National
രാജ്യത്ത് കോടതികളിലാകെ അമ്പത് വര്‍ഷമായി തീര്‍പ്പാകാതെ കിടക്കുന്നത് ആയിരത്തിലധികം കേസുകള്‍: സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

ഗുവഹാട്ടി: രാജ്യത്തെ കോടതികളില്‍ ആയിരത്തിലധികം കേസുകള്‍ അമ്പത് വര്‍ഷമായി തീരുമാനമാകാതെ കെട്ടിക്കിടക്കുകയാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്. 25 വര്‍ഷമായിട്ടും തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത് രണ്ട് ലക്ഷത്തിലധികം കേസുകളാണെന്നും അസമിലെ ഗുവഹാട്ടിയില്‍ നടന്ന ഒരു പൊതപരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെ ചീഫ് ജസ്റ്റിസ് പറഞ്ഞു.
ഇത്തരം കേസുകള്‍ തീര്‍പ്പാക്കാന്‍ നടപടി വേണമെന്ന് വിവിധ ഹൈക്കോടതികളിലെ ജഡ്ജിമാരോട് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തൊട്ടാകെയുള്ള കോടതികളില്‍ കെട്ടിക്കിടക്കുന്ന 90 ലക്ഷം സിവില്‍ കേസുകലില്‍ 20 ലക്ഷത്തോളം കേസുകളില്‍ സമന്‍സ് പോലും കൈമാറിയിട്ടില്ലെന്നും ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തി. അസമില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ തീര്‍പ്പാക്കാന്‍ ഉടന്‍ നടപടി വേണമെന്ന് ചടങ്ങില്‍ സംബന്ധിച്ച ഗുവഹാട്ടി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസിനോട് ഗോഗോയ് ആവശ്യപ്പെട്ടു.