National
ഉന്നാവ് പെണ്‍കുട്ടിയെ ഡല്‍ഹിയിലേക്ക് മാറ്റില്ല; ചികിത്സ ലക്‌നൗവില്‍ തുടരും

ന്യൂഡല്‍ഹി: ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയെ തല്‍ക്കാലം ഡല്‍ഹിയിലേക്ക് മാറ്റേണ്ടതില്ലെന്ന് സുപ്രീംകോടതി. വിദഗ്ധ ചികിത്സക്കായി ഡോക്ടര്‍മാരുടെ അനുമതിയോടെ പെണ്‍കുട്ടിയെ ഉടന്‍ ഡല്‍ഹിയിലെ ആശുപത്രിയിലേക്ക് മാറ്റണമെന്ന ഉത്തരവ് സുപ്രീംകോടതി തല്‍ക്കാലം മരവിപ്പിച്ചു. പെണ്‍കുട്ടിയുടെ കുടുംബത്തിന് ലക്‌നൗവിലെ ആശുപത്രിയില്‍ ചികിത്സ തുടരുന്നതാണ് താല്‍പര്യമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
അതേസമയം, യുപി റായ്ബറേലിയിലെ ജയിലില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അമ്മാവനെ തിഹാര്‍ ജയിലിലേക്ക് മാറ്റണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. ഇദ്ദേഹത്തെ സന്ദര്‍ശിച്ച് മടങ്ങി വരുമ്പോഴാണ് പെണ്‍കുട്ടിയും ബന്ധുക്കളും സഞ്ചരിച്ച കാറില്‍ ട്രക്ക് വന്നിടിച്ചത്. അപകടത്തില്‍ പെണ്‍കുട്ടിയുടെ അമ്മായി അടക്കം രണ്ട് ബന്ധുക്കള്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെംഗാറും കൂട്ടാളികളുമാണെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കുല്‍ദീപ് സിംഗ് സെംഗാറിനും പത്ത് പേര്‍ക്കുമെതിരെ കേസും റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എംഎല്‍എയെ ബിജെപി പുറത്താക്കി. പെണ്‍കുട്ടിയെ നിരീക്ഷിക്കാനും, എങ്ങോട്ടെല്ലാം സഞ്ചരിക്കുന്നു എന്നറിയാനും സെംഗാര്‍ സിസിടിവി സ്ഥാപിച്ചിരുന്നു.