Kerala
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സിനിമയായി ഗുജറാത്തിയിലെ ഹെല്ലാരൊവ തിരഞ്ഞെടുക്കപ്പെട്ടു. മഹാനടിയിലെ അഭിനയത്തിന് കീര്‍ത്തി സുരേഷ് മികച്ച നടിയായി. മികച്ച നടനുള്ള പുരസ്‌ക്കാരം വിക്കി കൗശലും ആയുഷ്മാന്‍ ഖുറാനയും പങ്കിട്ടു. ഉറി ദ സര്‍ജിക്കല്‍ സ്ട്രൈക്ക് എന്ന ചിത്രത്തിലെ അഭിനയമാണ് വിക്കി കൗശലിന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. അന്ധാദുന്‍ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ആയുഷ്മാന്‍ ഖുറാനക്ക് അവാര്‍ഡ് ലഭിച്ചത്.
ഉറി: ദ സര്‍ജിക്കല്‍ സ്ട്രൈക്ക് ഒരുക്കിയ ആദിത്യ ധര്‍ ആണ് മികച്ച സംവിധായകന്‍. എം ജെ രാധാകൃഷ്ണനാണ് മികച്ച ഛായാഗ്രഹനായുള്ള പുരസ്‌ക്കാരം (ചിത്രം: ഓള്). സുഡാനി ഫ്രം നൈജീരിയയാണ് മികച്ച മലയാള ചിത്രം. ചിത്രത്തിലെ അഭിനയത്തിലൂടെ സാവിത്രി ശ്രീധരനും ജോസഫിലെ അഭിനയത്തിന് ജോജു ജോര്‍ജും പ്രത്യേക പരാമര്‍ശത്തിന് അര്‍ഹരായി. ശ്രുതി ഹരിഹരനും മികച്ച നടിക്കുള്ള പ്രത്യേക പരാമര്‍ശത്തിന് അര്‍ഹയായി. ബധായി ഹോ ആണ് മികച്ച ജനപ്രിയ സിനിമ. പാഡ്മാന്‍ സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രമായും മികച്ച പരിസ്ഥിതി സിനിമയായി ദ വേള്‍ഡ്സ് മോസ്റ്റ് ഫേമസ് ടൈഗറും തിരഞ്ഞെടുക്കപ്പെട്ടു.