Articles
കശ്മീരിനൊപ്പം ചരിത്രത്തെയും വെട്ടിമുറിച്ചു

കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദവും 35 എ അനുച്ഛേദവും റദ്ദ് ചെയ്യുകയും ജമ്മുകശ്മീരിനെ വിഭജിക്കുകയും ചെയ്ത നടപടി സംഘ്പരിവാറിന്റെ ജനാധിപത്യത്തിനും ഭരണഘടനക്കുമെതിരായ ആസൂത്രിതമായ നീക്കത്തെയാണ് കാണിക്കുന്നത്. തങ്ങളുടെ ഹിന്ദുരാഷ്ട്ര അജന്‍ഡക്കാവശ്യമായ രീതിയില്‍ ഭരണഘടനയെ തന്നെ പൊളിച്ചെഴുതാനുള്ള നീക്കങ്ങളാണ് സംഘ്പരിവാര്‍ കഴിഞ്ഞ കുറേക്കാലമായി ത്വരിതഗതിയില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. 1998ലെ വാജ്‌പേയ് സര്‍ക്കാര്‍ ഇന്ത്യന്‍ ഭരണഘടനയെ പൊളിച്ചെഴുതാനും തങ്ങളുടെ മതരാഷ്ട്ര അജന്‍ഡ നടപ്പാക്കാനുമായി ഒരു ഭരണഘടനാ കമ്മീഷനെ തന്നെ നിയമിക്കുകയുണ്ടായി. വിദേ്വഷ രാഷ്ട്രീയത്തില്‍ അഭിരമിക്കുന്ന ഹിന്ദുത്വവാദികള്‍ ഇന്ത്യന്‍ ഭരണഘടനയെ കുഴിച്ചു മൂടാനുള്ള അത്യന്തം പ്രതിഷേധജനകമായ ശ്രമങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയുടെ ചരിത്രത്തെയും ഭരണഘടനയെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ചാണ് ഇപ്പോള്‍ സംഘ്പരിവാര്‍ തങ്ങളുടെ ജനാധിപത്യഹത്യയെ ന്യായീകരിച്ചുകൊണ്ടിരിക്കുന്നത്. അതായത് ഇന്ത്യന്‍ ഭരണഘടനയില്‍ ചില സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പദവിയും അവകാശങ്ങളും നല്‍കുന്ന വകുപ്പുകള്‍ കടന്നുവന്നത് ചരിത്രപരമായ കാരണങ്ങളാലാണെന്ന് ഹിന്ദുത്വവാദികള്‍ മറച്ചുപിടിക്കുകയാണ്. കശ്മീരിന് മാത്രമല്ല ഭരണഘടനയില്‍ പ്രത്യേക ആനുകൂല്യങ്ങളും അവകാശങ്ങളും വ്യവസ്ഥ ചെയ്തിരിക്കുന്നത്. 370, 35എ അനുച്ഛേദങ്ങള്‍ എടുത്തു കളഞ്ഞതിനെ അഖണ്ഡതയുടെയും ദേശീയ ഐക്യത്തിന്റെയും വാചകമടികളില്‍ പൊതിഞ്ഞ് ന്യായീകരിക്കുന്ന ബി ജെ പി നേതാക്കളും ചില കോണ്‍ഗ്രസ് നേതാക്കളും ഭരണഘടനയില്‍ വ്യവസ്ഥ ചെയ്യപ്പെട്ട ഫെഡറല്‍ വ്യവസ്ഥകളെക്കുറിച്ച് കുറ്റകരമായ മൗനം പാലിക്കുകയാണ്.
