Kerala
പോലീസൊരുക്കിയ തിരക്കഥ; നാലാം നാള്‍ ജാമ്യം

തിരുവനന്തപുരം: സിറാജ് തിരുവനന്തപപുരം യൂണിറ്റ് ചീഫ് കെ എം ബഷീറിനെ ദാരുണമായി കൊലപ്പെടുത്തി 304-ആം വകുപ്പ് ചുമത്തപ്പെട്ട ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിലൂടെ തെളിയുന്നത് കേസ് അട്ടിമറിക്കാനുള്ള പോലീസിന്റെ തിരക്കഥകള്‍. തെളിവുകളില്ലാതാക്കി പ്രതികളെ എങ്ങനെ രക്ഷപ്പെടുത്താമെന്നതിന്റെ തെളിവായി മാറുകയാണ് ഈ കേസ്.
ശനിയാഴ്ച പുലര്‍ച്ചെ അപകടമുണ്ടായതുമുതല്‍ ശ്രീറാമിനെ രക്ഷിക്കാനുള്ള നീക്കങ്ങളായിരുന്നു പോലീസിന്റെ ഭാഗത്തു നിന്നുണ്ടായത്. രക്ത സാമ്പിളിന്റെ പരിശോധന വൈകിപ്പിച്ചതാണ് അതില്‍ ഏറ്റവും പ്രധാനം. പരിശോധനക്ക് ഒമ്പത് മണിക്കൂറെടുത്തു എന്നത് വലിയ വീഴ്ചയാണ്. വിരലടയാള പരോധനയിലും വീഴ്ചയുണ്ടായി.
സംഭവ സ്ഥലത്ത് വെച്ചു തന്നെ അപകടം ഉണ്ടാക്കിയ കാറിലുണ്ടായവരെ തിരിച്ചറിഞ്ഞിരുന്നെങ്കിലും പേരു വിവരങ്ങള്‍ എസ് ഐ ജയപ്രകാശ്. എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിട്ടില്ല. മാത്രമല്ല ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമം 279, 304 എ എന്നീ വകുപ്പുകള്‍ പ്രകാരമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തത്. 279 ാം വകുപ്പ് പ്രകാരം അമിത വേഗതയില്‍ അപകടമാം വിധം വാഹനമോടിച്ചതിനും 304 എ പ്രകാരം മനഃപൂര്‍വമല്ലാത്ത നരഹത്യക്കുമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വാഹനമോടിച്ചത് ആരാണ് എന്നതിന് അറിയില്ല എന്നാണ് എഫ് ഐ ആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മദ്യപിച്ചു വാഹനമോടിച്ചുവെന്ന പരാമര്‍ശവും എഫ് ഐ ആറിലില്ല. പ്രതികള്‍ക്ക് ജാമ്യം ലഭിക്കുന്ന തരത്തിലായിരുന്നു എഫ് ഐ ആര്‍ തയ്യാറാക്കിയിരുന്നത്. പിന്നീട് മാധ്യമങ്ങളുടേയും ബന്ധപ്പെട്ടവരുടേയും നിരന്തര സമ്മര്‍ദത്തിനൊടുവിലാണ് ജാമ്യമില്ലാ വകുപ്പ് ചാര്‍ജ് ചെയ്യുന്നതും വെങ്കിട്ടരാമനെ റിമാന്‍ഡ് ചെയ്യുന്നതും.
ആദ്യഘട്ടത്തില്‍ പൂര്‍ണ വൈദ്യപരിശോധന നടത്തിയെന്ന് പറഞ്ഞിരുന്ന പോലീസ് ശ്രീറാമിന്റെ രക്ത സാമ്പിള്‍ എടുത്തിരുന്നില്ല. ഒപ്പം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാന്‍ പോലീസ് അവസരവും നല്‍കിയിരുന്നു. ഇത് പരിശോധനാ ഫലത്തെ സ്വാധീനിക്കുമെന്ന് നേരത്തേ ആക്ഷേപം ഉയര്‍ന്നിരുന്നു.
