Connect with us

National

കശ്മീര്‍: രാജ്യസഭാംഗത്വം രാജിവെക്കാന്‍ എം പിമാരോട് ആവശ്യപ്പെട്ട് മെഹ്ബൂബ മുഫ്തി

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നിരുത്തരവാദപരമായ നടപടികളില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ നിന്നും രാജിവെക്കാന്‍ പി ഡി പി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി എം പിമാരോട് ആവശ്യപ്പെട്ടു. വീട്ടുതടങ്കലില്‍ കഴിയുന്നതിനിടെയാണ് അവര്‍ സന്ദേശം കൈമാറിയത്.

രാജിവെക്കുകയോ സഭയില്‍ നിന്ന് വിട്ടുനില്‍ക്കുകയോ വേണമെന്നാണ് മെഹ്ബൂബ മുഫ്തി എം പിമാരോട് പറഞ്ഞതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു. രാജിക്കാര്യം ആലോചിക്കുന്നുണ്ടെന്നും എന്നാല്‍ നേതൃത്വത്തില്‍ നിന്നും കൃത്യമായ നിര്‍ദേശം ലഭിക്കേണ്ടതുണ്ടെന്നും പാര്‍ട്ടി നേതാവ് എം പി ഫയാസ് പറഞ്ഞു. വാര്‍ത്താ വിനിമയ സംവിധാനങ്ങളെല്ലാം വിച്ഛേദിക്കപ്പെട്ടതിനാല്‍ ആരുമായും ആശയവിനിമയം നടത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രത്യേക യോഗം ചേര്‍ന്ന ശേഷം കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കശ്മീര്‍ പ്രശ്‌നം രാഷ്ട്രീയമായാണ് പരിഹരിക്കേണ്ടതെന്ന് പി ഡി പി എം പിമാര്‍ പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തമായ പ്രതിഷേധത്തെ മറികടന്നാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പരിരക്ഷ എടുത്തുകളയുന്ന ബില്‍ അമിത് ഷാ അവതരിപ്പിച്ചത്.

Latest