ഫാസിസ്റ്റ് തൊഴുത്തിലെ പച്ച മരണങ്ങള്‍

അപരമത വിദ്വേഷം കനക്കുമ്പോള്‍ തങ്ങള്‍ക്ക് അസ്പൃശ്യത തോന്നുന്ന സിദ്ധാന്തങ്ങളെയും അതിന്റെ അടയാളങ്ങളെയും ബലി കഴിപ്പിക്കുക എന്ന ഭ്രാന്തന്‍ ദേശീയത രാജ്യത്ത് വേരുറക്കുന്നതും അതിന് ആള്‍ക്കൂട്ട മനസ്സിന്റെ കൈയൊപ്പ് വരുന്നതും ബഹുസ്വര ഇന്ത്യയുടെ കടക്കല്‍ കത്തി വെക്കലാണ്. പശുക്കള്‍ തൊഴുത്തുകളില്‍ നിസ്സഹായരായി ചത്തൊടുങ്ങുമ്പോള്‍ പ്രബുദ്ധ മനുഷ്യരുടെ പച്ച ശരീരങ്ങളെ മരങ്ങളിലും ഭിത്തികളിലും ഓടകളിലും ബന്ദിതരാക്കി ദണ്ഡുകളും മാരകായുധങ്ങളും ഉപയോഗിച്ച് ഹിന്ദുത്വ ഭീകരര്‍ കൊലപ്പെടുത്തി തെരുവിലെറിഞ്ഞ് ജയ് ശ്രീറാം മുഴക്കുകയാണ്. ഭാരതം ലജ്ജിക്കുകയാണ്. ഭരണഘടനയും നിയമ സംവിധാനങ്ങളും ഒക്കെയുള്ള രാജ്യത്ത് അരങ്ങേറുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ക്ക് കാവിയും കാക്കിയും നിറം പകരുന്നു. സാക്ഷരതയും മനുഷ്യത്വ ബോധവും തീണ്ടിയിട്ടില്ലാത്ത ഒരു ഇരുണ്ട ജനതയില്‍ വൈകാരികതക്ക് അതിപ്രാധാന്യം കൊടുത്ത് തെറ്റായ ദേശീയത രൂപപ്പെടുത്തുന്നതും അതിനെ ക്രമേണ വളര്‍ത്തിയെടുക്കുന്നതും പൊടുന്നനെ സാധ്യമായ കാര്യമാണ്. യുക്തിഭദ്രമായി ചിന്തിക്കാനും ജനാധിപത്യ അവകാശങ്ങളെ കുറിച്ച് ബോധവത്കരിക്കാനും ഇത്തരം സംസ്ഥാനങ്ങളില്‍ ആരെയും കാണില്ല. ആള്‍ക്കൂട്ട മര്‍ദനങ്ങളോടും കൊലപാതകങ്ങളോടുമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ പോലും ബി ജെ പിക്ക് അസഹിഷ്ണുതയാണ്. ഫാസിസ്റ്റുകാലത്തെ ഇന്ത്യയില്‍ അവര്‍ മാത്രം മതി എന്നതാണ് ശാഠ്യം.
Posted on: August 5, 2019 2:48 pm | Last updated: August 5, 2019 at 2:48 pm

