Articles
തൊഴില്‍ നിയമ ഭേദഗതി; വാളോങ്ങുന്നതാര്‍ക്ക് നേരെ?

കുറഞ്ഞ വേതനം (Minimum Wages) നിശ്ചയിക്കല്‍ ലോകത്തൊട്ടാകെ ചില അംഗീകൃത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ് നടത്തിവരുന്നത്. അതെല്ലാം കാറ്റില്‍ പറത്തിയാണ് നമ്മുടെ രാജ്യത്ത് ഏറ്റവും ഒടുവില്‍ തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിച്ചിരിക്കുന്നത്.
തൊഴിലാളികളുടെ കുറഞ്ഞ ദിവസ വേതനം 446 രൂപയായി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ് അധികാരത്തിലെത്തിയ സര്‍ക്കാര്‍ കുറഞ്ഞ വേതനം 178 രൂപയായി നിജപ്പെടുത്തി പുതിയ നിയമം പാസ്സാക്കി. ഇതനുസരിച്ച് രാജ്യത്തെ ഒരു തൊഴിലാളിയുടെ കുറഞ്ഞ പ്രതിമാസ വേതനം 4,628 രൂപയാണെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി സന്തോഷ് കുമാര്‍ ഗാംഗ്വാര്‍ പ്രസ്താവിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുമ്പ് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച കുറഞ്ഞ ദിവസ വേതനത്തേക്കാള്‍ കേവലം രണ്ട് രൂപയുടെ വര്‍ധന മാത്രം. കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധന 30 ശതമാനത്തോളമാണെന്ന് അനൗദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.
തൊഴിലാളികളുടെ കുറഞ്ഞ വേതനം നിശ്ചയിക്കുന്നതിന് സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റികളുടെ നിര്‍ദേശങ്ങളും 15ാം ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സുകള്‍ കണക്കാക്കിയതനുസരിച്ചുള്ള വേതന നിര്‍ണയ മാനദണ്ഡവും 25 ശതമാനം വര്‍ധനയെന്ന സുപ്രീം കോടതി വിധിയും കാറ്റില്‍ പറത്തിയാണ് ഇപ്പോഴത്തെ ഈ തീരുമാനം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഭക്ഷ്യധാന്യങ്ങളുടെ വില 13 ശതമാനവും പയര്‍ വര്‍ഗങ്ങളുടെ വില 19 ശതമാനവും മറ്റ് ഉത്പന്നങ്ങളുടെ വില ശരാശരി 38 ശതമാനവും വര്‍ധിപ്പിച്ചപ്പോഴാണ് രണ്ട് രൂപ കൂലി ഉയര്‍ത്തിയുള്ള മോദി സര്‍ക്കാറിന്റെ തീരുമാനം. കോര്‍പറേറ്റുകള്‍ക്ക് 400 കോടിയിലധികം തുകയുടെ ഇളവുകള്‍ നല്‍കിയപ്പോഴാണ് പാവപ്പെട്ട തൊഴിലാളികളോട് മോദി സര്‍ക്കാറിന്റെ ഈ കിരാതമായ നിലപാട്.
കുറഞ്ഞ വേതനം 375 രൂപ മുതല്‍ 447 രൂപ വരെയാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു വിദഗ്ധ സമിതി സര്‍ക്കാറിനോട് ശിപാര്‍ശ ചെയ്തിരുന്നത്. ഇതുപ്രകാരം പ്രതിമാസ വേതനം 9,750 രൂപക്കും 10,622 രൂപക്കും ഇടയിലായി വര്‍ധിപ്പിക്കണമെന്നാണ് അനൂപ് സത്പതി അധ്യക്ഷനായ സമിതി കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കിയത്. പ്രതിദിനം 600 രൂപ നിരക്കില്‍ പ്രതിമാസം 18,000 രൂപ അടിസ്ഥാന വേതനമായി നിശ്ചയിക്കണമെന്ന നിര്‍ദേശവും നിലവിലുണ്ട്. ഏഴാം ശമ്പള കമ്മീഷന്‍ ശിപാര്‍ശ ചെയ്തതിന്റെ നാലില്‍ ഒന്ന് തുകയാണ് ഇപ്പോള്‍ കുറഞ്ഞ വേതനമായി സര്‍ക്കാര്‍ തീരുമാനിച്ചത്. കുറഞ്ഞ ദിവസ വേതനം 692 രൂപയോ പ്രതിമാസ വേതനം 18,000 രൂപയോ ആയി വര്‍ധിപ്പിക്കണമെന്ന് സുപ്രീം കോടതിയും അഭിപ്രായപ്പെട്ടതാണ്.
