സുഷമ സ്വരാജിന് അന്ത്യാഞ്ജലി; സംസ്‌കാരം വൈകിട്ട് ഡല്‍ഹിയില്‍

Posted on: August 7, 2019 9:26 am | Last updated: August 7, 2019 at 1:41 pm

ന്യൂഡല്‍ഹി: അന്തരിച്ച മുന്‍ വിദേശകാര്യ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സുഷമ സ്വരാജിന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് വൈകിട്ട് നടക്കും. എയിംസില്‍നിന്ന് പുലര്‍ച്ചെയോടെ ഭൗതികശരീരം ഡല്‍ഹിയിലെ വസതിയിലെത്തിച്ചു. ഇന്ന് രാവിലെ 11 മണി വരെ മൃതദേഹം വസതിയിലും 12 മുതല്‍ മൂന്ന് മണി വരെ ബിജെപി ആസ്ഥാനത്തും പൊതുദര്‍ശനത്തിന് വെക്കും. ഇതിനുശേഷം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ റോഡ് വൈദ്യുത ലോധി ശ്മശാനത്തില്‍ മൃതദേഹം സംസ്‌കരിക്കും.

ഹൃദയാഘാതത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഡല്‍ഹി എയിംസ് ആശുപത്രിയിലായിരുന്നു സുഷമ സ്വരാജിന്റെ അന്ത്യം. സുഷമ സ്വരാജിന്റെ വിയോഗവാര്‍ത്തയറിഞ്ഞ് കേന്ദ്രമന്ത്രിമാരും ബി ജെ പി നേതാക്കളും എയിംസ് ആശുപത്രിയിലെത്തിയിരുന്നു. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, നിര്‍മലാ സീതാരാമന്‍, എസ് ജയശങ്കര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍ഷവര്‍ധന്‍, പ്രകാശ് ജാവേദ്ക്കര്‍, സ്മൃതി ഇറാനി തുടങ്ങിയവരും ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. രാഷ്ട്രീയസാമൂഹികസാംസ്‌കാരിക രംഗത്തെ നിരവധി പേര്‍ ഡല്‍ഹിയിലെ വസതിയിലെത്തി സുഷമ സ്വരാജിന് ആദരാഞ്ജലി അര്‍പ്പിച്ചു.