Connect with us

National

ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ റൂട്ടുകളില്‍ ട്രെയിനുകളുടെ വേഗം കൂട്ടും; അനുമതിയായി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി-മുംബൈ, ഡല്‍ഹി-ഹൗറ റൂട്ടുകളില്‍ ട്രെയിനുകളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി. ട്രെയിനുകളുടെ വേഗം വര്‍ധിപ്പിക്കാനുള്ള നടപടിയുടെ ആദ്യ ഘട്ടമായാണ് ഈ രണ്ടു റൂട്ടുകളിലും വേഗം കൂട്ടുന്നത്. യാത്രാ വണ്ടികളുടെ വേഗം 60 ശതമാനം വരെ ഉയര്‍ത്താനുള്ള മിഷന്‍ റാഫ്താര്‍ പദ്ധതിക്ക് റെയില്‍വേ നേരത്തെ രൂപം നല്‍കിയിരുന്നു. വേഗം കൂട്ടാനും സുരക്ഷാ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിനും വേണ്ടി ഡല്‍ഹി-മുംബൈ റൂട്ടില്‍ 6806 ഉം ഡല്‍ഹി-ഹൗറ റൂട്ടില്‍ 6685 ഉം കോടി രൂപയാണ് റെയില്‍വേ ചെലവ് പ്രതീക്ഷിക്കുന്നത്.

1483 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-മുംബൈ പാത ഏഴ് സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പാതയില്‍ ട്രെയിനുകളുടെ വേഗം 160 കിലോമീറ്ററാക്കുന്നതോടെ ഡല്‍ഹിക്കും മുംബൈക്കും ഇടയിലെ യാത്രാ സമയത്തില്‍ മൂന്നര മണിക്കൂറിന്റെ കുറവുണ്ടാകും. റൂട്ടില്‍ പുതിയ സെമി-ഹൈസ്പീഡ് ട്രെയിന്‍ സര്‍വീസ് ആരംഭിക്കാനും റെയില്‍വേക്ക് പദ്ധതിയുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്നതും 1525 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്നതുമായ ഡല്‍ഹി-ഹൗറ റെയില്‍ പാതയില്‍ ട്രെയിനുകള്‍ കൂടുതല്‍ വേഗം കൈവരിക്കുന്നതോടെ യാത്രാസമയത്തില്‍ അഞ്ചു മണിക്കൂര്‍ ലാഭിക്കാനാകും. വന്ദേഭാരത് എക്‌സ്പ്രസ് ഉള്‍പ്പടെയുള്ള അതിവേഗ ട്രെയിനുകള്‍ ഈ റൂട്ടില്‍ ആരംഭിക്കാനും റെയില്‍വേ ആലോചിക്കുന്നുണ്ട്. ഇരു റൂട്ടിലെയും പദ്ധതികള്‍ 2023ഓടെ പൂര്‍ത്തീകരിക്കാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.

---- facebook comment plugin here -----

Latest