Kerala
കനത്ത മഴയില്‍ നാശനഷ്ടം; വയനാട് കുറിച്യാര്‍ മലയില്‍ ഉരുള്‍പൊട്ടല്‍

വയനാട്: കോഴിക്കോട്, വയനാട് ജില്ലകതളുടെ മലയോര മേഖലകളില്‍ കനത്ത മഴ. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. പുഴകളെല്ലാം കരകവിഞ്ഞ് ഒഴുകയാണ്. ഇന്നലെ രാത്രി വയനാട് പൊഴുതന പഞ്ചായത്തിലെ കുറിച്യര്‍ മലയില്‍ ഉരുള്‍പൊട്ടലുംമണ്ണിടിച്ചിലും ഉണ്ടായി. സംഭവത്തെ തുടര്‍ന്ന് മേല്‍മുറി ഭാഗത്ത് നിന്ന് കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് ഒമ്പത് മുതല്‍ തുടര്‍ച്ചയായ ഉരുള്‍പൊട്ടലില്‍ വന്‍ നാശമുണ്ടായ മേല്‍മുറിയില്‍ ഇന്നലെ രാത്രി 12.30 ഓടെയാണ് അതേ സ്ഥലത്ത് തന്നെ വീണ്ടും ഉരുള്‍പൊട്ടിയത്.
ഇന്നലെ രാത്രി പ്രദേശത്തെ രണ്ട് വീട്ടുകാര്‍ മാറി താമസിച്ചെങ്കിലും രാവിലെ തിരിച്ചെത്തി. സ്ഥലത്തെ അവസ്ഥ വിലയിരുത്താന്‍ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ ഇന്ന് സ്ഥലം സന്ദര്‍ശിക്കും. ജനങ്ങള്‍ പേടിക്കരുതെന്നും എന്നാല്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അറിയിച്ചു. ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ താഴെ എസ്റ്റേറ്റ് തൊഴിലാളികള്‍ നിര്‍മിച്ച താത്കാലിക പാലവും കുടിവെള്ള പൈപ്പും തകര്‍ന്നു.
കോഴിക്കോട് പുതുപ്പാടി അടിവാരത്ത് പുഴയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ചേളാരി സ്വദേശി പ്രജീഷ് (ഉണ്ണി-33) മൃതദേഹമാണ് കൈതപ്പോയിലിന് സമീപം കൈപ്പുറം പാലത്തിന് അടിയില്‍ നിന്നും കണ്ടെത്തിയത്. മര്‍കസ് നോളജ് സിറ്റിയില്‍ ജോലിക്കെത്തിയ യുവാവ് കഴിഞ്ഞ ദിവമസാണ് അടിവാരത്ത് പുഴയില്‍ ഒഴുക്കില്‍പ്പെട്ടത്. രണ്ട് ദിവസത്തെ തിരച്ചിനൊടുവിലാണ് മൃതദേഹം കണ്ടത്.
ജില്ലയുടെ മലയോര മേഖലകളായ പുതുപ്പാടി, കോടഞ്ചേരി, നെല്ലിപ്പോയില്‍ ഭാഗങ്ങളിലെല്ലാം അതിശക്തായ മഴ തുടരുകയാണ്.