റെക്കോർഡുകൾ താണ്ടി സ്വര്‍ണവില

Posted on: August 5, 2019 6:21 pm | Last updated: August 5, 2019 at 6:21 pm

കൊച്ചി: ആഭരണ കേന്ദ്രങ്ങളിൽ പവൻ പുതിയ ഉയരം സ്വന്തമാക്കി. ഏലക്ക ലേലത്തിൽ വീറും വാശിയും ഉയർന്നതോടെ ഉത്പന്നം സർവകാല റെക്കോർഡ് വിലയിലാണ്. റബ്ബർ അവധി വ്യാപാരത്തിൽ ഉടലെടുത്ത വിൽപ്പന തരംഗം ഉത്പാദകരെ സമ്മർദത്തിലാക്കി. നാളികേരോത്പന്ന വിപണിയിൽ കാര്യമായ ചലനം ദൃശ്യമായിട്ടില്ല.

കേരളത്തിൽ സ്വർണ വില സർവകാല റെക്കോർഡായ 26,200 രൂപയിലെത്തി. ശനിയാഴ്ച ഒരു ഗ്രാം സ്വർണ വില 3,275 രൂപയായി. 25,760 രൂപയിൽ ഓപൺ ചെയ്ത മാർക്കറ്റ് വാരത്തിന്റെ രണ്ടാം പകുതിയിൽ 25,960 ലേക്കും വെളളിയാഴ്ച്ച 26,040 ലേക്ക് കയറി. മാർക്കറ്റ് ക്ലോസിംഗ് നടക്കുമ്പോൾ 26,200 രൂപയിലാണ്. ചിങ്ങം അടുത്തിനാൽ വിവാഹ പാർട്ടികൾക്ക് വിലക്കയറ്റം തിരിച്ചടിയാകും. അന്താരാഷ്ട്ര വിപണികളിൽ സ്വർണ വില ഉയർന്നു. ലണ്ടനിൽ ട്രോയ് ഔൺസിന് 1418 ഡോളറിൽ നിന്ന് സ്വർണം 1449 ഡോളർ വരെ കുതിച്ചശേഷം ക്ലോസിംഗിൽ 1440 ഡോളറിലാണ്. കഴിഞ്ഞമാസം രേഖപ്പെടുത്തിയ 1452 ഡോളറിലെ പ്രതിരോധം മറികടന്നാൽ 1498 ഡോളർ വരെ സ്വർണ വില ഉയരാം.

ഏലക്ക വില കിലോ 7000 രൂപയായി കുതിച്ചു. ശനിയാഴ്ച്ച നെടുക്കണ്ടത്ത് നടന്ന ലേലത്തിൽ മികച്ചയിനങ്ങൾ ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ ലേലം നടന്നത്. ലേല കേന്ദ്രങ്ങളിലെ രുക്ഷമായ ചരക്ക് ക്ഷാമവും ഉത്സവ ഡിമാൻഡും റെക്കോർഡ് കുതിപ്പിന് വഴിതെളിച്ചു. ശരാശരി ഇനങ്ങൾ ഏറ്റവും ഉയർന്ന നിരക്കായ 4655 രൂപയിലെത്തി. ആഭ്യന്തര വിദേശ ഇടപാടുകാർ ഏലക്കയിൽ താത്പര്യം കാണിച്ചു.

അന്താരാഷ്ട്ര റബ്ബർ വിപണി വിൽപ്പനക്കാരുടെ നിയന്ത്രണത്തിലാണ്. കാലാവസ്ഥ അനുകുലാമായതോടെ തായ്‌ലാൻഡ് ഉൾപ്പെടെയുള്ള ഉത്പാദന രാജ്യങ്ങളിൽ ടാപ്പിംഗ് സജീവമായി. ഏഷ്യൻ മേഖലയിൽ റബ്ബർ ടാപ്പിംഗ് വ്യാപകമായതോടെ ലാറ്റക്‌സ്, ഷീറ്റ് വരവ് മുൻ മാസങ്ങളെ അപേക്ഷിച്ച് ഇരട്ടിയായി ഉയർന്നു.

റെഡി മാർക്കറ്റിലെ സ്ഥിഗതികൾ റബ്ബർ വില ഉയരുന്നതിന് തടസമാക്കുമെന്ന വിലയിരുത്തൽ ഓപ്പറേറ്റർമാരെ അവധിയിൽ ലാഭമെടുപ്പിന് പ്രേരിപ്പിച്ചു. ടോക്കോമിൽ ജൂലൈ അവസാനം കിലോഗ്രാമിന് 200 യെന്നിൽ നീങ്ങിയ റബ്ബർ വാരത്തിൻറ്റ ആദ്യ പകുതിയിൽ നേരിയ റേഞ്ചിൽ നീങ്ങിയെങ്കിലും രണ്ടാം പാദത്തിൽ വിൽപ്പന സമ്മർദ്ദത്തിൽ അകപ്പെട്ടു. വ്യാഴാഴ്ച്ച കിലോ പത്ത് യെന്നും വെളളിയാഴ്ച്ച 18 യെന്നുമാണ് റബർ വില ഇടിഞ്ഞത്. ആഗസ്റ്റ് അവധി 191 യെന്നിലാണ്. അടുത്തവാരം പുതിയ ഷീറ്റ് ഇറക്കാനാവുമെന്ന നിഗമത്തിലാണ് ചെറുകിട കർഷകർ. ചരക്ക് ക്ഷാമം നിലനിന്നിട്ടും നാലാം ഗ്രേഡ് 15,000 രൂപയിൽ നിന്ന് 14,700 രൂപയായി.

ജാതിക്ക വിപണി നിയന്ത്രണം കൈപിടയിൽ ഒരുക്കാൻ ഊഹക്കച്ചവടക്കാർ ശ്രമം നടത്തി. വിളവെടുപ്പ് വേളയിൽ വില ഇടിച്ച് ചരക്ക് ശേഖരിച്ചവരാണ് ഇഗപ്പാൾ വില ക്രമാതീതമായി ഉയർത്താൻ നീക്കം നടത്തുന്നത്. പ്രതികുല കാലാവസ്ഥ മൂലം ജാതിക്ക ഉത്പാദനം കുറവാണ്. വിദേശത്ത് നിന്നും ആഭ്യന്തര മാർക്കറ്റിൽ നിന്നും ചരക്കിന് അന്വേഷണങ്ങളുണ്ട്. ജാതിക്ക തൊണ്ടൻ കിലോ 200220 രൂപ, തൊണ്ടില്ലത്തത് 410450 രൂപ.

കുരുമുളക് വിലയിൽ മാറ്റമില്ല. മഴ കനത്തതോടെ ഉത്തരേന്ത്യയിൽ നിന്ന് മുളകിന് അന്വേഷണം കുറഞ്ഞു. അടുത്ത വാരം കാലാവസ്ഥ തെളിഞ്ഞാൽ പുതിയ ഓർഡറുകൾ പ്രതീക്ഷിക്കാം. കൊച്ചിയിൽ അൺ ഗാർബിൾഡ് വില 33,700 രൂപയിലും ഗാർബിൾഡ് 35,700 രൂപയിലും വാരാന്ത്യക്ലോസിംഗ് നടന്നു.
നാളികേരോത്പന്ന വില രണ്ടാം വാരവും സ്‌റ്റെഡി. മില്ലുകാരുടെ കണക്ക് കൂട്ടുലുകൾക്ക് ഒത്ത് പ്രദേശിക വിപണികളിൽ വെളിച്ചെണ്ണക്ക് മാസാരംഭ ഡിമാൻഡ് അനുഭവപ്പെട്ടില്ല. സർക്കാർ ഏജൻസികൾ കൊപ്ര സംഭരണ രംഗത്തുണ്ട്. കൊച്ചിയിൽ വെളിച്ചെണ്ണ 13,700 ലും കൊപ്ര 9180 രൂപ.