National
മെഹബൂബക്ക് അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നോട്ടീസ്; നിശബ്ദരാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് മെഹബൂബ

ശ്രീനഗര്‍: പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിക്ക് അഴിമതി വിരുദ്ധ വിഭാഗത്തിന്റെ നോട്ടീസ്. മെഹബൂബ മുഖ്യമന്ത്രിയായിരിക്കെ ജെകെ ബേങ്കില്‍ നടന്ന ചില നിയമനങ്ങളില്‍ പങ്കുണ്ടോ എന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ജമ്മു കശ്മീര്‍ അഴിമതി വിരുദ്ധ വിഭാഗം മെഹബൂബക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്. ചില മന്ത്രിമാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനങ്ങളെന്നും നോട്ടീസില്‍ അഴിമതി വിരുദ്ധ വിഭാഗം ആരോപിക്കുന്നു.തനിക്ക് ലഭിച്ച നോട്ടീസ് ട്വിറ്ററില്‍ പങ്കുവച്ച മെഹബൂബ, ഇതില്‍ താന്‍ ആശ്ചര്യപ്പെടുന്നില്ലെന്നു പ്രതികരിച്ചു. രാഷ്ട്രീയ നേതാക്കളെയും പ്രതികരണത്തിനുശേഷിയുള്ളവരെയും നിശബ്ദരാക്കാനാണ് ശ്രമം നടക്കുന്നതെന്നും അത് വിലപ്പോവില്ലെന്നും മെഹബൂബ പറഞ്ഞു.
ആശയപരമായി യോജിച്ചുപോകാനാവില്ല എന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വര്‍ഷം ജൂണില്‍ ബിജെപി സര്‍ക്കാരിനുള്ള പിന്തുണ പിഡിപി പിന്‍വലിച്ചു. ഇതിനുശേഷം സംസ്ഥാനത്ത് കേന്ദ്രഭരണം ഏര്‍പ്പെടുത്തി. ജെകെ ബേങ്ക് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ പര്‍വേസ് അഹമ്മദിനെ കഴിഞ്ഞ ദിവസം ഭരണകൂടം തത്സ്ഥാനത്തുനിന്നു നീക്കിയിരുന്നു. ബേങ്ക് ആസ്ഥാനത്തു നടന്ന റെയ്ഡിനു പിന്നാലെയായിരുന്നു നടപടി.