Connect with us

Editorial

പരീക്ഷാ തട്ടിപ്പില്‍ സമഗ്ര അന്വേഷണം വേണം

Published

|

Last Updated

അതീവ ഗൗരവതരമാണ് പി എസ് സിയുടെ കാസര്‍ക്കോട് ജില്ലാ പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വിവരങ്ങള്‍. യൂനിവേഴ്‌സിറ്റി കോളജിലെ കത്തിക്കുത്ത് കേസില്‍ പ്രതികള്‍ പരീക്ഷയില്‍ വിജയിച്ചതും ഉന്നത റാങ്ക് നേടിയതും ഹൈടെക് കോപ്പിയടിയിലൂടെയാണെന്നാണ് പി എസ് സിയുടെ പരിശോധനാ റിപ്പോര്‍ട്ട് പറയുന്നത്. ശിവരഞ്ജിത്തിന്റെയും പ്രണവിന്റെയും ഫോണില്‍ നിന്ന് പോലീസ് സൈബര്‍ സെല്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പി എസ് സിയുടെ ആഭ്യന്തര വിജിലന്‍സ് വിഭാഗമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇതേ തുടര്‍ന്ന്, ഒന്നാംറാങ്കുകാരന്‍ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരന്‍ പ്രണവ്, 28ാം റാങ്കുകാരന്‍ നസീം എന്നിവരെ റാങ്ക് പട്ടികയില്‍ നിന്ന് നീക്കം ചെയ്തിരിക്കുകയാണ് പി എസ് സി. ഇതുസംബന്ധിച്ച അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഏഴ് പരീക്ഷകളുടെ റാങ്ക് പട്ടിക മരവിപ്പിക്കാനും നിയമന ശിപാര്‍ശ നല്‍കാതിരിക്കാനും തീരുമാനമുണ്ട്. പോലീസിന്റെ ഏഴ് ബറ്റാലിയന്‍ റാങ്ക് പട്ടികകളിലെയും ആദ്യ 100 റാങ്കുകളും അന്വേഷണത്തിനു വിധേയമാക്കും. പിടിയിലായ മൂന്ന് പ്രതികളെയും പി എസ് സിയുടെ തിരഞ്ഞെടുപ്പ് നടപടികളില്‍ നിന്ന് സ്ഥിരമായി അയോഗ്യരാക്കിയ കമ്മീഷന്‍, ക്രമക്കേടിന്റെ വിശദമായ വിവരങ്ങള്‍ കണ്ടെത്താന്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ അന്വേഷണം നടത്താന്‍ പോലീസിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്.

2018 ജൂണ്‍ 22നാണ് കാസര്‍ക്കോട് സിവില്‍ പോലീസ് ഓഫീസര്‍ തസ്തികയിലേക്കുള്ള പരീക്ഷ നടന്നത്. തിരുവനന്തപുരത്തെ പരീക്ഷാ കേന്ദ്രങ്ങളില്‍ വെച്ചാണ് മൂവരും പരീക്ഷ എഴുതിയത്. അന്നേ ദിവസം രണ്ട് മണിക്കും മൂന്നിനുമിടയില്‍ ശിവരഞ്ജിത്തിന്റെ ഫോണിലേക്ക് 96 മെസേജുകളും പ്രണവിന്റെ ഫോണിലേക്ക് 78 സന്ദേശങ്ങളുമെത്തിയിട്ടുണ്ട്. ഒരേ നമ്പറില്‍ നിന്നാണ് രണ്ട് പേര്‍ക്കും സന്ദേശങ്ങളെത്തിയത്. പരീക്ഷയിലെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങളായിരിക്കും ഇതെന്നാണ് കരുതുന്നത്. പി എസ് സി പരീക്ഷ തുടങ്ങുന്നത് രണ്ട് മണിക്കാണ്. അതിനു പത്ത് മിനുട്ട് മുമ്പ് ഉദ്യോഗാര്‍ഥിക്ക് ചോദ്യബുക്ക്‌ലെറ്റ് നല്‍കും. സീല്‍ പൊട്ടിച്ച് രണ്ട് മണിക്ക് ചോദ്യക്കടലാസ് തുറന്ന ഉടനെ രഞ്ജിത്തും പ്രണവും സ്മാര്‍ട്ട് ഫോണോ സ്മാര്‍ട്ട് വാച്ചോ പെന്‍ ക്യാമറയോ ഉപയോഗിച്ച് ചോദ്യങ്ങള്‍ പുറത്ത് ആര്‍ക്കോ എത്തിച്ചു കൊടുത്തിരിക്കണം. പുറത്തുള്ള അവരുടെ സഹായികള്‍ അറിയിച്ചു കൊടുത്ത ഉത്തരങ്ങളായിരിക്കണം ഇരുവരുടെയും ഫോണിലേക്ക് വന്ന മെസേജുകള്‍. പ്രണവിന്റെ സുഹൃത്തും കല്ലറ സ്വദേശിയുമായ പേരൂര്‍ക്കട എസ് എ പി ക്യാമ്പിലെ ഒരു പോലീസുകാരനാണ് ഇവരെ സഹായിച്ചതെന്നാണ് വിജിലന്‍സ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്.

