ബൈക്ക് ഓടിച്ച് കയറ്റുന്നതിനിടെയാണ് ഉരുള്‍പൊട്ടിയത്. മലവെള്ളപ്പാച്ചിലില്‍ ബൈക്കിലിരിക്കുന്ന നിലയില്‍ ഈ യുവാവ് മണ്ണിനടിയില്‍ പെടുകയായിരുന്നു. വീട്ടുമുറ്റത്ത് നിര്‍ത്തിയിരുന്ന കാറിനും വീടിന്റെ ചുമരിനും ഇടക്കായാണ് മൃതദേഹം കണ്ടെത്തിയത്. കാലുകള്‍ ബൈക്കിനകത്ത് കുരുങ്ങിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഏറെ പണിപ്പെട്ടാണ് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തത്.

വീട്ടിലുണ്ടായിരുന്ന പ്രിയദര്‍ശന്റെ മാതാവ് രാഗിണിയും അമ്മൂമ്മയും ദുരന്തത്തില്‍ പെട്ടു. രാഗിണിയുടെ മൃതദേഹവും രക്ഷാപ്രവര്‍ത്തകര്‍ കണ്ടെടുത്തിട്ടുണ്ട്. അമ്മൂമ്മക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.