രണ്ടാമതും എന്‍ ഡി എ സര്‍ക്കാര്‍ സ്വതന്ത്ര ഇന്ത്യയുടെ അധികാരാരോഹണം നടത്തുന്നത് ഭീതിയോടെ സങ്കല്‍പ്പിച്ചിരുന്ന ജനാധിപത്യ വിശ്വാസികളുടെ സര്‍വ മുന്‍ കൂട്ടലുകളും തെറ്റിച്ചു കൊണ്ടാണ് 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. ഭരണഘടനയെയും രാജ്യത്തിന്റെ മതമൈത്രിയെയും തത്വത്തിലും പ്രായോഗികതയിലും നിഷ്പ്രഭമാക്കുന്ന ഭരണ സംവിധാനമാണ് വലതുപക്ഷ ഫാസിസ്റ്റ് ഭരണകൂടം നടപ്പാക്കുകയെന്ന അര്‍ഥപൂര്‍ണമായ ബോധ്യമാണ് ജനാധിപത്യ വിശ്വാസികളെ അങ്ങനെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചത്. ഒടുവില്‍ ശങ്കിച്ചതെന്തോ അവയൊക്കെയും നിര്‍ബാധം നടക്കുന്നു എന്നാണ് പുതിയ ഉത്തരേന്ത്യന്‍ വാര്‍ത്തകള്‍ നമ്മെ തെര്യപ്പെടുത്തുന്നത്. ഭീതിതമായ സാമൂഹികവും രാഷ്ട്രീയവുമായ ചുറ്റുപാട് സംജാതമാകുന്നുവെന്ന അശുഭ സൂചനയാണ് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ബീഹാറിലെ പാറ്റ്‌നയില്‍ നിന്ന് രാജ്യം കേള്‍ക്കേണ്ടിവന്ന ഗോരക്ഷാ ഭീകരരുടെ മൃഗീയമായ ആള്‍ക്കൂട്ട കൊലപാതകം.

അപരമത വിദ്വേഷം കനക്കുമ്പോള്‍ തങ്ങള്‍ക്ക് അസ്പൃശ്യത തോന്നുന്ന സിദ്ധാന്തങ്ങളെയും അതിന്റെ അടയാളങ്ങളെയും ബലി കഴിപ്പിക്കുക എന്ന ഭ്രാന്തന്‍ ദേശീയത രാജ്യത്ത് വേരുറക്കുന്നതും അതിന് ആള്‍ക്കൂട്ട മനസ്സിന്റെ കൈയൊപ്പ് വരുന്നതും ബഹുസ്വര ഇന്ത്യയുടെ കടക്കല്‍ കത്തി വെക്കലാണ്. പശുക്കള്‍ തൊഴുത്തുകളില്‍ നിസ്സഹായരായി ചത്തൊടുങ്ങുമ്പോള്‍ പ്രബുദ്ധ മനുഷ്യരുടെ പച്ച ശരീരങ്ങളെ മരങ്ങളിലും ഭിത്തികളിലും ഓടകളിലും ബന്ദിതരാക്കി ദണ്ഡുകളും ക്രൂരമായ മാരകായുധങ്ങളും ഉപയോഗിച്ച് ഹിന്ദുത്വ ഭീകരര്‍ കൊലപ്പെടുത്തി തെരുവിലെറിഞ്ഞ് ജയ് ശ്രീറാം മുഴക്കുകയാണ്. ഭാരതം ലജ്ജിക്കുകയാണ്. പുല്ലും വൈക്കോലും കഴിച്ച് തെരുവിലൂടെ വിവസ്ത്രമായി റോന്തുചുറ്റുന്ന ഒരു നാല്‍ക്കാലിക്കു വേണ്ടി ലോകത്തിലെ സര്‍വ ചരാചരങ്ങളേക്കാളും അത്യുന്നതനായ മനുഷ്യനെ തല്ലിക്കൊല്ലുന്ന ഭ്രാന്തന്‍ ദേശീയതയുടെ അപഥ സഞ്ചാരം രാജ്യത്തെ ദുര്‍ഗന്ധം വമിക്കുന്ന ഒരു തൊഴുത്തിലേക്ക് ആനയിക്കും എന്നതില്‍ സംശയമില്ല.