ഉദ്യോഗാര്‍ഥികള്‍ പരീക്ഷാ ഹാളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നാണ് ചട്ടം. പരീക്ഷ നടക്കുന്നതിനു മുമ്പ് ഇന്‍വിജിലേറ്റര്‍മാര്‍ ഫോണുകള്‍ അവരുടെ അടുത്തുള്ള മേശയില്‍ വെക്കാന്‍ ആവശ്യപ്പെടും. എങ്കിലും പലരും അത് പാലിക്കാറില്ല. ഫോണ്‍ മേശയില്‍ വെക്കാതെ ഉദ്യോഗാര്‍ഥിക്ക് ഫോണുപയോഗിച്ച് തട്ടിപ്പ് നടത്താനാകും. രണ്ട് ഫോണ്‍ കൊണ്ടു വന്ന ശേഷം, ഇന്‍വിജിലേറ്ററുടെ നിര്‍ദേശം പാലിച്ചുവെന്നു വരുത്താന്‍ ഒരു ഫോണ്‍ മേശയില്‍ വെച്ചശേഷം രണ്ടാമത്തെ ഫോണ്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരുമുണ്ട്. പി എസ് സിയുടെ പഴയ ഏതെങ്കിലും ചോദ്യക്കടലാസ് കൈയില്‍ കരുതിയ ശേഷം പുതിയത് കൈയില്‍ കിട്ടിയാല്‍ അത് പുറത്തേക്ക് എറിയുന്ന രീതിയുമുണ്ട് പരീക്ഷാ തട്ടിപ്പിലെന്നു പറയപ്പെടുന്നു. പ്രസ്തുത ചോദ്യപ്പേപ്പര്‍ കൈവശപ്പെടുത്തിയ ശേഷം പുറത്തുള്ള സഹായികള്‍ മറ്റേതെങ്കിലും കേന്ദ്രത്തിലിരുന്നു ഉത്തരങ്ങള്‍ കണ്ടെത്തി അത്യാധുനിക സൗകര്യങ്ങളോടെ ഉദ്യോഗാര്‍ഥിയെ അറിയിക്കും.
ശിവരഞ്ജിത്തും പ്രണവും പരീക്ഷയില്‍ വരുത്തിയ തെറ്റുകള്‍ക്ക് സാമ്യമുണ്ടെന്ന് പി എസ് സി പരിശോധനയില്‍ കണ്ടെത്തിയതും ബിരുദ പരീക്ഷയിലെ ആദ്യ നാല് പരീക്ഷയിലെ ശിവരഞ്ജിത്തിന്റെ നിലവാരവും പരീക്ഷയില്‍ കൃത്രിമം നടന്നിട്ടുണ്ടെന്ന സംശയം ബലപ്പെടുത്തുന്നു. കേരള സര്‍വകലാശാലയുടെ എം എ ഫിലോസഫി 2014 മുതലുള്ള ആദ്യ നാല് സെമസ്റ്ററുകളിലും ശിവരഞ്ജിത്ത് തോല്‍ക്കുകയായിരുന്നു. 