നഷ്ടമായത് നിഷ്‌കളങ്കനായ പത്രപ്രവർത്തകൻ: സ്പീക്കർ

Posted on: August 4, 2019 7:48 pm | Last updated: August 5, 2019 at 7:51 pm

കുന്നംകുളം: കുറ്റം ആര് ചെയ്താലും അത് കുറ്റമാണെന്നും നിഷ്‌കളങ്കനായ ഒരു മാധ്യമപ്രവർത്തകനെയാണ് മാധ്യമ ലോകത്തിന് നഷ്ടമായതെന്നും സ്പീക്കർ ശ്രീരാമകൃഷ്ണൻ.
കുന്നംകുളം പ്രസ് ക്ലബ്ബിന്റെ അവാർഡ് ദാനചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബഷീർ മരിക്കാനിടയായ സാഹചര്യം ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ച് വാഹനമോടിച്ചതാണെന്നും കുറ്റം ചെയ്തത് ആരായാലും നടപടിയെടുക്കാൻ സർക്കാർ ബാധ്യസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. മദ്യപിച്ച് ലക്കുകെട്ട് മദ്യത്തിലൂടെയുണ്ടായ ക്രിമിനൽ മനോഭാവമാണ് ബഷീറിന്റെ മരണത്തിനിടയാക്കിയത്.

ബഷീർ തന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നും അകാലത്തിലുള്ള വിയോഗം തന്നെ ഏറെ വേദനപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ക് ഫൈവ് സ്റ്റാർ ചികിത്സ നൽകുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ലന്നും ബഷീറിന്റെ കുടുംബത്തിന് സഹായം നൽകുന്ന കാര്യം സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.