മ്യൂസിയം എസ് ഐ യെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അതിനു മുമ്പു തന്നെ ശ്രീറാമിനു രക്ഷപ്പെടാനുള്ള മുഴുവന്‍ പഴുതുകളും പോലീസിന്റെ നടപടി മൂലം ഉണ്ടായിരുന്നു. ശ്രീറാമിന് സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാനുള്ള അവസരുക്കിയതു മുതല്‍ തുടങ്ങുന്നു ഒളിച്ചു കളികള്‍. ഒരു ദിവസം പോലും ജയിലില്‍ കിടന്നില്ല എന്ന് മാത്രമല്ല, മെഡിക്കല്‍ കോളജിലെ മെഡിക്കല്‍ സെല്ലില്‍ പോലും ശ്രീറാമിന് കഴിയേണ്ടി വന്നില്ല. സ്വകാര്യ ആശുപത്രിയില്‍ ആദ്യം ഫൈവ്സ്റ്റാര്‍ സുഖവാസം, പിന്നീട് മജിസ്‌ട്രേറ്റ് ജയിയിലിലേക്ക് മാറ്റിയെങ്കിലും ജയില്‍ കവാടത്തില്‍ നിര്‍ത്തി മെഡിക്കല്‍ കോളജിലേക്ക്. പിന്നീട് പലതരം ഐസിയുവില്‍ കയറ്റി ഇറക്കുന്നു, മാനസിക സമ്മര്‍ദമുണ്ടെന്ന് വിശദീകരണം, കൃത്യമായി മെഡിക്കല്‍ ബുള്ളറ്റിനുമില്ല… തിരക്കഥ ഇങ്ങനെ നീങ്ങുന്നതിനിടയിലാണ് ജാമ്യം.
സമൂഹത്തിനു മാതൃകയാവേണ്ടൊരു ഉന്നത ഉദ്യോഗസ്ഥന്‍ മദ്യപിച്ച് ലെക്കുകെട്ട് നിയമലംഘനം നടത്തി മാധ്യമപ്രവര്‍ത്തകനെ കാറിടിച്ച് കൊലപ്പെടുത്തിയിട്ടും മദ്യപിച്ച് വാഹനമോടിച്ചതിന് തെളിവുകളില്ലെന്നായിരുന്നു കണ്ടെത്തല്‍. പോലീസ് രക്ത സാമ്പിളുകള്‍ ശേഖരിച്ചുവെങ്കിലും മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ല എന്നത് ജാമ്യത്തിനു കാരണമായി. ശക്തമായ സാക്ഷിമൊഴിയും രഹസ്യമൊഴിയും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിട്ടും ജാമ്യം നല്‍കുകയായിരുന്നു. ശ്രീറാം മിടുക്കനായ ഐ എ എസുകാരനാണെന്നും മാധ്യമ വിചാരണയാണ് അദ്ധേഹത്തിനെതിരെ നടക്കുന്നതെന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.
പോലീസിന്റെ പ്രവര്‍ത്തനത്തിന്റെ വിശ്വാസ്യത തകര്‍ന്നു പോയെന്ന് സമൂഹത്തിന് ബോധ്യമാകാന്‍ ഇടയാക്കുന്ന സംഭവമാണ് അരങ്ങേറുന്നത്. ഏത് ഉന്നതനാണെങ്കിലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രിയും സര്‍ക്കാരും കര്‍ശനമായി പറയുന്നുണ്ടെങ്കിലും അത് നടപ്പിലാക്കാന്‍ പോലീസിന്റെ ഭാഗത്തു നിന്നും ശ്രമങ്ങളുണ്ടാകുന്നില്ല. കേസ് ദുര്‍ബലമാക്കാനുള്ള ശ്രമങ്ങളാണ് പോലീസ് ഇപ്പോഴും തുടരുന്നത്. നിലവില്‍ പുതിയ അന്വേഷണ സംഘം ഇന്ന് അന്വേഷണ സംബന്ധിച്ച് യോഗം ചേരാനിരിക്കുകയാണ്. ഇവര്‍ ഏതു രീതിയില്‍ അന്വേഷണം കൊണ്ടു പോകുമെന്നത് കണ്ടറിയാം.