Kerala
പി എസ് സി കോണ്‍സ്റ്റബിള്‍ പരീക്ഷ: റാങ്ക് പട്ടികയിലെ ആദ്യ നൂറ് പേരുടെ മൊബൈല്‍ വിവരം പരിശോധിക്കും- ചെയര്‍മാന്‍

തിരുവനന്തപുരം: പി എസ് സി പരീക്ഷാക്രമക്കേടിനെക്കുറിച്ചുള്ള അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കുന്നു. 2018 ജൂണ്‍ 22ന് നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷയുടെ റാങ്ക് പട്ടികയിലെ ആദ്യ നൂറ് റാങ്കുകാരുടെ മൊബൈല്‍ വിവരം പരിശോധിക്കുമെന്ന് പി എസ് സി ചെയര്‍മാന്‍ എം കെ സക്കീര്‍ അറിയിച്ചു. ഇക്കാര്യം സൈബര്‍ സെല്ലിനോട് ആവശ്യപ്പെട്ടുവെന്ന് എം കെ സക്കീര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ പി എസ് സി പോലീസ് റാങ്ക് പട്ടികയില്‍ നിയമനമുണ്ടാകില്ല.
പി എസ് സിയുടെ അന്വേഷണം സത്യസന്ധമായിട്ടാണ് നടത്തിയത്. പി എസ് സിയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടിയിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി, ആരോപണവിധേയര്‍ക്കൊപ്പം പരീക്ഷയെഴുതിയ 22 പേരുടെയും മേല്‍നോട്ടം വഹിച്ചവരുടെയും മൊഴിയെടുത്തു. പരീക്ഷ കേന്ദ്രത്തില്‍ ചുമതല ഉണ്ടായിരുന്നവരുടെ മൊഴിയില്‍ ക്രമക്കേടൊന്നും ബോധ്യപ്പെട്ടിട്ടില്ല.
അന്വേഷണത്തിന്റെ ഭാഗമായി പ്രതികളുടെ ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ചു. പല നമ്പറുകളില്‍ നിന്നും പ്രതികള്‍ക്ക് എസ് എം എസുകള്‍ വന്നിട്ടുണ്ട്. പരീക്ഷ നടന്ന ഒന്നേകാല്‍ മണിക്കൂറിനുള്ളിലാണ് സന്ദേശങ്ങള്‍ വന്നതെന്നും എം കെ സക്കീര്‍ പറഞ്ഞു.