ബീഹാറിലെ സരണ്‍ ജില്ലയില്‍ ബനിയാപൂര്‍ മേഖലയില്‍ കന്നുകാലി മോഷണം ആരോപിച്ച് മൂന്ന് പേരെയാണ് ആള്‍ക്കൂട്ടം തല്ലിക്കൊന്നത്. ആള്‍ക്കൂട്ട മനസ്സിനെ പശു ദേശീയതയുടെ പേരില്‍ അക്രമം അഴിച്ചുവിടാന്‍, ബലഹീനമായ നിയമങ്ങളും, രാജ്യം നയിക്കുന്ന എന്‍ ഡി എ സര്‍ക്കാര്‍ ആള്‍ക്കൂട്ട കൊലപാതകങ്ങളോട് സ്വീകരിച്ച മൗനവും ചെറുതല്ലാത്ത കാരണമായിട്ടുണ്ട്. മുത്വലാഖും രാമക്ഷേത്ര നിര്‍മാണവും ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുന്നത് ഉള്‍പ്പെടെയുള്ള അസ്വാഭാവികമായ നിരവധി നിയമ നിര്‍മാണങ്ങള്‍ക്ക് ത്വരിത ഗതിയില്‍ ഉത്സാഹിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ ക്രൂരമായി കൊല ചെയ്യപ്പെടുന്ന നിരപരാധികള്‍ക്ക് സംരക്ഷണമോ നീതിയോ ലഭ്യമാക്കുന്നില്ല.

പ്രതിഷേധാര്‍ഹമാണിവയൊക്കെയും.
പശുവിന്റെ പേരിലുള്ള ഭ്രാന്തന്‍ കൊലവിളികള്‍ക്ക് പുറമെ, ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെ തന്നെ കാര്‍മികത്വത്തില്‍ അവിശ്വസനീയമായ കൊലപാതകങ്ങള്‍ അതി ലാഘവത്തോടെ അരങ്ങേറുന്നു. ഇത് രാജ്യത്തെ അപൂര്‍വ കാഴ്ചയല്ലാതായി മാറിയതിന്റെ നേരടയാളമാണ് ഉന്നാവോ പീഡന കേസില്‍ വ്യാഴാഴ്ച സുപ്രീം കോടതിയില്‍ നിന്നും നാം കേട്ടത്. ഈ രാജ്യത്ത് എന്താണ് സംഭവിക്കുന്നത് എന്നാണ് വികാരാധീനമായി കോടതി ചോദിച്ചത്. സത്യത്തില്‍ ഓരോ ഇന്ത്യക്കാരനും മനസ്സില്‍ ചോദിക്കുന്നതും ഇതുതന്നെയാണ്. യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായ ഉത്തര്‍പ്രദേശിലെ ഉന്നാവോയില്‍ ബി ജെ പി. എം എല്‍ എ കുല്‍ദീപ് സിംഗ് സെനഗര്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നു. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിനെ ജയിലിലടക്കുന്നു. ജയിലില്‍ വെച്ച് പിതാവ് കൊല്ലപ്പെടുന്നു. കേസില്‍ നിന്ന് പിന്മാറി ബി ജെ പി. എം എല്‍ എയെ രക്ഷിച്ചില്ലെങ്കില്‍ കുടുംബത്തെയൊന്നാകെ കള്ളക്കേസില്‍ കുടുക്കി ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തുന്നു. എം എല്‍ എയുടെ ഗുണ്ടകള്‍ ചേര്‍ന്ന് നടത്തിയ പരാക്രമത്തിന് ഇരയുടെ ബന്ധുക്കള്‍ വിധേയരാകുന്നു. അവസാനം കേസിലെ ഇരയായ പെണ്‍കുട്ടിയും അഭിഭാഷകനും മറ്റു കുടുംബാംഗങ്ങളും മാതാവും സഞ്ചരിച്ച വാഹനത്തെ ഉത്തര്‍പ്രദേശ് മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ മരുമകന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്‌നര്‍ ഉപയോഗിച്ച് ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നു. ഇരയുടെ ഉറ്റവര്‍ ദാരുണമായി കൊല്ലപ്പെടുന്നു. കേസിലെ മുഖ്യ ഇര വെന്റിലേറ്ററിന്റെ സഹായത്തോടെ ലക്‌നൗ ആശുപത്രിയില്‍ ജീവനു വേണ്ടി പോരാടുന്നു. ഒരു ഡിറ്റക്റ്റീവ് നോവല്‍ വായിക്കുന്നത് പോലെയാണ് രാജ്യത്തെ സംഭവ വികാസങ്ങള്‍. ഭരണഘടനയും നിയമ സംവിധാനങ്ങളും ഒക്കെയുള്ള രാജ്യത്ത് അരങ്ങേറുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ക്ക് കാവിയും കാക്കിയും നിറം പകരുകയാണ്. കാവിയും കാക്കിയും ഭീകരതയുടെ നിറങ്ങളായി മാറുകയാണ്. ഇരയുടെ പിതാവിനെ കൊലപ്പെടുത്താന്‍ പോലീസ് ഉദ്യോഗസ്ഥരാണ് നേതൃത്വം വഹിച്ചത്.

