ചന്ദ്രയാൻ രണ്ട്: അവസാനവട്ടവും വിജയകരം

Posted on: August 6, 2019 7:19 pm | Last updated: August 7, 2019 at 1:21 am


ബെംഗളൂരു: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാൻ രണ്ടിന്റെ അവസാനവട്ടത്തിലെ ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയായി. ഇന്നലെ ഉച്ചക്ക് 3.04 നാണ് അവസാന ഘട്ടത്തിലെ ഭ്രമണപഥം ഉയർത്തൽ പൂർത്തിയായത്. 17 മിനുട്ട് 35 സെക്കൻഡ് നേരത്തേക്ക് പേടകത്തിലെ പ്രൊപ്പൽഷൻ സംവിധാനം പ്രവർത്തിപ്പിച്ചാണ് ഭ്രമണപഥം ഉയർത്തിയത്.

ഭൂമിയിൽ നിന്നുള്ള ഏറ്റവും അടുത്ത ദൂരം 276 കിലോമീറ്ററും അകന്ന ദൂരം 1,42,975 കിലോമീറ്ററുമായ ഭ്രമണപഥത്തിൽ പേടകം എത്തിയതായി ഐ എസ് ആർ ഒ അധികൃതർ അറിയിച്ചു. ചന്ദ്രയാൻ രണ്ട് പേടകം ഇനി നേരെ ചന്ദ്രനിലേക്ക് പ്രവേശിക്കും. ഈ മാസം 14 നാണ് പേടകം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്ര തുടങ്ങുക.

ഐ എസ് ആർ ഒയുടെ കണക്കനുസരിച്ച് ഈ മാസം20ന് ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തും. സെപ്തംബർ ഏഴിന് ചന്ദ്രയാൻ ചന്ദ്രനിൽ ഇറങ്ങുമെന്നാണ് ബഹിരാകാശ ശാസ്ത്രജ്ഞരുടെ കണക്കുകൂട്ടൽ. കഴിഞ്ഞ ദിവസം പേടകത്തിന്റെ നാലാമത്തെ ഭ്രമണപഥം വിജയകരമായി ഉയർത്തിയിരുന്നു. ഇന്ത്യൻ സമയം 3.27നായിരുന്നു ഇത്.
ചന്ദ്രയാൻ രണ്ടിൽ നിന്ന് ലഭിച്ച ആദ്യ ചിത്രങ്ങൾ കഴിഞ്ഞ ദിവസം ഐ എസ് ആർ ഒ പുറത്തുവിട്ടിരുന്നു. നീല നിറത്തിലുള്ള ഭൂമിയുടെ മനോഹരമായ ചിത്രമാണ് ലഭിച്ചത്. ചന്ദ്രയാൻ-രണ്ടിലെ വിക്രം ലാൻഡർ എൽ 14 ക്യാമറ ഉപയോഗിച്ച് എടുത്ത ചിത്രമാണിതെന്ന് ഐ എസ് ആർ ഒ അറിയിച്ചു.

ഒരു വർഷം ചന്ദ്രനെ ചുറ്റുന്ന ഓർബിറ്റർ, ചന്ദ്രോപരിതലത്തിലിറങ്ങുന്ന ലാൻഡർ, റോവർ എന്നീ ഭാഗങ്ങളടങ്ങിയതാണ് ചന്ദ്രയാൻ രണ്ട്. വിക്രം സാരാഭായിയോടുള്ള ആദര സൂചകമായി വിക്രം എന്നാണ് ലാൻഡിംഗ് മൊഡ്യൂളിന് നൽകിയിരിക്കുന്ന പേര്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലായിരിക്കും ചന്ദ്രയാൻ രണ്ട് റോവർ ഇറങ്ങുക.

ഇതു വരെ ഒരു ബഹിരാകാശ വാഹനവും ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങിയിട്ടില്ല. ചന്ദ്രയാൻ ഒന്നാം ദൗത്യത്തിലുൾപ്പെടെ ഉപരിതലത്തിൽ ഇടിച്ചിറങ്ങുന്ന രീതിയാണ് ഐ എസ് ആർ ഒ അവലംബിച്ചിരുന്നത്. ഇത്തവണ സോഫ്റ്റ് ലാൻഡിംഗിന് ശ്രമിക്കുകയാണ് ഐ എസ് ആർ ഒ.

ഇന്ത്യക്ക് മുമ്പ് ഈ രീതി പരീക്ഷിച്ച് വിജയിച്ചിട്ടുള്ളത് അമേരിക്കയും ചൈനയും റഷ്യയും മാത്രമാണ്. റോവറിന്റെ പേര് “പ്രഗ്യാൻ’ എന്നാണ്. ചന്ദ്രന്റെ ഉപരിതലത്തിൽ ഇറങ്ങി നിരീക്ഷണങ്ങൾ നടത്തുകയാണ് “പ്രഗ്യാന്റെ’ ദൗത്യം. ജൂലൈ 22നാണ് ജി എസ് എൽ വി മാർക്ക് ത്രീ റോക്കറ്റിൽ ചന്ദ്രയാൻ രണ്ട് ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാൻ സ്‌പേസ് സെന്ററിൽ നിന്ന് കുതിച്ചുയർന്നത്.