Thrissur
പഞ്ചായത്തും ഫാസിൽ മുസതഫയും കൈകോർത്തു: ബദറുന്നീസക്കും കുടുംബത്തിനും പുതിയഭവനം

വടക്കഞ്ചേരി പാളയം കുറുവത്ത് കോളനിയിൽ ബദറുന്നീസക്കും കുടുംബത്തിനും നിർമ്മിച്ച പുതിയ ഭവനത്തിനു മുമ്പിൽ അനിത പോൾസണും, ഫാസിൽ മുസ്തഫയും.തൃശൂര്‍: വടക്കഞ്ചേരി പഞ്ചായത്തിലെ പാളയം കുറുവത്ത് കോളനിയില്‍ താമസിക്കുന്ന ബദറുന്നീസക്കും കുടുംബത്തിനും വടക്കഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണും, ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫാസില്‍ മുസ്തഫ യുടേയും ഇടപെടലിലൂടെ പുതിയ ഭവനം. കഴിഞ്ഞ വര്‍ഷം സംഭവിച്ച പ്രളയദുരന്തത്തില്‍ ഇവര്‍ താമസിച്ചിരുന്ന ഓലപ്പുര ജലം കയറി മുഴുവനായും നശിച്ചു. കിടപ്പാടത്തിനൊപ്പം അതില്‍ സൂക്ഷിച്ചിരുന്ന സകല സാധന സാമഗ്രികളും ജലത്തിലൂടെ ഒലിച്ചുപോവുകയായിരുന്നു. ദുരിതാശ്വാസ ക്യാമ്പില്‍ അഭയം പ്രാപിച്ച ഇവര്‍ക്ക് പിന്നീട് ജലമിറങ്ങിയ ശേഷം നിരവധി നല്ല മനസ്സുകളുടെ സഹായത്താല്‍ ഓലപ്പുര പുനര്‍നിര്‍മ്മിച്ച് നല്‍കി. അതിലാണ് 6 അംഗ കുടുംബം താമസിച്ചു വന്നിരുന്നത്.
സിറാജ് ദിനപത്രം ആലത്തൂര്‍ സോണല്‍ റിപ്പോര്‍ട്ടും ജീവകാരുണ്യ പ്രവര്‍ത്തകനുമായ കെ അബ്ദുള്‍ ഷുക്കൂറും, വടക്കഞ്ചേരി മുഹിയിദ്ദീന്‍ ഹനഫി ജുമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് വി എസ് മുഹമ്മദ് ഫാറൂക്കുമാണ് ഇവരുടെ ദുരിതപൂര്‍ണ്ണമായ ജീവിത സാഹചര്യത്തെ കുറിച്ച് പ്രവാസ ലോകത്തെ നന്മമരം ഫാസില്‍ മുസ്തഫയെ അറിയിച്ചത്. തുടര്‍ന്നാണ് സുഹൃത്തുക്കളുടെ സഹായത്താല്‍ ഭവന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍ താന്‍ പ്രതിധാനം ചെയ്യുന്ന വാര്‍ഡിലെ താമസക്കാരായ ഇവര്‍ക്ക് തന്റെ ഇടപെടലിലൂടെ പ്രളയ ദുരിതാശ്വാസ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തതോടെ ബദറുന്നീസയുടെ സ്വപനം സഫലമായി.
7 ലക്ഷം രൂപ ചിലവില്‍ 650 സ്‌ക്വയര്‍ ഫീറ്റില്‍ അതിമനോഹരമായ ഭവനമാണ് നിര്‍മ്മിച്ചു നല്‍കിയത്. ഇതോടെ ബദറുന്നിസയുടേയും കുടുംബത്തിന്റേയും വര്‍ഷങ്ങളായുള്ള ഭവനമെന്ന സ്വപ്നവും യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ്. ഊട്ടിയില്‍ തോട്ടം തൊഴിലാളികളായി ജീവിച്ചിരുന്ന ഈ കുടുംബം 8 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വടക്കഞ്ചേരി പാളയം കുറുവത്ത് കോളനിയില്‍ അഞ്ച് സെന്റ് സ്ഥലം വാങ്ങിക്കുന്നത്. പിന്നീട് ഘട്ടം ഘട്ടമായി ഇവര്‍ ഒരു ഓലക്കുടില്‍ ഒറ്റമുറി വീട് നിര്‍മ്മിച്ചു. പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളടക്കം 6 പേരാണ് ഈ കുടിലില്‍ ജീവിച്ചിരുന്നത്. വര്‍ഷങ്ങളായുള്ള ഇവരുടെ സ്വപ്നമായിരുന്നു മക്കളെയും കൂട്ടി അടച്ചുറപ്പുള്ള ഒരു ഭവനത്തില്‍ താമസിക്കണമെന്നുള്ളത്. ഈ സ്വപ്നമാണ് പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണും ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫാസില്‍ മുസ്തഫയും ചേര്‍ന്ന് സഫലീകരിച്ചത്.