Malappuram
ചിത്രം വരച്ച് തിരൂരിൽ ബഷീറിന് സ്മരണാഞ്ജലി

തിരൂർ: കഴിഞ്ഞ ദിവസം വിടപറഞ്ഞ മാധ്യമ പ്രവർത്തകനും സിറാജ് തിരുവനന്തപുരം യൂനിറ്റ് മേധാവിയുമായ കെ എം ബഷീന് തിരൂരിൽ ചിത്രം വരച്ച് സ്മരണാഞ്ജലിയർപ്പിച്ചു. ചിത്രകാരൻ സേവ്യാറും 12 വയസ്സുകാരനായ വി പി പ്രജിത്തും ചേർന്നാണ് തിരൂർ ബസ് സ്റ്റാൻഡ് പരിസരത്ത് ബഷീറിന്റെ പുഞ്ചിരിക്കുന്ന ചിത്രം വരച്ചത്.
തിരൂരിൽ പത്രപ്രവർത്തനം തുടങ്ങിയതു മുതൽ ബഷീറിനെ അടുത്തറിയുമെന്നും മത രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ഒരുപോലെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹമെന്നും സേവ്യർ പറഞ്ഞു. ചിത്ര രചനാ രംഗത്ത് കുട്ടികളെ വളർത്തിക്കൊണ്ടുവരുന്നതിനും അവർക്ക് വേണ്ട പ്രോത്സാഹനങ്ങൾ നൽകുന്നതിനായി ആരംഭിച്ച യംഗ് ആർടിസ്റ്റ് ഗ്രൂപ്പ് എന്ന സംഘത്തിന്റെ ആദ്യത്തെ പ്രവർത്തനം എന്ന രീതിയിലാണ് ബഷീറിന്റെ ചിത്രം വരച്ചു സ്മരണാഞ്ജലി ഒരുക്കിയത്.
സേവ്യറോടൊപ്പം ചിത്രം വരച്ച ബാല ചിത്രകാരൻ പ്രജിത്ത് മൂന്നാം വയസിലാണ് ചിത്ര രചനാ ആരംഭിച്ചത്. നിരവധി സംസ്ഥാന ജില്ലാ മത്സരങ്ങളിൽ ജേതാവായ പ്രജിത്ത് കാരുണ്യ സേവന രംഗത്തും സജീവമാണ്. നിർധന രോഗികളുടെ ചികിത്സാ ചിലവിനായി ചിത്രം വരച്ചു ധന ശേഖരണവും നടത്തുന്നുണ്ട് ഈ കൊച്ചു മിടുക്കൻ. ഒരു ലക്ഷത്തോളം രൂപ സമാഹരിചിട്ടുണ്ട്. നിറമരുതൂർ ജി യു പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർഥിയായ പ്രജിത്ത് നിറമരുതൂർ ആലിൻചുവട് സ്വദേശി പ്രമോദ്- പ്രഭി ദമ്പതികളുടെ മകനാണ്.