ദേശീയതലത്തില്‍ സ്വാമി പ്രജ്ഞാ സിംഗ് ഠാക്കൂറും സാക്ഷി മഹാരാജും ഉള്‍പ്പെടെയുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ ചെറുതും വലുതുമായ നേതാക്കള്‍ ഹിന്ദുത്വയെ വളര്‍ത്തുന്ന, ജനാധിപത്യത്തെ ധ്വംസിക്കുന്ന വിദ്വേഷ പ്രസംഗങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണവും നടത്തുന്നു. അതിന് ഭരണകൂടത്തിന്റെ ആനുകൂല്യവും കൂടി ലഭിക്കുമ്പോള്‍ ആള്‍ക്കൂട്ട മനസ്സിന് തെരുവിലിറങ്ങാന്‍ ധൈര്യം വരുന്നു. സാക്ഷരതയും മനുഷ്യത്വ ബോധവും തീണ്ടിയിട്ടില്ലാത്ത ഒരു ഇരുണ്ട ജനതയില്‍ വൈകാരികതക്ക് അതിപ്രാധാന്യം കൊടുത്ത് തെറ്റായ ദേശീയത രൂപപ്പെടുത്തുന്നതും അതിനെ ക്രമേണ വളര്‍ത്തിയെടുക്കുന്നതും പൊടുന്നനെ സാധ്യമായ കാര്യമാണ്. യുക്തിഭദ്രമായി ചിന്തിക്കാനും ജനാധിപത്യ അവകാശങ്ങളെ കുറിച്ച് ബോധവത്കരിക്കാനും ഇത്തരം സംസ്ഥാനങ്ങളില്‍ ആരെയും കാണില്ല. അത്തരം ഒരു സംസ്ഥാനമാണ് ബീഹാര്‍. 29 സംസ്ഥാനങ്ങളില്‍ ഏറ്റവും പിന്നാക്കം നില്‍ക്കുന്ന നാലില്‍ ഒന്ന്. ഇന്ത്യയില്‍ ഏറ്റവും സാക്ഷരത കുറഞ്ഞ സംസ്ഥാനം. ആള്‍ക്കൂട്ട മനസ്സിന്റെ അലക്ഷ്യമായ വിചാരണക്കും ശിക്ഷാ മുറക്കും ഫലഭൂയിഷ്ഠമായ മണ്ണ്. ബി ജെ പി ഇത്തരം സംസ്ഥാനങ്ങളില്‍ വളര്‍ന്നുവെന്നതും അതിന് ഇത്തരം നിയമലംഘനങ്ങള്‍ സഹായകമാകുന്നു എന്നതും ശ്രദ്ധേയമാണ്.

