Kerala
എട്ട് ജില്ലകളിലായി 80 ഉരുള്‍പൊട്ടലുകള്‍: മരണം 57 ആയി, ഒന്നേമുക്കാല്‍ ലക്ഷം ജനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ - LIVE BLOG

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസമുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 57 ആയി. വയനാട് മേപ്പാടി പുത്തുമലയില്‍ കാണാതായ 18 പേരില്‍ ഒമ്പത് പേരുടെ മൃതദേഹം കണ്ടെത്തി. ഒമ്പത് പേര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുകയാണ്. ഉരുള്‍പൊട്ടലില്‍ ഏറ്റവും കൂടുതല്‍ നാശം വിതച്ച മലപ്പുറം ജില്ലയിലെ പോത്ത്കല്ല് കവളപ്പാറയില്‍ ഇനി 56 പേരെയാണ് കണ്ടെത്താനുള്ളത്. ഇതില്‍ ഇരുപതിലധികം കുട്ടികളാണ്. മണ്ണിനടയില്‍പ്പെട്ടെന്ന് സംശയിക്കുന്ന 63 പേരില്‍ പേരുടെ കവളപ്പാറയില്‍ ഇന്ന് ഒമ്പത് പേരുടെ മൃതദേഹം കണ്ടെടുത്തു. കോഴിക്കോട് ജില്ലയില്‍ ഇന്ന് നാല് പേര്‍ മരിച്ചു.
സംസ്ഥാനത്ത് വൈകിട്ട് അഞ്ച് വരെ 1,45,928 ആളുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിലുള്ളത്. 1221 ക്യാമ്പളാണ്് ക്രമീകരിച്ചിരിക്കുന്നത്.
ശ്രീകണ്ഠാപുരത്ത് മൂന്ന് ദിവസമായി ഭക്ഷണം പോലുമില്ലാതെ കെട്ടിടത്തില്‍ കുടുങ്ങിക്കിടന്ന ഇതര സംസ്ഥാന തൊഴിലാളികളെ മത്സ്യത്തൊഴിലാളികളെത്തി രക്ഷിച്ചു.
ശക്തമായ ഒഴുക്കു കാരണം കഴിഞ്ഞ ദിവസങ്ങളില്‍ ഫയര്‍ഫോഴ്‌സ് ഉപേക്ഷിച്ച ദൗത്യമാണ് മത്സ്യത്തൊഴിലാളികള്‍ പൂര്‍ത്തിയാക്കിയത്.
ശ്രീകണ്ഠാപുരത്ത് ശക്തമായ മഴ തുടരുമ്പോഴാണ് ജീവന്‍ പോലും പണയം വെച്ച് മത്സ്യത്തൊഴിലാളികള്‍ എത്തിയതും ഏഴുപേരുടെ ജീവന്‍ രക്ഷിച്ചതും. കണ്ണൂരില്‍ നിന്നാണ് ബോട്ടുമായി അവരെത്തിയത്.
അതിനിടെ വയനാട്ടിലെ ബാണാസുര സാഗര്‍ ഡാം തുറന്നു. കബനി, മാനന്തവാടി, പനമരം പുഴയോരങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കൂടാതെ പ്രദേശത്ത് റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്നുമണിക്കാണ് ഷട്ടറുകള്‍ തുറന്നത്. നാല് ഷട്ടറുകളാണ് ഡാമിനുള്ളതെങ്കിലും ഒരു ഷട്ടറാണ് ഇപ്പോള്‍ തുറന്നത്.
മധ്യ കേരളത്തില്‍ മഴയില്‍ കാര്യമായ കുറവുണ്ടായി. പെരിയാറിന്റെ തീരങ്ങളില്‍ നിന്നെല്ലാം വെള്ളം ഇറങ്ങാന്‍ തുടങ്ങി. എറണാകുളത്ത് എല്ലായിടത്തും ഗതാഗതം പുനസ്ഥാപിച്ചു. ഇടുക്കിയിലും കോട്ടയത്തും തൃശൂരുമെല്ലാം പലയിടത്തും ഗതാഗതം പുനസ്ഥാപിച്ചു. നെടുമ്പാശ്ശേരി വിമാനത്താവളം നാളെ പൂര്‍ണ പ്രവര്‍ത്തന യോഗ്യമാകും.
കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി തുടരുന്ന രൂക്ഷ മഴയില്‍ എട്ട് ജില്ലകളിലായി 80 ഉരുള്‍പൊട്ടലുകളുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.. മലപ്പുറം കവളപ്പാറ ഭൂദാനം കോളനി, വയനാട് മേപ്പാടി പുത്തുമല എന്നിവിടങ്ങളിലേതാണ് വലിയ അപകടം. മലപ്പുറം മുണ്ടേരകി വാണിയംപുഴയില്‍ 200 ഓളം പേര്‍ കുടുങ്ങിക്കിടക്കുന്നു. ഇവരെ രക്ഷപ്പെടുത്താന്‍ സൈന്യം പുറപ്പെട്ടിട്ടുണ്ട്. ഇവര്‍ക് ഭക്ഷണം എത്തിക്കുന്നതിന് ഹെലികോപ്ടറില്‍ ശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിവിധ ഏജന്‍സികളും പൊതുജനങ്ങളും മത്സ്യ തൊഴിലാളുകളും അടക്കം ജനം ഒന്നാകെ കൈകോര്‍ത്താണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. ആപത്തിന്റെ ഗൗരവും ഉള്‍ക്കൊണ്ട് രക്ഷാപ്രവര്‍ത്തകര്‍ സ്വന്തം ജീവന്‍തന്നെ മറന്ന് പ്രവര്‍ത്തിക്കുന്നു. അര്‍പ്പണബോധത്തോടെ ചുമതല നിറവേറ്റുകയാണ് മുഖ്യമന്ത്രി പറഞ്ഞു.
ജോലിക്കിടെ മരണപ്പെട്ട കെ എസ് ഇ ബി എന്‍ജിനീയര്‍ ബൈജുവിന് മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടേയും യോഗം അനുശോചനം രേഖപ്പെടുത്തി. വയനാട് 180138 പേരെ ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചു. 30000 കുടുംബങ്ങളിലുള്ളവരാണ് ഇത്.