Kerala
കെ എം ബഷീറിന്റെ അപകട മരണം: പോലീസ് വരുത്തിയത് ഗുരുതര വീഴ്ച; തെളിവുകള്‍ ശേഖരിച്ചില്ല

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പോലീസിന് ഗുരുതരമായ വീഴ്ച പറ്റിയതായാണ് പുറത്തുവരുന്ന സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. മദ്യപിച്ചെന്ന് വ്യക്തമായിട്ടും അപകടം വരുത്തിയ കാറിലുണ്ടായിരുന്നവരുടെ രക്തസാമ്പിളുകള്‍ പരിശോധനക്കെടുക്കുന്നതില്‍ പോലീസ് ഗുരുതരമായ വീഴ്ച വരുത്തി. വാഹനമോടിച്ചത് താനല്ല പെണ്‍ സുഹൃത്താണ് എന്നാണ് ഐഎഎസ് ഉദ്യോഗസ്ഥനും സര്‍വേ ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്‍ പറയുന്നുത്. എന്നാല്‍ ഇക്കാര്യം പെണ്‍ സുഹൃത്ത് നിഷേധിച്ചതായാണ് അറിയുന്നത്. ഇവരുടെ പേരിലുള്ളതാണ് കാര്‍. പെണ്‍ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാതെ വിട്ടയക്കുകയായിരുന്നു. അതേ സമയം ശ്രീറാം വെങ്കിട്ടരാമനെ മദ്യത്തിന്റെ മണമുണ്ടായിരുന്നുവെന്ന് അദ്ദേഹത്തെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടറുടെ റിപ്പോര്‍ട്ടിലുണ്ടെങ്കിലും രക്ത പരിശോധന നടത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല.
സംഭവത്തില്‍ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തിയെടുത്ത കേസിലെ എഫ്‌ഐആറില്‍ ഡ്രൈവറുടെ പേര് ചേര്‍ത്തിട്ടില്ല.
വാഹനമോടിച്ചത് ആരെന്ന് സംബന്ധിച്ച് ഏകദേശ ധാരണയായിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സഞ്ജയ് കുമാര്‍ ഗുരുഡിന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിക്കാന്‍ അപകടം വരുത്തിയ വാഹനം പരിശോധിക്കുകയും അതില്‍നിന്നും രക്തസാമ്പിളുകള്‍ ശേഖരിക്കുകയും വേണമെന്ന് കമ്മിഷണര്‍ പറഞ്ഞു. വാഹനത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ രക്തപരിശോധനക്ക് അനുമതി നല്‍കിയിട്ടില്ല. ഇവരുടെ രക്ത പരിശോധന നടത്തുന്നതിനായി നിയമനടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും കമ്മിഷണര്‍ പറഞ്ഞു.
അതേ സമയം വാഹനം ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീ റാം വെങ്കിട്ടരമാനാണെന്ന് സംഭവത്തിന്റെ ദൃക്‌സാക്ഷിയായ തിരുവനന്തപുരം നഗരത്തിലെ ഓട്ടോ ഡ്രൈവറായ ഷഫീക്ക് വെളിപ്പെടുത്തിയിട്ടുണ്ട്. അമിത വേഗത്തിലെത്തിയ കാര്‍ തെന്നിമാറി ബഷീറിന്റെ ബൈക്കിലിടിക്കുകയായിരുന്നുവെന്നുവെന്നും അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്ത്രീയും പുരുഷനുമാണ് കാറിലുണ്ടായിരുന്നത്. ഡ്രൈവിങ് സീറ്റിലുണ്ടായിരുന്നത് പുരുഷനാണ്. ഇയാള്‍ തന്നെയാണ് അപകടത്തിന് ശേഷം മരിച്ചയാളെ ബൈക്കിനടിയില്‍നിന്നും പുറത്തെടുത്തതെന്നും ഷഫീഖ് വെളിപ്പെടുത്തി.