2016ലെ രണ്ട് പരീക്ഷകളിലും ഉയര്‍ന്ന മാര്‍ക്കോടെ വിജയിക്കുകയും ചെയ്തു. അവസാന വര്‍ഷത്തെ ഈ വിജയം വളഞ്ഞ വഴിയിലൂടെ നേടിയതായിരിക്കാനാണ് സാധ്യതയെന്ന് അധികൃതര്‍ കരുതുന്നു. പോലീസ് റാങ്ക് പട്ടികയിലെ 28ാം റാങ്കുകാരനായ രണ്ടാം പ്രതി എ എന്‍ നസീമിനും എം എ ഫിലോസഫി ആദ്യ സെമസ്റ്ററില്‍ രണ്ട് ശ്രമം നടത്തിയിട്ടും തോല്‍വിയായിരുന്നു.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും വര്‍ഷം തോറും ആയിരക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കി, കുറ്റമറ്റ രീതിയില്‍ നടന്നു വരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന പി എസ് സിയുടെ വിശ്വാസ്യതക്ക് പോറലേല്‍പ്പിക്കുന്ന സംഭവമാണ് ഇപ്പോള്‍ പുറത്തുവന്ന പരീക്ഷാ തട്ടിപ്പ്. ഇത്തരമൊരു സ്ഥാപനം നടത്തുന്ന പരീക്ഷയില്‍ പഠനകാലത്ത് അക്രമ രാഷ്ട്രീയവും ഗുണ്ടായിസവുമായി നടന്നവര്‍ ഉയര്‍ന്ന റാങ്കിലെത്തുകയും സ്‌കൂളുകളിലും കോളജിലും അധ്വാനിച്ചു പഠിച്ച് ഉന്നത മാര്‍ക്ക് വാങ്ങിയവര്‍ താഴ്ന്ന റാങ്കില്‍ നില്‍ക്കുകയും ചെയ്യാനിടവരുന്നത് നാണക്കേടാണ്. പരീക്ഷയില്‍ നടന്ന ക്രമക്കേടുകളില്‍ പി എസ് സിക്ക് ഒരു പങ്കുമില്ലെന്നാണ് ചെയര്‍മാന്‍ എം കെ സക്കീര്‍ പറയുന്നത്. പരീക്ഷാ കണ്‍ട്രോളര്‍ ഉള്‍പ്പെടെ പി എസ് സിയുടെ ഭാഗത്ത് നിന്ന് ഒരു വീഴ്ചയുമുണ്ടായിട്ടില്ലത്രെ. പരീക്ഷാ ഹാളില്‍ നടക്കുന്ന അപാകത റിപ്പോര്‍ട്ട് ചെയ്യേണ്ടത് ഇന്‍വിജിലേറ്ററും മറ്റ് ഉദ്യോഗാര്‍ഥികളുമാണ്. ഇത്തരത്തിലുള്ള എല്ലാ പരാതികളിലും നടപടിയെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ടായില്ല, പതിനായിരക്കണക്കിന് ഉദ്യോഗാര്‍ഥികളെ ആശങ്കയുടെ മുള്‍മുനയില്‍ നിർത്തുന്ന ഈ സംഭവത്തില്‍ പഴുതുകളടച്ചുള്ള സമഗ്രമായ അന്വേഷണം ആവശ്യമാണ്. രാഷ്ട്രീയത്തിന്റെയോ മറ്റോ സ്വാധീനത്തില്‍ കുറ്റവാളികള്‍ രക്ഷപ്പെടാന്‍ ഇടവരരുത്.

Latest