Kerala
കെ എം ബഷീറിന്റെ മരണം: അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തണമെന്ന് സിറാജ് മാനേജ്‌മെന്റ്

തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെഎം ബഷീറിനെ ഐഎഎസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന് സിറാജ് മാനേജ്‌മെന്റ്. സിറാജ് തിരുവനന്തപുരം യൂണിറ്റ് മാനേജര്‍ എ സൈഫുദ്ദീന്‍ ഹാജി തിരുവനന്തപുരം ജില്ലാ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
ശ്രീറാം വെങ്കിട്ടരാമന്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷനിലെ എസ് ഐ ജയപ്രകാശുമായി ചേര്‍ന്ന് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. പ്രതിയെ രക്ഷപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ അപകടം നടന്നയുടന്‍ നിര്‍ബന്ധമായും നടത്തേണ്ടിയിരുന്ന രക്ത പരിശോധന ജയപ്രകാശ് നടത്തിയില്ല. ഒന്‍പത് മണിക്കൂറിന് ശേഷമാണ് ശ്രീറാം വെങ്കിട്ടരാമന്റെ രക്തസാംപിള്‍ പരിശോധനക്കായി എടുത്തത്. ഇതിലൂടെ കേസില്‍ നിന്ന് രക്ഷപ്പെടാന്‍ പ്രതിയെ സഹായിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ ഐപിസി 304, 201, 120 ബി വകുപ്പുകള്‍ പ്രകാരം ക്രിമിനല്‍ കേസെടുക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. ഭരണതലത്തിലും പോലീസ് തലത്തിലുമുള്ള ഉന്നതരുടെ പ്രേരണ മൂലമാണ് മ്യൂസിയം എസ്‌ഐ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചത്. അതിനാല്‍ എസ്‌ഐയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
മദ്യപിച്ച് വാഹനമോടിച്ച് അപകടം വരുത്തിയ ശ്രീരാം വെങ്കിട്ടരാമന്‍ മദ്യത്തിന് പുറമെ മറ്റു വല്ല ലഹരിയും ഉപയോഗിച്ചിരുന്നുന്നോ എന്നറിയാന്‍ അദ്ദേഹത്തെ ഡൊപാമിന്‍ ടെസ്റ്റിന് വിധേയനാക്കണം. പ്രതിക്ക് ജാമ്യമനുവദിച്ചാല്‍ അത് തെളിവുകള്‍ നശിപ്പിക്കപ്പെടാന്‍ കാരണമാകുമെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു.