Articles
അവന്‍ എനിക്ക് മകനെപ്പോലെ

കെ എം ബഷീര്‍ ഞാനൊരു മകനെപ്പോലെ കണ്ട എന്റെ പ്രിയപ്പെട്ട വിദ്യാര്‍ഥിയായിരുന്നു. കേരളത്തിലെ സുന്നി മുസ്ലിംകളുടെ ആത്മീയ നേതാവായിരുന്ന സൂഫിവര്യന്‍ വടകര മുഹമ്മദാജി തങ്ങളുടെ മകനായിരുന്നു അവന്‍ എന്നതിനാല്‍ ചെറുപ്പം മുതലേ ബഷീറിനെ ശ്രദ്ധിച്ചു. മര്‍കസ് ബോര്‍ഡിംഗിലാണ് അവന്റെ ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കിയത്. അന്നേ സൗമ്യനും ശാന്തനും എന്നാല്‍ നല്ല പ്രതിഭാത്വമുള്ള, എപ്പോഴും പ്രസന്നമായ മുഖവുമായി കാണുന്ന കുട്ടിയായിരുന്നു. പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും മിടുക്ക് കാണിച്ചു.
സിറാജ് ദിനപത്രം തിരുവനന്തപുരം യൂനിറ്റ് മേധാവിയായി അവന്‍ മാറിയത് കഴിവും അര്‍പ്പണ ബോധവും കാരണമായിരുന്നു. അസാമാന്യ പ്രതിഭാശാലിയായ പത്രപ്രവര്‍ത്തകനായിരുന്നു അവന്‍. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അവന്‍ തിരുവനന്തപുരം കേന്ദ്രീകരിച്ചു സിറാജിനായി വിവിധ തസ്തികകളില്‍ ഇരുന്നു വാര്‍ത്തകള്‍ ചെയ്യുന്നു. നിയമസഭാ വിശേഷങ്ങള്‍ രേഖപ്പെടുത്തുന്നതില്‍ ശ്രദ്ധേയമായ ശൈലി രൂപപ്പെടുത്തിയിരുന്നു അവന്‍. എന്റെവായനയിലും രാഷ്ട്രീയ വിശകലനങ്ങള്‍ക്കു ഏറെ സഹായകമാവുന്ന കോളമായിരുന്നു അത്.
സിറാജ് ദിനപത്രത്തിന്റെ നട്ടെല്ലായിരുന്നു ബഷീര്‍. 2003 ല്‍ തിരൂരില്‍ പ്രാദേശിക ലേഖകനായി ആരംഭിച്ച പത്രപ്രവര്‍ത്തനം 2006 മുതല്‍ തിരുവനന്തപുരത്തേക്കു മാറി. തലസ്ഥാന നഗരിയിലെ യൂനിറ്റ് സിറാജിന്റെ ഏറ്റവും പ്രധാന എഡിഷനുകളില്‍ ഒന്നാക്കി മാറ്റാന്‍ അവന്‍ രാപ്പകല്‍ ഭേദമന്യേ അധ്വാനിച്ചു. സിറാജ് എന്നവികാരം ബഷീറിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരുന്നു. കേവലം വാര്‍ത്തകള്‍ തയ്യാറാക്കുന്നതില്‍ മാത്രമല്ല; സിറാജിന്റെ മാര്‍ക്കറ്റിംഗ് കേമമാക്കുന്നതിലും എല്ലാ പ്രധാന നേതാക്കളും പത്രം ദിനേന വായിക്കുന്നു എന്നുറപ്പു വരുത്തുന്നതിലും അവന്‍ ശ്രദ്ധ കാണിച്ചു.
ആരെയും ആകര്‍ഷിക്കുന്ന വ്യക്തിത്വമായിരുന്നു ബഷീറിന്. ഒരു വട്ടം സംസാരിച്ചാല്‍ പിന്നെ മറക്കാനാവാത്ത വിധം നന്മകള്‍ അവശേഷിപ്പിക്കും. ഹ്രസ്വമാണ് എങ്കിലും സംസാരം നര്‍മം കലര്‍ന്നതാണ്. ഒരാളെയും വാക്കുകൊണ്ടോ പെരുമാറ്റം കൊണ്ടോ നോട്ടം കൊണ്ടോ വേദനിപ്പിക്കരുത് എന്ന നിര്‍ബന്ധം ഉണ്ടായിരുന്നു അവന്. ആ വ്യക്തിപ്രഭാവം തലസ്ഥാന നഗരിയില്‍ ഉടനീളം ബഷീറിന് സൗഹൃദം ഉണ്ടാക്കി. എല്ലാവര്‍ക്കും പ്രിയങ്കരനായിരുന്നു. വലിയവരുമായുള്ള സൗഹൃദം ഒരിക്കലും സങ്കുചിതമായ നേട്ടങ്ങള്‍ക്ക് ഉപയോഗിച്ചില്ല.
പത്രപ്രവര്‍ത്തനത്തിന്റെ നൈതികത ബഷീര്‍ എല്ലായ്പ്പോഴും കാത്തുസൂക്ഷിച്ചു. അധികമോ, ചുരുങ്ങിയതോ ആവാത്ത പൂര്‍ണത കൈവന്ന അനേകം സ്റ്റോറികള്‍ ചെയ്തു. പദങ്ങളുടെ വര്‍ണമയത്തിനപ്പുറം ഉള്ളടക്കം മനോഹരവും കുറ്റമറ്റതുമാക്കാന്‍ ശ്രമിച്ചു. ബഷീറിന്റെ സ്റ്റോറികള്‍ വളരെ പാരായണ സുഖമുള്ളവയും പുതിയ പുതിയ വിവരങ്ങള്‍ നല്‍കുന്നവയും ആയിരുന്നു.
തിരുവനന്തപുരത്ത് എന്ത് പരിപാടിക്ക് ഞാന്‍ ചെന്നാലും ബഷീറിന്റ സാന്നിധ്യം അവിടെ കാണും. സ്വകാര്യ പരിപാടികളാണെങ്കിലും ബഷീര്‍ കാണാന്‍ വരും. ബഷീറിന്റെ ഉപ്പ വടകര മുഹമ്മദാജി തങ്ങളും ഞാനും തമ്മില്‍ ഉണ്ടായിരുന്ന ബന്ധം അതിനൊരു നിമിത്തമായിരുന്നു. തിരുവനന്തപുരത്തെ പൊതു പരിപാടികളുടെ വാര്‍ത്തയും ഫോട്ടോകളും തയ്യാറാക്കി സിറാജിനു മാത്രമല്ല, എല്ലാ പത്രങ്ങള്‍ക്കും കൈമാറും. ആകാശവാണിയില്‍ എന്റെ എത്രയോ പെരുന്നാള്‍, റമസാന്‍ സന്ദേശങ്ങള്‍ ബഷീര്‍ ഇടപെട്ടു ചെയ്യിച്ചിട്ടുണ്ട്.
ഒന്നര പതിറ്റാണ്ടായി കേരളത്തിലെ പ്രധാനപ്പെട്ട എല്ലാ സുന്നി സമ്മേളനങ്ങളും, മര്‍കസ് സമ്മേളനങ്ങളും റിപ്പോര്‍ട്ട് ചെയ്യാന്‍ സിറാജ് മാനേജ്മെന്റ് നിയോഗിക്കുന്ന മാധ്യമ സംഘത്തിന്റെ ചീഫായി ഉണ്ടാവാറ് അവനാണ്. മനോഹരവും അര്‍ഥവത്തുമായ ഫീച്ചറുകളും സ്റ്റോറികളും തലക്കെട്ടുകളും നല്‍കി ഓരോ സമ്മേളനത്തെയും ജനമധ്യത്തില്‍ മിഴിവോടെ എത്തിക്കുന്നതിനു പിന്നില്‍ ബഷീറിന്റെ വിശ്രമമില്ലാത്ത അധ്വാനം ഉണ്ടായിരുന്നു. ഒട്ടനവധി പുരസ്‌കാരങ്ങളും അവനെ തേടിയെ
ത്തി. നിയമസഭാ റിപ്പോര്‍ട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാദമി കഴിഞ്ഞയാഴ്ചയാണ് ബഷീറിനെ ആദരിച്ചത്.
അവസാന നിമിഷങ്ങളിലും സിറാജിനു വേണ്ടിയുള്ള ഓട്ടത്തിലായിരുന്നു ബഷീര്‍. കൊല്ലം ഖാദിസിയ്യയില്‍ നടന്ന സിറാജ് പ്രൊമോഷന്‍ കൗണ്‍സില്‍ യോഗം കഴിഞ്ഞു
വീട്ടിലേക്കുള്ള മടക്കയാത്രയിലാണ് വിടവാങ്ങല്‍. ഹജ്ജിനായി ഞാന്‍ മദീനയിലാണ് ഉള്ളത്. ആലിമീങ്ങളുടെ കൂടെ റസൂലിന്റെ (സ) ചാരത്ത് നിന്ന് പ്രാര്‍ഥിക്കുന്നു. അല്ലാഹു അവനെ അനുഗ്രഹിക്കട്ടെ. ചെയ്ത സത്പ്രവൃത്തികളുടെ ഫലമായി സ്വര്‍ഗീയ ജീവിതം നല്‍കട്ടെ -ആമീന്‍.