Kerala
സിറാജ് തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീർ വാഹനാപകടത്തിൽ മരിച്ചു

തിരുവനന്തപുരം: സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി കെ എം ബഷീർ (35) വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച പുലർച്ചെ ഒരു മണിക്ക് തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷന് സമീപം പബ്ലിക് ഓഫീസിന് മുന്നിൽ വെച്ചാണ് അപകടം. റോഡരികിൽ നിർത്തിയിട്ട ബഷീറിന്റെ ബൈക്കിന് പിറകിൽ സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമന്റ കാർ ഇടിക്കുകയായിരുന്നു. അമിത വേഗത്തിലായിരുന്ന കാർ വെങ്കിട്ടരാമൻ ആണ് ഓടിച്ചിരുന്നത് എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വൈദ്യ പരിശോധനയിൽ വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാറിൽ ഉണ്ടായിരുന്ന സ്ത്രീയെ പോലീസ് കസ്റ്റഡിയിൽ എടുത്ത് വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു.
കൊല്ലത്ത് സിറാജ് പ്രമോഷൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരം റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ബഷീർ.

നിയമസഭാ റിപോര്‍ടിംഗിലെ ശ്രദ്ധേയ സംഭാവനകള്‍ക്ക് കെ എം. ബഷീറിനെ കേരള മീഡിയ അക്കാദമി കഴിഞ്ഞ ദിവസം ആദരിച്ചപ്പോള്‍
2004ൽ തിരൂർ പ്രാദേശിക റിപ്പോർട്ടറായി സിറാജിൽ പത്രപ്രവർത്തനം ആരംഭിച്ച കെ എം ബഷീർ പിന്നീട് സിറാജ് മലപ്പുറം ബ്യൂറോയിൽ സ്റ്റാഫ് റിപ്പോർട്ടറായി ചേർന്നു. 2006 ൽ തിരുവനന്തപുരം ബ്യൂറോയിലേക്ക് മാറി. തുടർന്ന് തിരുവനന്തപുരം ബ്യൂറോ ചീഫായി ദീർഘകാലം സേവനമനുഷ്ടിച്ച അദ്ദേഹം പിന്നീട് യൂണിറ്റ് മേധാവിയായി നിയമിതനാവുകയായിരുന്നു.
നിയമസഭാ റിപ്പോർട്ടിംഗിലെ മികവിന് കേരള മീഡിയ അക്കാഡമി കഴിഞ്ഞയാഴ്ച ബഷീറിനെ ആദരിച്ചിരുന്നു.
തിരുവനന്തപുരം മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മയ്യത്ത് നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം രാത്രിയോടെ സ്വദേശമായ വാണിയന്നൂരിൽ എത്തിക്കും.
പ്രമുഖ സൂഫിവര്യൻ ആയിരുന്ന വടകര മുഹമ്മദാജി തങ്ങളുടെ മകനായ ബഷീർ തിരൂർ വാണിയന്നൂർ സ്വദേശിയാണ്. മാതാവ്: തിത്താച്ചുമ്മ. ഭാര്യ: ജസീല. മക്കൾ: ജന്ന, അസ്മി.