തൊഴില്‍ വിഷയം ഭരണഘടനയുടെ കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനാല്‍ സംസ്ഥാന സര്‍ക്കാറുകളുമായി ആലോചിക്കാതെ കുറഞ്ഞ വേതനം പ്രഖ്യാപിച്ചതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ ഉയരുന്നത്. കേന്ദ്രവും സംസ്ഥാന സര്‍ക്കാറുകളും ചേര്‍ന്നാണ് കണ്‍കറന്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ട വിഷയങ്ങളുടെ തീരുമാനം എടുക്കേണ്ടത്. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം ഇല്ലാതാക്കാന്‍ മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ കുറഞ്ഞ വേതന നയം.
കുറഞ്ഞ വേതനം 178 രൂപയാണെന്ന് പ്രഖ്യാപിച്ചതോടെ മോദി സര്‍ക്കാറിന്റെ കോര്‍പറേറ്റ് പ്രീണന-നവ ഉദാരവത്കരണ നയങ്ങളാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്. പുതിയ തീരുമാനം മൂലം തൊഴിലാളികളുടെ വേതനം യഥേഷ്ടം വെട്ടിക്കുറക്കാനുള്ള അവസരം കോര്‍പറേറ്റുകള്‍ക്ക് ലഭിച്ചിരിക്കുന്നു.
രാജ്യത്തെ തൊഴിലാളികള്‍ ദശാബ്ദങ്ങള്‍ നീണ്ട ത്യാഗപൂര്‍വമായ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ശക്തമായ പ്രക്ഷോഭങ്ങള്‍ കൊണ്ടും നേടിയെടുത്തതാണ് നിലവിലുള്ള തൊഴില്‍ നിയമങ്ങള്‍. ഈ നിയമങ്ങളിലെ തൊഴിലവകാശങ്ങള്‍ പലതും മൗലികാവകാശങ്ങള്‍ക്ക് സമാനമായ തൊഴിലവകാശങ്ങളാണ്.
നിലവിലെ തൊഴില്‍ നിയമങ്ങള്‍ കാലോചിതമായി പരിഷ്‌കരിക്കണമെന്നായിരുന്നു തൊഴിലാളികളുടെ ആവശ്യം. എന്നാല്‍ തൊഴില്‍ നിയമങ്ങളുടെ ഏകീകരിക്കല്‍ നടത്തുകയാണെന്ന് പ്രഖ്യാപിച്ച് നിലവിലുള്ള തൊഴില്‍നിയമങ്ങളില്‍ മൗലിക മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുകയാണ്. നിക്ഷേപകരെ ആകര്‍ഷിക്കാന്‍ തൊഴില്‍ നിയമങ്ങളില്‍ മൗലിക മാറ്റങ്ങള്‍ അനിവാര്യമാണെന്നാണ് തൊഴില്‍ മന്ത്രി പ്രസ്താവിച്ചിരിക്കുന്നത്.
