മലബാറിലെ മൂന്ന് ജില്ലകളില്‍ ഇന്ന്‌ റെഡ് അലര്‍ട്ട്

Posted on: August 10, 2019 4:12 pm | Last updated: August 11, 2019 at 11:50 am

കോഴിക്കോട്: കാലവര്‍ഷക്കെടുതികള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മലബാറില്‍ ഇന്ന്‌ കനത്ത മഴക്ക് സാധ്യത. ഇവിടത്തെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍ മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കുന്നത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കുമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ കോഴിക്കോടും മലപ്പുറത്തും റെഡ് അലര്‍ട്ടുണ്ടായിരുന്നു. ഇവിടം മഴക്ക് അല്‍പ്പം കുറവുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ വിഭാഗം പറയുന്നത്.  തെക്കന്‍ മേഖലകളില്‍ ഒരിടത്തും നാളെ റെഡ് അലര്‍ട്ടില്ല.

നാളെ എറണാകുളം, ഇടുക്കി , തൃശൂര്‍ , പാലക്കാട് , മലപ്പുറം, കോഴിക്കോട് ജില്ലകളിലും 12ന് ഇടുക്കി, മലപ്പുറം, കോഴിക്കോട് , വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിജില്ലകളിലും, 13ന് ഇടുക്കി, മലപ്പുറം, വയനാട് എന്നി ജില്ലകളിലും, 14ന് ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
13നും 14നും എറണാകുളം കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട് നല്‍കിയിട്ടുണ്ട്.