Connect with us

Kerala

എസ് ഡി പി ഐയെ എതിര്‍ക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ അധപതനം: കോടിയേരി

Published

|

Last Updated

ന്യൂഡല്‍ഹി: സ്വന്തം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടിട്ടും എസ് ഡി പി ഐയെ എതിര്‍ക്കാന്‍ കഴിയാത്ത കോണ്‍ഗ്രസിന്റെ നിലപാട് അവരുടെ രാഷ്ട്രീയ അധപതനത്തിന്റെ ഏറ്റവും വലിയ തെളിവാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കോണ്‍ഗ്രസില്‍ എസ് ഡി പി ഐ അനുകൂലിക്കുന്നവരും ആര്‍ എസ്എസിനെ അനുകൂലിക്കുന്നവരും ഉണ്ട്. അതുകൊണ്ടാണ് ചാവക്കാട് സ്വന്തം പ്രവര്‍ത്തകനായ നൗഷാദ് കൊല്ലപ്പെട്ട സംഭവത്തില്‍ എസ് ഡി പി ഐയുടെ പങ്ക് ചൂണ്ടിക്കാട്ടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിയാത്തത്. സി പി ഐ എമ്മിനെതിരെ ആരോപണം ഉന്നയിച്ച അനില്‍ അക്കരെ എം എല്‍ എയും ആ കൂട്ടത്തില്‍പ്പെട്ട ഒരാളാണെന്നും ഡല്‍ഹി കേരള ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കവെ കോടിയേരി പറഞ്ഞു.

നൗഷാദിന്റെ കൊലപാതകം അപലപനീയമാണ്. കൊലനടത്തിയത് എസ് ഡി പിഐക്കാരാണ്. എ സ്ഡിപിഐ കേരളത്തില്‍ തുടര്‍ച്ചയായി ഇത്തരം സംഭവങ്ങള്‍ നടത്തുകയാണ്. മഹാരാജാസ് കോളജില്‍ അഭിമന്യുവിനെ കൊന്ന കൊലയാളി സംഘം അവരുടെ കൊലക്കത്തി താഴെവെച്ചിട്ടില്ല എന്നതാണ് ചാവക്കാട്ടെ സംഭവം വ്യക്തമാക്കുന്നത്. എസ് ഡി പി ഐയും ആര്‍ എസ്എസും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ്. ഈ രണ്ടു വര്‍ഗീയ ശക്തികളും കൂടി കേരളത്തെ ഒരു കലാപഭൂമിയാക്കാനാണ് ശ്രമിക്കുന്നതെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

Latest