എന്നുമാത്രമല്ല, ഇന്ത്യന്‍ ദേശീയതയുടെ രൂപവത്കരണ പ്രക്രിയയെയും 565ഓളം വരുന്ന നാട്ടുരാജ്യങ്ങളുടെ സംയോജന പ്രക്രിയയെയും സംബന്ധിച്ച അജ്ഞത സൃഷ്ടിച്ചുകൊണ്ടാണ് തങ്ങളുടെ ഹിന്ദുരാഷ്ട്ര സങ്കല്‍പ്പങ്ങള്‍ക്ക് ആവശ്യമായ രീതിയില്‍ ഭരണഘടനയിലെ ജനാധിപത്യ ഫെഡറല്‍ തത്വങ്ങളെ ഇല്ലാതാക്കിക്കൊണ്ടിരിക്കുന്നത്. ഇന്ത്യന്‍ സമൂഹത്തിന്റെ വൈവിധ്യങ്ങളെയും ചരിത്രപരമായ വിഭിന്നതകളെയും ഉള്‍ക്കൊള്ളുകയാണ് ഭരണഘടനയുടെ മതനിരപേക്ഷ ഫെഡറല്‍ വ്യവസ്ഥകളിലൂടെ നമ്മുടെ ദേശീയ നേതൃത്വം ചെയ്തത്. ഇന്ത്യയെ രൂപപ്പെടുത്തിയ സുദീര്‍ഘമായ സ്വാതന്ത്ര്യ സമരത്തിന്റെയും സ്വാതന്ത്ര്യാനന്തരം നടന്ന നാട്ടുരാജ്യങ്ങളുടെ ഇന്ത്യന്‍ യൂനിയനുകളിലേക്കുള്ള സംയോജന നടപടികളുടെയും എതിര്‍ ദിശയില്‍ സഞ്ചരിച്ചവരാണ് ആര്‍ എസ് എസും ഹിന്ദു മഹാസഭയും.
ഇന്ത്യയെ ഏകീകരിക്കാനുള്ള നെഹ്‌റുവിന്റെയും പട്ടേലിന്റെയും വി പി മേനോന്റെയുമൊക്കെ അശ്രാന്തമായ പരിശ്രമങ്ങളെ അപഹസിച്ചവരും തടസ്സപ്പെടുത്തിയവരുമാണ് ആര്‍ എസ് എസ് നേതാക്കള്‍. കശ്മീരിലവര്‍ സ്വതന്ത്ര കശ്മീര്‍വാദം ഉന്നയിച്ച ദോഗ്രി രാജാവിന്റെ കൂടെയായിരുന്നു. കേരളത്തില്‍ തിരുകൊച്ചി രാജാവിന്റെയും സ്വതന്ത്ര തിരുവിതാംകൂര്‍ വാദത്തിന്റെയും അമേരിക്കന്‍ മോഡലിന്റെയും കൂടെയായിരുന്നല്ലോ ആര്‍ എസ് എസുകാര്‍.
ഈ അനിഷേധ്യങ്ങളായ ചരിത്ര വസ്തുതകളെയെല്ലാം മറച്ചു വെച്ചുകൊണ്ടാണ് കശ്മീരിനെ ഇന്ത്യയോടു ചേര്‍ത്ത 370ാം അനുച്ഛേദം ഉള്‍പ്പെടെയുള്ള ഭരണഘടനാ വകുപ്പുകള്‍ ബി ജെ പി സര്‍ക്കാര്‍ റദ്ദ് ചെയ്തിരിക്കുന്നത്. കശ്മീര്‍ പ്രശ്‌നത്തിന്റെ ചരിത്രപരമായ അടിവേരുകളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ ദ്വിരാഷ്ട്രവാദമുയര്‍ത്തിയ മുസ്‌ലിം വര്‍ഗീയവാദികളും ഹിന്ദുത്വവാദികളുമാണ് കശ്മീരിന്റെ ദുരവസ്ഥക്ക് കാരണമെന്ന് കണ്ടെത്താനാകൂ. ഈ മേഖലയിലെ സാമ്രാജ്യത്വ താത്പര്യങ്ങളും അതിര്‍ത്തി ഭീകരതയും കശ്മീരിനെ എന്നും സംഘര്‍ഷാത്മക പ്രദേശമാക്കി നിലനിര്‍ത്തി. കശ്മീര്‍ പ്രശ്‌നത്തെ കൈകാര്യം ചെയ്ത കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും അവസരവാദ നിലപാടുകളുമാണ് അവിടുത്തെ സ്ഥിതിഗതികളെ എന്നും സങ്കീര്‍ണമാക്കി നിര്‍ത്തിയത്.
തങ്ങളുടെ ജനാധിപത്യഹത്യയെ ന്യായീകരിക്കാനായി സംഘികള്‍ ചോദിക്കുന്നത് കശ്മീരിന് മാത്രമെന്തിനാണ് മറ്റ് സംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രത്യേക അവകാശമെന്നാണ്? ജനങ്ങളെ അജ്ഞതയില്‍ നിര്‍ത്തി ഇന്ത്യയുടെ നിലനില്‍പ്പിന്റെ ആധാരമായ ഭരണഘടനാ തത്വങ്ങളെ ഇല്ലാതാക്കാനുള്ള അപരാധപൂര്‍ണമായ നീക്കമാണ് മോദിയും അമിത് ഷായും ആരംഭിച്ചിരിക്കുന്നത്. അതിന് ന്യായയുക്തി പണിയുന്നവര്‍ വസ്തുതകളെയും യാഥാര്‍ഥ്യങ്ങളെയും മറച്ചുപിടിക്കുകയാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ജമ്മു കശ്മീരിന് മാത്രമല്ല പ്രത്യേക അവകാശമുള്ളതെന്ന യാഥാര്‍ഥ്യത്തെ തിരസ്‌കരിക്കുകയാണവര്‍.