നിക്ഷേപകരെ സഹായിക്കാനും ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ത്വരിതഗതിയിലാക്കാനും ലക്ഷ്യമിട്ടാണ് പുതിയ തൊഴില്‍ നിയമങ്ങള്‍ പടച്ചുണ്ടാക്കാക്കുന്നതെന്ന് നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക സുരക്ഷയും ക്ഷേമവും, വ്യാവസായിക ബന്ധങ്ങള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 44 തൊഴില്‍ നിയമങ്ങള്‍ ഏകോപിപ്പിച്ച് പുതിയ തൊഴില്‍ നിയമങ്ങള്‍ ഉണ്ടാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ തൊഴില്‍ നിയമ ഭേദഗതികള്‍ എല്ലാം തന്നെ രാജസ്ഥാന്‍ സര്‍ക്കാര്‍ പാസ്സാക്കിയിട്ടുള്ള തൊഴിലാളി വിരുദ്ധ നിയമങ്ങളെ അനുകരിച്ചുള്ളതാണ്. രാജസ്ഥാനിലെ മുന്‍ ബി ജെ പി സര്‍ക്കാറാണ് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ വേണ്ടിയെന്ന് പ്രഖ്യാപിച്ച് തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ പടച്ചുണ്ടാക്കിയത്.
വേതനം, സാമൂഹിക സുരക്ഷ, വ്യാവസായിക സുരക്ഷയും ക്ഷേമവും, വ്യാവസായിക ബന്ധങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് പുതിയ തൊഴില്‍ നിയമത്തിന്‍ കീഴില്‍ ക്രോഡീകരിക്കുന്നത്. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്, മിസ്സലേനീയസ് പ്രൊവിഷന്‍സ് ആക്ട്, എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷ്വറന്‍സ് ആക്ട്, മെറ്റേണിറ്റി ബെനഫിറ്റ് ആക്ട്, ബില്‍ഡിംഗ് കണ്‍സ്ട്രക്ഷന്‍സ് ആക്ട്, തൊഴിലാളി നഷ്ടപരിഹാര നിയമം തുടങ്ങി സാമൂഹിക സുരക്ഷയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ലയിപ്പിച്ച് ഒറ്റ സാമൂഹിക സുരക്ഷാ നിയമം സൃഷ്ടിക്കുമെന്നാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളതും.
വേതന ചട്ടത്തിന് പിന്നാലെ തൊഴിലാളികളുടെ പ്രവൃത്തി സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട ബില്ലും പാര്‍ലിമെന്റില്‍ അവതരിപ്പിച്ചിരിക്കുകയാണ്.
സുരക്ഷിതമായ തൊഴിലിടം, വൈദ്യ പരിശോധന, വനിതാ ജീവനക്കാരുടെ സുരക്ഷിതത്വം തുടങ്ങിയവ ബില്ലില്‍ നിര്‍ദേശിക്കുന്നു. പല നിയമ വ്യവസ്ഥകള്‍ തൊഴില്‍ രംഗത്ത് സങ്കീര്‍ണത സൃഷ്ടിക്കുന്നു എന്ന വിശദീകരണത്തോടെയാണ് വ്യവസ്ഥകളുടെ ഏകീകരണം. എന്നാല്‍ യഥാര്‍ഥ ലക്ഷ്യം നിലവില്‍ തൊഴിലാളികള്‍ക്ക് ലഭിച്ചിരുന്ന പല ആനുകൂല്യങ്ങളും നിര്‍ത്തലാക്കുക എന്നുള്ളത് തന്നെയാണ്.
13 കേന്ദ്ര തൊഴില്‍ നിയമങ്ങളിലെ ബന്ധപ്പെട്ട വ്യവസ്ഥകള്‍ ഏകീകരിച്ച് ലളിതമാക്കിയാണ് ഈ പുതിയ ചട്ടം കൊണ്ടുവന്നിരിക്കുന്നത് എന്നാണ് സര്‍ക്കാറിന്റെ വിശദീകരണം. ഫാക്ടറി നിയമം, ഖനി നിയമം, നിര്‍മാണ തൊഴിലാളി നിയമം, തോട്ടം തൊഴിലാളി നിയമം, കരാര്‍ തൊഴിലാളി നിയമം, അന്തര്‍ സംസ്ഥാന കുടിയേറ്റ തൊഴിലാളി നിയമം, പത്ര പ്രവര്‍ത്തകരുടെയും പത്ര ജീവനക്കാരുടെയും സേവന വ്യവസ്ഥാ നിയമം, പത്രപ്രവര്‍ത്തന വേതന നിര്‍ണയ നിയമം, മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് തൊഴിലാളി നിയമം, സെയില്‍സ് പ്രൊമോഷന്‍ തൊഴിലാളി നിയമം, ബീഡി തൊഴിലാളി നിയമം, സിനിമാ തീയറ്റര്‍ തൊഴിലാളി നിയമം എന്നിവയാണ് ഏകീകരിക്കപ്പെടുന്ന നിയമങ്ങള്‍.
