മരങ്ങള്‍ കടപുഴകി ട്രാക്കിലേക്കു വീണു; ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകിയോടുന്നു

Posted on: August 8, 2019 2:33 pm | Last updated: August 8, 2019 at 11:09 pm

കോഴിക്കോട്/ചാലക്കുടി: കനത്ത മഴയോടൊപ്പം വീശിയടിച്ച കാറ്റില്‍ മരങ്ങള്‍ കടപുഴകി ട്രാക്കിലേക്ക് വീണ് രണ്ടിടങ്ങളില്‍ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു. ചാലക്കുടിക്കും ഇരിങ്ങാലക്കുടക്കും ഇടയിലും കോഴിക്കോട് രണ്ടാം ഗേറ്റിനും നാലാം ഗേറ്റിനും മധ്യേയുമാണ് മരം വീണത്. ഇതേ തുടര്‍ന്ന് ട്രെയിനുകള്‍ മണിക്കൂറുകള്‍ വൈകി. തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി, കൊച്ചുവേളി ലോകമാന്യതിലക്, കൊച്ചുവേളി അമൃത്‌സര്‍ എക്‌സ്പ്രസ് എന്നീ ട്രെയിനുകള്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചിട്ടു.

വൈകിയോടുന്ന ശതാബ്ദി എക്‌സ്പ്രസ് ഒന്നര മണിക്കൂറിലേറെ ആലുവ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടു. എറണാകുളം-നിസാമുദ്ദീന്‍ മംഗള എക്‌സ്പ്രസ് ഒന്നര മണിക്കൂറിലധികം ഇരിങ്ങലാക്കുടയില്‍ പിടിച്ചിട്ടു. നാഗര്‍കോവില്‍-മംഗലാപുരം ഏറനാട് എക്‌സ്പ്രസ് അഞ്ചും മംഗലാപുരം പരശുറാം എക്‌സ്പ്രസ് മൂന്നും മണിക്കൂര്‍ വൈകിയാണ് ഓടുന്നത്.

ഇന്ന് രാവിലെ 12ഓടെയാണ് ചാലക്കുടിക്കും ഇരിങ്ങാലക്കുടക്കും ഇടയിലായി റെയില്‍വേ ട്രാക്കില്‍ മരം വീണത്. ഒരുമണിയോടെ മരം മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം വീണതിനെ തുടര്‍ന്ന് ചെന്നൈ-എഗ്മോര്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ചാലക്കുടിയിലും തിരുവനന്തപുരം കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് ചാലക്കുടിയിലും തിരുവനന്തപുരം-കോഴിക്കോട് ജനശതാബ്ദി എക്‌സ്പ്രസ് ആലുവയിലും ഒരുമണിക്കൂറോളം പിടിച്ചിട്ടു.

ഇന്നത്തെ കൊച്ചുവേളി-അമൃത്സര്‍ എക്‌സ്പ്രസ് 17 മണിക്കൂര്‍ വൈകിയാണ് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെട്ടത്. ഇത് കറുകുറ്റിയില്‍ പിടിച്ചിടുകയും ചെയ്തു. ഇതുപോലെ മറ്റു പല ട്രെയിനുകളും വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.