വ്യാജ പ്രചാരണം: നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യം- മുഖ്യമന്ത്രി

Posted on: August 11, 2019 12:49 pm | Last updated: August 11, 2019 at 5:03 pm

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനം തടയുന്നതിനായി ചിലര്‍ വ്യാജ പ്രചാരണം അഴിച്ചുവിടുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാറിന് പണം നല്‍കരുതെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നു. ഇത് നാടിനോട് ചെയ്യുന്ന ഹീനമായ കുറ്റകൃത്യാണ്. നാടിനോടും ജനങ്ങളോടും സ്‌നേഹമുള്ള ഒരാള്‍ ഇത്തരം പ്രചാരണം നടത്തില്ല. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പ്രളയദുരിതാശ്വാസ നിധി മറ്റേതെങ്കിലും ആവശ്യത്തിന് ഉപയോഗിക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. ജനങ്ങള്‍ ഇത്തരം വ്യാജ പ്രചാരണങ്ങളില്‍ വീണ് പോകരുത്. വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ കൂട്ടമായി പ്രതിരോധിക്കണം.

ചുമതലപ്പെട്ടവരെ മാത്രമേ ഇനി ക്യാമ്പുകളിലേക്ക് പ്രവേശിപ്പിക്കുകയുള്ളു. സഹായിക്കാനെന്ന വ്യാജേന ചിലര്‍ ചില അടയാളങ്ങളുമായി ക്യാമ്പുകളിലെത്തുന്നു. അത്തരക്കാരെ ക്യാമ്പിലേക്ക് പ്രവേശിപ്പിക്കാന്‍ അനുവദിക്കില്ല. മഴ ഇനിയും ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. രണ്ട് ദിവസം കൂടി സംസ്ഥാനത്ത് ജാഗ്രത തുടരും.

ഉരുള്‍പൊട്ടലില്‍ മണ്ണിനടിയില്‍പ്പെട്ട മുഴുവന്‍ പേരെയും പുറത്തെത്തിക്കും. രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്ടറുകള്‍ എത്തിച്ചു. കവളപ്പാറയില്‍ അഞ്ച് മണ്ണ്മാന്തി യത്രങ്ങള്‍ എത്തിച്ചു. കൂട്ടായ രക്ഷാപ്രവര്‍ത്തനനാണ് എല്ലായിടത്തും നടക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് സഹായം വേണ്ടെന്ന് തിരുവനന്തപുരം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണന്‍ പറഞ്ഞത് തെറ്റിദ്ധാരണ ഉണ്ടാക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. സഹായത്തിനായി ചിലര്‍ വിളിച്ചെന്നും എന്നാല്‍ ഇപ്പോള്‍ സഹായമല്ല രക്ഷാപ്രവര്‍ത്തനമാണ് വേണ്ടെതെന്നുമാണ് കലക്ടര്‍ പറഞ്ഞതെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. എന്നാല്‍, ഇതിനെ സഹായം വേണ്ട എന്ന് കലക്ടര്‍ പറഞ്ഞതായാണ് പ്രചരിപ്പിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ഉചിതമായ നിലപാടാണ് കലക്ടര്‍ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചര്‍ത്തു.