തൊഴിലാളികളുടെ മൗലിക അവകാശമായ ഈ 13 നിയമങ്ങള്‍ ക്രോഡീകരിച്ച് ഉണ്ടാക്കിയ തൊഴില്‍ കോഡിനെ സംബന്ധിച്ച് ട്രേഡ് യൂനിയനുകളുമായി ഫലപ്രദമായ ഒരു ചര്‍ച്ച പോലും നടത്തിയിട്ടില്ല. വന്‍കിട തൊഴില്‍ ഉടമകളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പച്ചക്കൊടി മാത്രമാണ് ഈ സുരക്ഷാ കോഡ് എന്ന് വ്യക്തം.
വലിയ തോതിലുള്ള തൊഴില്‍ നിയമ പരിഷ്‌കാരങ്ങളിലേക്കാണ് കേന്ദ്ര സര്‍ക്കാര്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. വേതനവുമായി ബന്ധപ്പെട്ട നിയമ വ്യവസ്ഥകള്‍ ഏകീകരിച്ചാണ് നേരത്തെ വേതനചട്ടം കൊണ്ടുവന്നത്. തൊഴിലാളിക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്തതാണിത്. പുതിയ തൊഴില്‍ സുരക്ഷാചട്ടം നമ്മുടെ രാജ്യത്തെ 40 കോടി സംഘടിത, അസംഘടിത തൊഴിലാളികള്‍ക്ക് ബാധകമാകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഈ നിയമം വളരെ സുപ്രധാനവുമാണ്.
1947ലെ ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട് ആക്ട്, 1926ലെ ട്രേഡ് യൂനിയന്‍ ആക്ട്, 1946ലെ ഇന്‍ഡസ്ട്രിയല്‍ എംപ്ലോയീസ് ആക്ട് എന്നിവയാണ് ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സിന് കീഴില്‍ ലയിപ്പിക്കുന്ന നിയമങ്ങള്‍. നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ എന്ന പേരില്‍ തൊഴില്‍ നിയമങ്ങളില്‍ സമൂലമാറ്റം വരുത്താന്‍ കഴിഞ്ഞ മോദി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഈ കോര്‍പറേറ്റ് പ്രീണന പരിഷ്‌കാരങ്ങള്‍ക്കെതിരെ ട്രേഡ് യൂനിയനുകളും ജനാധിപത്യ പാര്‍ട്ടികളും ശക്തമായി രംഗത്തു വന്നതോടെ ഈ നീക്കം മന്ദഗതിയിലായി. വീണ്ടും അധികാരത്തിലെത്തിയതോടെ സര്‍ക്കാര്‍ തിരക്കിട്ട് ഈ നിയമങ്ങള്‍ ഓരോന്നാതൊഴിലാളി യൂനിയനുകളുമായി കൂടിയാലോചന നടത്തിയിട്ടുണ്ടെന്നാണ് തൊഴില്‍ മന്ത്രി പ്രസ്താവിച്ചിട്ടുള്ളത്. എന്നാല്‍ ഈ പരിഷ്‌കാരങ്ങള്‍ ട്രേഡ് യൂനിയനുകളുടെ മുന്നില്‍ അവതരിപ്പിച്ചിട്ടില്ലെന്ന് യൂനിയനുകള്‍ പ്രതികരിച്ചിട്ടുണ്ട്. മുന്‍ സര്‍ക്കാറിന്റെ കാലത്തും ഏകപക്ഷീയമായ നിയമ ഭേദഗതിയുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. മുന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലുകള്‍ തൊഴില്‍ മന്ത്രാലയത്തിന്റെ സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിട്ടപ്പോള്‍ അവിടെയും പരിഷ്‌കാരങ്ങളോട് വിയോജിപ്പുണ്ടായി. ഇപ്പോള്‍ സര്‍ക്കാര്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളുടെ അന്തിമരൂപം വ്യക്തമാക്കണമെന്നും കേന്ദ്ര ട്രേഡ് യൂനിയനുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
2014ല്‍ ബി ജെ പി അധികാരത്തിലേറുമ്പോള്‍ ഏറ്റവും മുകള്‍ തട്ടിലുള്ള ഒരു ശതമാനം പേരുടെ സമ്പത്ത് 49 ശതമാനം ആയിരുന്നു. മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ ഇത് 60 ശതമാനമായി ഉയര്‍ന്നു. ഇത്രയും കടുത്ത സാമ്പത്തിക കേന്ദ്രീകരണവും അസമത്വവും രാജ്യത്ത് മറ്റൊരിക്കലും ഉണ്ടായിട്ടില്ല. തൊഴിലെടുക്കുന്നവരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്ന നിയമങ്ങള്‍ പൊളിച്ചെഴുതാന്‍ മോദി സര്‍ക്കാര്‍ തയ്യാറെടുക്കുന്നതിന് വേറെ കാരണം അന്വേഷിക്കേണ്ടതില്ല.
തൊഴില്‍ സുരക്ഷയുടെ മേല്‍ കൈവെച്ച് കൊണ്ടായിരുന്നു മോദി സര്‍ക്കാറിന്റെ തുടക്കം തന്നെ. തൊഴില്‍ നിയമങ്ങളില്‍ അടിസ്ഥാന മാറ്റം വരുത്തുന്നത് ട്രേഡ് യൂനിയന്‍ അവകാശങ്ങള്‍ക്ക് നേരെയും ഭരണഘടനയിലെ മൗലികാവകാശങ്ങള്‍ക്ക് നേരെയുമുള്ള കടുത്ത വെല്ലുവിളിയാണ്. രാജ്യത്തെ തൊഴിലാളികള്‍ കഴിഞ്ഞ അരപ്പതിറ്റാണ്ടായി തൊഴിലാളികളുടെ മൗലികാവകാശങ്ങള്‍ നേടിയെടുക്കുന്നതിനായി രാഷ്ട്രീയ ഭിന്നതകള്‍ എല്ലാം മാറ്റിവെച്ച് യോജിച്ച് മുന്നോട്ട് നീങ്ങുകയാണ്.
തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്കുണ്ടാക്കാന്‍ കഴിഞ്ഞ വിജയത്തില്‍ മതിമറന്ന് രാജ്യത്തെ അടിസ്ഥാന വര്‍ഗത്തിന് നേരെ വാളോങ്ങുകയാണ് ഈ തൊഴില്‍ നിയമങ്ങളുടെ നീതീകരണമില്ലാത്ത ഭേദഗതിയിലൂടെ മോദി സര്‍ക്കാര്‍ ചെയ്യുന്നത്. അതുകൊണ്ട് തന്നെ ശക്തമായ യോജിച്ച ചെറുത്തു നില്‍പ്പിലൂടെ മാത്രമേ തൊഴിലാളി വര്‍ഗത്തിന് ഇതിനെ നേരിടാനും സാധിക്കുകയുള്ളൂ. കുറഞ്ഞ കൂലി നിശ്ചയിക്കലിനെതിരായും തൊഴില്‍ നിയമങ്ങളുടെ ഭേദഗതി നീക്കത്തിനെതിരായും വലിയ ജനകീയ വികാരം രാജ്യത്ത് അലയടിച്ചുയരേണ്ട സമയമാണിത്.
(ലേഖകന്റെ ഫോണ്‍ – 9847132428)