ത്യാഗസ്മരണ പുതുക്കി അറഫാ സംഗമം – LIVE

Posted on: August 10, 2019 1:00 pm | Last updated: August 10, 2019 at 4:39 pm

മിനാ: ഇബ്റാഹീമി ത്യാഗസ്മരണ പുതുക്കി ലോകത്തെ ഏറ്റവും വലിയ മനുഷ്യ സംഗമത്തിന് അറഫാ മൈതാനം ഇന്ന് സാക്ഷിയാകും. മിനായിൽ രാപ്പാർത്ത ഇരുപത് ലക്ഷത്തിലധികം വരുന്ന ഹാജിമാർ മശാഇർ ട്രെയിനിലും ബസുകളിലുമായാണ് പതിമൂന്ന് കിലോമീറ്റർ അകലെയുള്ള അറഫാ മൈതാനിയിൽ എത്തുക. കനത്ത തിരക്ക് ഒഴിവാക്കുന്നതിനായി ഹാജിമാർ വിവിധ മുതവ്വിഫുകൾക്ക് കീഴിൽ രാത്രിയോടെ തന്നെ അറഫ ലക്ഷ്യമാക്കി യാത്ര തിരിച്ചിരുന്നു. ശനിയാഴ്ച ഉച്ചയോടെ അറഫയിലേക്കുള്ള ഹാജിമാരുടെ വരവ് പൂർത്തിയാകും. ചരിത്രപ്രസിദ്ധമായ മസ്ജിദു നമിറയും അറഫാ മൈതാനവും നബി (സ) തങ്ങൾ വിടവാങ്ങൽ പ്രസംഗം നടത്തിയ അറഫാ പർവതവും പരിസരങ്ങളും അഷ്ടദിക്കുകളിൽ നിന്നെത്തിയ ശുഭ്രവസ്ത്രധാരികളെക്കൊണ്ട് നിറഞ്ഞുകവിയും.


ശനിയാഴ്ച ഉച്ചയോടെ അറഫയിലെ നമിറാ പള്ളിയിൽ അറഫാ പ്രസംഗവും നിസ്‌കാരവും നടക്കും. സൂര്യാസ്തമയം വരെ അറഫയിൽ പ്രാർഥനകളിൽ മുഴുകി, മഗ്‌രിബ് നിസ്‌കാര ശേഷം ഹാജിമാർ രാപ്പാർക്കുന്നതിനായി മുസ്ദലിഫയിലെത്തും. മുസ്ദലിഫയിൽ രാപ്പാർക്കുന്ന ഹാജിമാർ മിനായിലെ ജംറകളിൽ എറിയാനുള്ള കല്ലുകൾ ശേഖരിച്ച് ആറ് കിലോമീറ്റർ അകലെ മിനായിൽ വീണ്ടും തിരിച്ചെത്തും. ജംറയിൽ കല്ലേറ് പൂർത്തിയാക്കിയ ശേഷം ഇഫാളയുടെ ത്വവാഫിനായി മസ്ജിദുൽ ഹറമിലേക്ക് നീങ്ങും. ബലിപെരുന്നാൾ ദിവസം ഹാജിമാർ സൂര്യാസ്തമയത്തോടെ മിനായിൽ രാപ്പാർക്കുന്നതിനായി ടെന്റുകളിലേക്ക് തിരിച്ചെത്തും
ഈ വർഷം കനത്ത ചൂടിലാണ് അറഫാ സംഗമം നടക്കുന്നത്. മിനായിലും അറഫയിലും താപനില 42 ഡിഗ്രി സെൽഷ്യസിന് മുകളിലാണ്. സൂര്യാഘാതം തടയുന്നതിനായി തണുത്ത വെള്ളം സ്‌പ്രേ ചെയ്യാൻ പ്രത്യേക വാട്ടർ സ്‌പ്രെയർ സംവിധാനമൊരുക്കിയിട്ടുണ്ട്. ഹാജിമാർക്ക് അറഫാ പ്രഭാഷണം ഇത്തവണ ആറ് ഭാഷകളിൽ കേൾക്കാൻ കഴിയും. ഇംഗ്ലീഷ്, ഫ്രഞ്ച്, ഉർദു, മലായു, പേർഷ്യൻ, തുർകിഷ് ഭാഷകളിൽ അറഫാ പ്രഭാഷണം തത്സമയം ലഭ്യമാകും.