നിരോധനാജ്ഞയും ഉപരോധവും; കുടുംബത്തെ ഓര്‍ത്ത് ആശങ്കയേടെ സംസ്ഥാനത്തിന് പുറത്തെ കശ്മീരികള്‍

Posted on: August 7, 2019 12:22 pm | Last updated: August 7, 2019 at 2:05 pm

ന്യൂഡല്‍ഹി: ‘തെരുവകള്‍ നിറയെ പട്ടാളം, ആശയ വിനിയമ ഉപാധികള്‍ ഇല്ല. ഒപ്പം നിരോധനാജ്ഞയും’- തങ്ങളുടെ കുടുംബത്തിന്റയും സുഹൃത്തുക്കളുടെയുമെല്ലാം അവസ്ഥ ഓര്‍ത്ത് കണ്ണീര്‍ പൊഴിക്കുകയാണ് സംസ്ഥാനത്തിന് പുറത്തുള്ള കശ്മീരികള്‍. രണ്ട്, മൂന്ന് ദിവസങ്ങളായി മാതാപിതാക്കളോടും സുഹൃത്തുക്കളോടും ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ഇവര്‍ പറയുന്നു. അങ്ങേയറ്റം അസഹനീയമാണ് ഈ സാഹചര്യമെന്നും കശ്മീരികള്‍ പറയുന്നു.

പ്രതിഷേധിക്കാനോ പുറത്തിറങ്ങാനോ കഴിയാതെ കശ്മീരികളെ മാനസികമായി പീഡിപ്പിക്കുകയെന്നാണ് ഒരാള്‍ ട്വിറ്ററില്‍ കുറിച്ചത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയതിനെതിരെ ലോകത്തുള്ള എല്ലാവരും അഭിപ്രായം പറയുമ്പോള്‍ തങ്ങളുടെ അഭിപ്രായം പോലും തുറന്നുപറയാന്‍ വഴിയില്ലാത്ത അവസ്ഥയിലാണ് കശ്മീരികളെന്നാണ് ഇവര്‍ പറയുന്നത്.

‘ഞാന്‍ വല്ലാത്ത ഭീതിയിലാണ്. എന്റെ കുടുംബത്തെക്കുറിച്ചോര്‍ത്ത് നല്ല പേടിയുണ്ട്. കുടുംബത്തെയും സുഹൃത്തുക്കളെയും കുറിച്ച് ഒരു വിവരവും ലഭിക്കാതെ വരുമ്പോള്‍ ഭീതിയുണ്ടാവുന്നത് സ്വാഭാവികമാണ്.’ ഒരു മാസം മുമ്പ് ജോലി തേടി കശ്മീര്‍ വിട്ട മാമൂന്‍ റോഷാന്‍ഗര്‍ പറഞ്ഞതായി ഒരു അന്താരാഷ്ട്ര മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

26 വര്‍ഷമായി കശ്മീരിലെ സംഘര്‍ഷങ്ങള്‍ക്കിടയില്‍ ജീവിച്ച മാമൂന്‍ ആദ്യമായാണ് ഒരു കര്‍ഫ്യൂ സമയത്ത് വീടുവിട്ട് നില്‍കുന്നത്. ഇതിനേക്കാള്‍ നല്ലത് ഞാന്‍ കശ്മീരില്‍ തന്നെ നില്‍ക്കുന്നതായിരുന്നു. അങ്ങനെയെങ്കില്‍ മാതാപിതാക്കള്‍ സുരക്ഷിതരാണോയെന്നെങ്കിലും അറിയാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.