ഒന്നാം എന്‍ ഡി എ സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം നടന്ന അസംഖ്യം ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ഗീയമായി ഭാരതത്തെ ഭിന്നിപ്പിക്കുന്നതിലും ഭിന്നിപ്പിച്ചെടുത്ത ആള്‍ക്കൂട്ടങ്ങളുടെ വോട്ടുകള്‍ നേടിയെടുത്ത് രാജ്യത്തിന്റെ ഭരണം നേടിയെടുക്കുന്നതിലും വിജയിച്ചു എന്നത് യാഥാര്‍ഥ്യമാണ്. 2019ലെ പതിനേഴാമത് ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം ബി ജെ പിക്ക് ലഭിച്ച വന്‍ ഭൂരിപക്ഷത്തെ കുറിച്ചുള്ള ചര്‍ച്ചകളില്‍ ഹിന്ദുത്വ ഭീകരരും ഗോരക്ഷകരും നടത്തിയ കൊലപാതകങ്ങളും അക്രമങ്ങളും അര്‍ഹമായ സ്ഥാനം പിടിക്കേണ്ടതുണ്ട്. വര്‍ഗീയമായി ഭിന്നിപ്പിച്ചെടുത്ത ഒരു ഭൂമിയില്‍ അത്തരം ജനാധിപത്യ ധ്വംസനങ്ങള്‍ക്ക് ഭൂരിപക്ഷ പിന്തുണ ഉറപ്പാക്കിയവരാണ് അമിത് ഷാ ഉള്‍പ്പെടെയുള്ള ഭാരതീയ ജനതാ പാര്‍ട്ടിയുടെ ബുദ്ധികേന്ദ്രങ്ങള്‍. സമാധാനകാംക്ഷികളെ സംബന്ധിച്ചിടത്തോളം പ്രസ്തുത നിയമ ലംഘനങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും ഭരണവിരുദ്ധവികാരം തീര്‍ക്കും എന്നാണെങ്കിലും ഫാസിസ്റ്റ് തൊഴുത്തുകളില്‍ കനപ്പെട്ട വോട്ട് സമാഹാരങ്ങളാണ് അവയൊക്കെയും. ഈ യാഥാര്‍ഥ്യം കാലേക്കൂട്ടി തിരിച്ചറിഞ്ഞ ബി ജെ പി നേതൃത്വത്തില്‍ നിന്ന് ശക്തമായ നടപടി പ്രതീക്ഷിക്കുന്നത് മൗഢ്യമായിരിക്കും. അത്രയും കൊലപാതകങ്ങളും ന്യൂനപക്ഷ വേട്ടയുമാണ് ആള്‍ക്കൂട്ടത്തിന്റെ സഹായത്തോടെ എന്‍ ഡി എ സര്‍ക്കാര്‍ ചെയ്തു തീര്‍ത്തത്.

പശു ഭ്രാന്തിന്റെ പേരില്‍ ദളിതുകളും മുസ്‌ലിംകളും കൊല്ലപ്പെടുന്നു എന്നതാണ് സത്യം. 2017ല്‍ ബീഹാറിലെ തന്നെ അറാറയില്‍ മുഹമ്മദ് എന്നയാളെ കന്നുകാലികളുടെ പേരില്‍ ആള്‍ക്കൂട്ടം അരുംകൊല ചെയ്തതിന് പിന്നാലെ ഈ വര്‍ഷം മെയ് മാസത്തില്‍ കന്നുകാലികളെ മോഷ്ടിച്ചെന്നാരോപിച്ച് ഹാരിപൂര്‍ ഗ്രാമത്തില്‍ മറ്റൊരു യുവാവിനെ കൂടി ആള്‍ക്കൂട്ടം കൊലപാതകത്തിന് ഇരയാക്കിയിരുന്നു. കഴിഞ്ഞ ജൂണില്‍ ഝാര്‍ഖണ്ഡിലെ കര്‍സാവന്‍ ജില്ലയില്‍ പോസ്റ്റില്‍ കെട്ടിയിട്ടു ജയ് ശ്രീറാം വിളിപ്പിച്ച് മര്‍ദിച്ചു കൊലപ്പെടുത്തിയത് 24കാരനായ ത്വബ് രീസ് എന്ന ചെറുപ്പക്കാരനെയാണ്. തടി ഉപയോഗിച്ചായിരുന്നു അടിച്ചു കൊന്നത്. ജയ് ശ്രീറാമും ജയ് ഹനുമാനുമൊക്കെ പേടിപ്പെടുത്തുന്നു. ഉത്തര്‍ പ്രദേശിലെ മുഹമ്മദ് താജുവും മുംബൈയിലെ ഫൈസലും സമാനമായ നരമേധത്തിന്റെ ഇരകളായിരുന്നു.