മഹാരാഷ്ട്ര, ഗുജറാത്ത്, നാഗാലാന്‍ഡ്, അസാം, മണിപ്പൂര്‍, ആന്ധ്രാ പ്രദേശ്, സിക്കിം, മിസോറാം, അരുണാചല്‍ പ്രദേശ്, ഗോവ, കര്‍ണാടക തുടങ്ങി വിവിധ സംസ്ഥാനങ്ങള്‍ക്ക് ഭരണഘടനയുടെ 371 മുതല്‍ ജെ വരെയുള്ള പ്രത്യേക അവകാശങ്ങള്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളുടെ സാംസ്‌കാരികവും സാമ്പത്തികവുമായ സ്വത്വത്തെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വിവിധ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനാ വ്യവസ്ഥകള്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്. നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും പ്രസ്ഥാനമായ ആര്‍ എസ് എസ് ഒരിക്കലും ഭരണഘടനയുടെ ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെ അംഗീകരിച്ചിരുന്നില്ല.
സുദീര്‍ഘമായ കൊളോണിയല്‍ വിരുദ്ധ സമരത്തിലൂടെ രൂപപ്പെട്ടുവന്ന ഇന്ത്യന്‍ ദേശീയതക്കു പകരം സാംസ്‌കാരിക ദേശീയതയുടെ പ്രചാരകരായിരുന്നല്ലോ അവര്‍. സാംസ്‌കാരിക ദേശീയതയെന്നാല്‍ ഭൂരിപക്ഷ മതത്തെ അടിസ്ഥാനമാക്കിയുള്ള ദേശീയത. ഹിന്ദുമഹാസഭ തൊട്ട് ഭാരതീയ ജനസംഘവും ബി ജെ പിയുമെല്ലാം കശ്മീര്‍ ഉള്‍പ്പെടെയുള്ള സങ്കീര്‍ണമായ എല്ലാ പ്രശ്‌നങ്ങളെയും സമീപിച്ചത് മതാത്മകമായിട്ടായിരുന്നു. ഇന്ത്യന്‍ ദേശീയതയെ രൂപപ്പെടുത്തിയ ബ്രിട്ടീഷ് വിരുദ്ധ സമരത്തിലും നാട്ടുരാജ്യങ്ങളുടെ സംയോജന പ്രക്രിയയിലുമെല്ലാം ഇന്ത്യാ വിരുദ്ധ നിലപാടെടുത്ത ദേശദ്രോഹപരമായ പാരമ്പര്യമാണ് ആര്‍ എസ് എസിനും അതിന്റെ ഇന്നത്തെ രാഷ്ട്രീയ മുഖമായ ബി ജെ പിക്കുമുള്ളത്.
ഇന്ത്യന്‍ ദേശീയതയെയും അതിനെ രൂപപ്പെടുത്തിയ മതനിരപേക്ഷ ഫെഡറല്‍ മൂല്യങ്ങളെയും അസ്ഥിരീകരിച്ചുകൊണ്ടേ ഹിന്ദുരാഷ്ട്രം സാക്ഷാത്കരിക്കാനാകൂ എന്ന നിലപാട് ഹെഡ്‌ഗേവാര്‍ തൊട്ട് മോഹന്‍ ഭഗവത് വരെയുള്ള ആര്‍ എസ് എസ് മേധാവികള്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കുന്നതാണ്. ആര്‍ എസ് എസിന്റെ സൈദ്ധാന്തികാചാര്യനായ ഗോവാള്‍ക്കര്‍ “വിചാരധാര”യിലും മറ്റും ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളോട് കടുത്ത അസഹിഷ്ണുതയാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ബ്രിട്ടീഷ് വിരുദ്ധ സമരക്കാലത്ത് ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിനെതിരെ നിലകൊണ്ട ആര്‍ എസ് എസ് സ്വാതന്ത്ര്യാനന്തരം ആധുനിക ഇന്ത്യയുടെ നിര്‍മിതിയെയും അതിനാധാരമായ ജനാധിപത്യ ഫെഡറല്‍ തത്വങ്ങളെയും നിരന്തരമായി എതിര്‍ത്തു പോരുകയാണ് ചെയ്തത്.
