National
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുമ്പോള്‍ കാശ്മീരില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടി സംസ്ഥാനത്ത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കും. രാഷ്ട്രപതി ഒപ്പുവെച്ച ഈ ഉത്തരവ് കാശ്മീരിന്റെ ക്രമസമാധാനം മുതല്‍ ഭൂസ്വത്ത് വരെയുള്ള നിരവധി വിഷയങ്ങളില്‍ മാറ്റമുണ്ടാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
പ്രത്യേക ഭരണഘടന ഉണ്ടാകില്ല
ആര്‍ട്ടിക്കിള്‍ 370 അനുസരിച്ച് കാശ്മീരിന് പ്രത്യേക ഭരണഘടന നിലവിലുണ്ടായിരുന്നു. എന്നാല്‍ ഈ വകുപ്പ് റദ്ദാക്കപ്പെടുന്നതോടെ ഇത് ഇല്ലാതാകും. രാജ്യത്തെ മറ്റു ഭൂരിഭാഗം സംസ്ഥാനങ്ങളിലേയും പോലെ കാശ്മീരും ഇനി പൂര്‍ണമായും ഇന്ത്യന്‍ ഭരണഘടനക്ക് കീഴില്‍ വരും.
പുറത്ത് നിന്നുള്ളവര്‍ക്കും ഭൂമി വാങ്ങാം
ആര്‍ട്ടിക്കിള്‍ 370 അനുസരിച്ചുള്ള ആര്‍ട്ടികള്‍ 35 എ പ്രകാരം കാശ്മീരിന് പുറത്തുള്ളവര്‍ക്ക് ഇവിടെ ഭൂമി വാങ്ങാന്‍ സാധിച്ചിരുന്നില്ല. പുതിയ ഉത്തരവോടെ കാശ്മീരിന് പുറത്തുള്ളവര്‍ക്കും കാശ്മീരില്‍ ഭൂമി വാങ്ങാനും അവിടെ സ്ഥിര താമസമാക്കാനും സാധിക്കും.
ക്രമസമാധാനം
നേരത്തെ കാശ്മീറിന്റെ ക്രമസമാധാന ചുമതല പൂര്‍ണമായും സംസ്ഥാന ഗവണ്‍മെന്റിനായിരുന്നു. കാശ്മീരിനെ ജമ്മു കാശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ടായി ഭാഗിക്കുന്നതോടെ ഈ സംവിധാനത്തില്‍ മാറ്റം വരും. കേന്ദ്ര ഭരണ പ്രദേശമായ ഡല്‍ഹിയിലേയോ പുതുച്ചേരിയിലേയോ ക്രമ സമാധാന രീതിയാകും ഇനി കാശ്മീരിന് ബാധകമാക്കുക. ഡല്‍ഷിയില്‍ ക്രമസമാധാനം കേന്ദ്രത്തിന്റെ കൈയിലാണെങ്കില്‍ പുതുച്ചേരിയില്‍ അത് സംസ്ഥാന സര്‍ക്കാറിന്റെ കൈകളിലാണ്.
കേന്ദ്ര നിയമങ്ങള്‍
നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കുന്ന നിയമങ്ങള്‍ കാശ്മീരില്‍ പ്രാബല്യത്തില്‍ വരുത്തണമെങ്കില്‍ കാശ്മീര്‍ നിയമസഭ കൂടി പാസ്സാക്കേണ്ടിയിരുന്നു. ഇനി മുതല്‍ കേന്ദ്രം പാസ്സാക്കുന്ന എല്ലാ നിയമങ്ങളും കാശ്മീരിനും ബാധകമാകും.
പ്രത്യേക പതാക
നിലവിലെ സ്ഥിതി അനുസരിച്ച് ദേശീയ പതാകക്ക് ഒപ്പം കാശ്മീരിന് പ്രത്യേക പതാക ഉണ്ടായിരന്നു. ഇനി മുതല്‍ ഇത് വേണേ എന്ന കാര്യത്തില്‍ പാര്‍ലിമെന്റിന് തീരുമാനമെടുക്കാനാകും.