കശ്മീര്‍ പ്രമേയം ചീന്തിയെറിഞ്ഞ പ്രതാപനും ഹൈബി ഈഡനും സ്പീക്കറുടെ ശാസന, താക്കീത്

Posted on: August 6, 2019 11:46 am | Last updated: August 6, 2019 at 2:05 pm

ന്യൂഡല്‍ഹി: കേന്ദ്ര മന്ത്രി അമിത് ഷാ അവതരിപ്പിച്ച കശ്മീര്‍ പ്രമേയത്തിന്റെ പകര്‍പ്പ് ചീന്തിയെറിഞ്ഞ കേരളത്തില്‍ നിന്നുള്ള എം പി മാരെ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള ശാസിക്കുകയും താക്കീത് നല്‍കുകയും ചെയ്തു. ടി എന്‍ പ്രതാപന്‍, ഹൈബി ഈഡന്‍ എന്നിവര്‍ക്കാണ് താക്കീത് ലഭിച്ചത്. കശ്മീരിനെ വിഭജിക്കാനും പ്രത്യേക പദവി നല്‍കുന്ന അനുച്ഛേദം 370 റദ്ദാക്കാനുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ച പ്രമേയത്തിന്റെ പകര്‍പ്പാണ് ഇരുവരും കീറിയെറിഞ്ഞത്. ഇന്ന് രാവിലെ ചേംബറില്‍ വിളിച്ചു വരുത്തിയാണ് സ്പീക്കര്‍ എം പിമാരെ താക്കീത് ചെയ്തത്.

തിങ്കളാഴ്ച രാജ്യസഭയില്‍ ബില്‍ അവതരിപ്പിച്ചതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങള്‍ക്കിടെ, പി ഡി പി അംഗങ്ങളായ മിര്‍ ഫയാസ്, നാസിര്‍ അഹമ്മദ് എന്നിവരെ സ്പീക്കര്‍ വെങ്കയ്യ നായിഡു സഭയില്‍ നിന്ന് പുറത്താക്കിയിരുന്നു.