കശ്മീര്‍ പ്രശ്‌നവും ഗോസംരക്ഷണ പ്രസ്ഥാനവുമെല്ലാം ഹിന്ദു മഹാസഭയും ജനസംഘവുമെല്ലാം ഉയര്‍ത്തിയത് ഇന്ത്യയുടെ ജനാധിപത്യ ഫെഡറല്‍ മൂല്യങ്ങളെ അസ്ഥിരീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ്. മതപരമായ ധ്രുവീകരണവും അതിനായുള്ള വര്‍ഗീയവത്കരണവുമായിരുന്നു അവരുടെ എക്കാലത്തെയും അജന്‍ഡ. ഹിന്ദുത്വവാദികളുടെ ചരിത്രബോധമില്ലായ്മയും വിദ്വേഷ സംസ്‌കാരവും അവരെ എന്തും ചെയ്യാന്‍ മടിയില്ലാത്തവരാക്കിയെന്നതാണ് ചരിത്രം. 1949ല്‍ ഭരണഘടന നിര്‍മാണ അസംബ്ലി ഇന്ത്യന്‍ ഭരണഘടനക്ക് അംഗീകാരം നല്‍കിയപ്പോള്‍ ആര്‍ എസ് എസിന്റെ ഇംഗ്ലീഷ് ജിഹ്വയായ ഓര്‍ഗനൈസര്‍ ഇത്തരമൊരു ഭരണഘടന അംഗീകരിക്കാനാകില്ലെന്ന് തുറന്നെഴുതുകയും മനുസ്മൃതിയിലധിഷ്ഠിതമായ ഭരണഘടനക്കു വേണ്ടി വാദിക്കുകയും ചെയ്തു.
ഈയൊരു ചരിത്ര, രാഷ്ട്രീയ പശ്ചാത്തലത്തില്‍ നിന്നുവേണം ഭരണഘടനയുടെ 370 അനുച്ഛേദം റദ്ദുചെയ്ത ബി ജെ പി സര്‍ക്കാറിന്റെ നടപടിയെ പരിശോധിക്കേണ്ടത്. 1846ലെ അമൃത്‌സര്‍ ഉടമ്പടി പ്രകാരം ബ്രിട്ടീഷുകാരില്‍ നിന്ന് ജമ്മുകശ്മീര്‍ വിലക്കുവാങ്ങിയ ദോഗ്ര രാജകുടുംബത്തിന്റെ കാലം മുതല്‍ കശ്മീര്‍ ജനത അനുഭവിച്ചുപോന്നിരുന്ന അവകാശങ്ങളാണ് ഈയൊരു ഭരണഘടനാ വകുപ്പുകളുടെ റദ്ദ് ചെയ്യല്‍ വഴി ഇല്ലാതാക്കപ്പെട്ടിരിക്കുന്നത്. ഇത് കശ്മീരിനെതിരായ ആക്രമണമായി പരിമിതപ്പെടുത്തി കണ്ടുകൂടാ. നമ്മുടെ ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രഘടനയെയും തന്നെ അസ്ഥിരീകരിക്കുന്ന നീക്കമാണിത്.
പല വിദഗ്ധന്മാരും ചൂണ്ടിക്കാണിക്കുന്നതു പോലെ ഈ നടപടി മറ്റ് സംസ്ഥാനങ്ങളുടെ പ്രത്യേക അവകാശങ്ങള്‍ കവരാന്‍ പ്രോത്സാഹനമാകും എന്ന കാര്യം ഗൗരവമായി കാണണം. ഭരണഘടനയുടെ 371ാം അനുച്ഛേദപ്രകാരം ഗുജറാത്ത്, മഹാരാഷ്ട്ര ഗവര്‍ണര്‍ക്ക് ഇപ്പോള്‍ പ്രത്യേക അധികാരങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഗുജറാത്തില്‍ സൗരാഷ്ട്ര, കച്ച് മേഖലകള്‍ക്കും മഹാരാഷ്ട്രയില്‍ വിദര്‍ഭ, മറാഠ്‌വാല മേഖലകള്‍ക്കും സ്വതന്ത്ര വികസനബോര്‍ഡുകള്‍ രൂപവത്കരിക്കാന്‍ ഗവര്‍ണര്‍മാര്‍ക്ക് ഈ അനുച്ഛേദമനുസരിച്ച് പ്രത്യേക അധികാരമുണ്ട്. അതുപോലെ, ഭരണഘടനയില്‍ അസാം, മണിപ്പൂര്‍ സംസ്ഥാനങ്ങള്‍ക്ക് പ്രതേ്യക അവകാശം നല്‍കുന്ന അനുച്ഛേദങ്ങളുമുണ്ട്. 371 ബി അനുച്ഛേദമനുസരിച്ച് അസാമിലെ ഗോത്ര വര്‍ഗ പ്രതിനിധികളുടെ പ്രത്യേക സമിതി രൂപവത്കരിക്കാനുള്ള ഉത്തരവ് പുറപ്പെടുവിക്കാന്‍ രാഷ്ട്രപതിക്ക് അധികാരമുണ്ട്. 371 സി അനുച്ഛേദമനുസരിച്ച് മണിപ്പൂരിലെ പര്‍വത മേഖലകളില്‍ ജനപ്രതിനിധികളുടെ സമിതി രൂപവത്കരിക്കാന്‍ വ്യവസ്ഥയുണ്ട്.