ആള്‍ക്കൂട്ട മര്‍ദനങ്ങളോടും കൊലപാതകങ്ങളോടുമുള്ള സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതികരണങ്ങള്‍ പോലും ബി ജെ പിക്ക് അസഹിഷ്ണുതയാണ്. ഫാസിസ്റ്റുകാലത്തെ ഇന്ത്യയില്‍ അവര്‍ മാത്രം മതി എന്നതാണ് ശാഠ്യം. അടൂര്‍ ഗോപാലകൃഷ്ണന്‍ രാജ്യത്ത് നടക്കുന്ന നടുക്കുന്ന സംഭവങ്ങളോട് പ്രതികരിച്ചപ്പോള്‍ ബി ജെ പി വക്താവ് അടൂര്‍ ഗോപാലകൃഷ്ണനോട് ചന്ദ്രനിലേക്ക് പോകാനാണ് ആവശ്യപ്പെട്ടത്. 978 കോടി രൂപ മുടക്കി ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് റിസര്‍ച്ച് സെന്ററില്‍ നിന്ന് ചന്ദ്രനെ ലക്ഷ്യമാക്കി ജി എസ് എല്‍ വി മാര്‍ക്ക് ത്രീ കുതിച്ചുയര്‍ന്ന അത്രത്തോളം വേഗത്തില്‍ തന്നെയാണ് രാജ്യത്ത് അസഹിഷ്ണുതയും ന്യൂനപക്ഷ വിരുദ്ധതയും വളരുന്നത്.
അല്ലെങ്കിലും രാജ്യത്താകമാനം നടക്കുന്ന പശുവിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ എത്ര ബുദ്ധിശൂന്യമാണ്?

ഓരോ മതങ്ങള്‍ക്കും അവരവരുടെ അടയാളങ്ങളും വസ്തുക്കളും പവിത്രവും ആരാധ്യവുമായിരിക്കും. മറ്റു മതങ്ങള്‍ക്കും അത് വേണമെന്നത് ദുശ്ശാഠ്യമാണ്. അത്തരം വാദങ്ങള്‍ തന്നെ തീവ്രമാണ്. അവ അപരരുടെ മേല്‍ അടിച്ചേല്‍പ്പിക്കുക തീവ്രവാദവുമാണ്. രാജസ്ഥാനിലെ ബികാനറില്‍ നിന്ന് 31 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന കര്‍ണി മാതാ ക്ഷേത്രത്തില്‍ പവിത്രത കല്‍പ്പിക്കപ്പെട്ട് ഭക്തജനങ്ങള്‍ ആരാധ്യ സമാനമായി കാണുന്നത് എലികളെയാണ്. അതുകൊണ്ട് എലികളെ പിടിക്കുന്ന മനുഷ്യരെയും പൂച്ചയെയും തടവിലാക്കാനും ശിക്ഷിക്കാനും മര്‍ദിക്കാനും പറ്റുമോ? സൂര്യന്‍, കാറ്റ്, ഭൂമി, വായു വെള്ളം, തുടങ്ങിയവ പല മതങ്ങള്‍ക്കും പുണ്യകരമാണ്. ഇവരെല്ലാവരും ചേര്‍ന്ന് അക്രമം അഴിച്ചുവിട്ടാല്‍ എന്തായിരിക്കും സ്ഥിതിവിശേഷം? വിശ്വാസം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് കലര്‍പ്പില്ലാത്ത അബദ്ധവും തീവ്രവാദവുമാണ്.

രാജ്യത്താകമാനം പച്ച മനുഷ്യര്‍ പിടഞ്ഞു മരിക്കുന്നത് കാവിക്കും ഫാസിസത്തിനും അധികാരലബ്ധിക്കുള്ള കുറുക്കു വഴികളാണ്. പക്ഷേ, ഒരു സ്വാതന്ത്ര്യ പുലരിയുടെ ആഘോഷങ്ങളിലേക്ക് കൂടി രാജ്യം നീങ്ങുമ്പോള്‍ നട്ടു വളര്‍ത്തിയ ബഹുസ്വര ഇന്ത്യയുടെ അന്ത്യശ്വാസമാണ് മുഴങ്ങുന്നത്.