371 ഡി അനുസരിച്ച് ആന്ധ്രാ പ്രദേശില്‍ സര്‍ക്കാര്‍ തസ്തികകളിലെ നിയമനങ്ങളിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ പ്രത്യേക അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ രൂപവത്കരിക്കാന്‍ രാഷ്ട്രപതിക്ക് ഉത്തരവിറക്കാം. 371 ജി പ്രകാരം മിസോറാമിലെ ജാതീയവും സാമൂഹികവുമായ ആചാരങ്ങള്‍, സിവില്‍ ക്രിമിനല്‍ നിയമങ്ങള്‍, ഭൂമി ഉടമസ്ഥാവകാശവും കൈമാറ്റവും, മാമൂല്‍ ഇടപാടുകള്‍ തുടങ്ങിയവയില്‍ മാറ്റം വരുത്തി നിയമം പുറപ്പെടുവിക്കാന്‍ പാര്‍ലിമെന്റിന് അധികാരമില്ല. 371 എച്ച് പ്രകാരം അരുണാചല്‍ പ്രദേശിലെ ക്രമസമാധാന വിഷയങ്ങളില്‍ ഗവര്‍ണറുടെ വാക്കാണ് അന്തിമം. 371 എ പ്രകാരം ഗോവ നിയമസഭയില്‍ 30ല്‍ കൂടുതല്‍ അംഗങ്ങള്‍ പാടില്ലെന്ന വ്യവസ്ഥയുണ്ട്. 371 ജെ അനുസരിച്ച് കര്‍ണാടക- ഹൈദരാബാദ് മേഖലകളിലെ വികസനത്തിനായി പ്രത്യേക നടപടികള്‍ കൈക്കൊള്ളാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട്.
കേന്ദ്ര സര്‍ക്കാറും സംഘ്പരിവാര്‍ സംഘടനകളും ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്കും ഭരണഘടനാഹത്യക്കും നേതൃത്വം നല്‍കി ഇന്ത്യയുടെ ജനാധിപത്യ സംവിധാനങ്ങളെയും രാഷ്ട്രഘടനയെയും ശിഥിലീകരിക്കുകയാണ്. മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ ഒന്നിച്ചു നിന്ന് ഈ ജനാധിപത്യഹത്യയെ പ്രതിരോധിക്കേണ്ടതുണ്ട്. കശ്മീര്‍ ഒരു തുടക്കം മാത്രമാണ്. ഇന്ത്യയെന്ന മഹത്തായ രാജ്യത്തെ അസ്ഥിരീകരിക്കാനും തകര്‍ക്കാനും മാത്രമെ ഇത്തരം നടപടികള്‍ സഹായകരമാകൂ. ഈ സാഹചര്യത്തെ ഉപയോഗിച്ച് ഇന്ത്യാ വിരുദ്ധശക്തികള്‍ ഭീകര പ്രവര്‍ത്തനം തീവ്രമാക്കും. സൈനിക നടപടികളും ഭീകരപ്രവര്‍ത്തനവും കശ്മീരിലെ ജനജീവിതത്തെ കൂടുതല്‍ അസ്വസ്ഥകരവും അസഹനീയവുമാക്കും. അതെല്ലാം ചേര്‍ന്ന സാഹചര്യം കശ്മീര്‍ ജനതയുടെ അന്യവത്കരണത്തെ തീവ്രതരമാക്കുകയും ഇന്ത്യാവിരുദ്ധ ശക്തികള്‍ക്ക് മുതലെടുപ്പിനുള്ള അവസരമൊരുക്കിക്കൊടുക്കുകയും ചെയ്യും.