Connect with us

Kerala

ഒടുവില്‍ മൗനം വെടിഞ്ഞ് മുല്ലപ്പള്ളി; നൗഷാദിനെ കൊന്നത് എസ് ഡി പി ഐ

Published

|

Last Updated

കോഴിക്കോട്: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിന്റെ കൊലപാതകത്തിന് പിന്നില്‍ എസ് ഡി പി ഐയെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ആദ്യഘട്ടത്തില്‍ ഇത് സംബന്ധിച്ച് തനിക്ക് വ്യക്തമായ ധാരണയില്ലാത്തതിനാലാണ് എസ് ഡി പി ഐയുടെ പേര് പറയാതിരുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു. വിഷയത്തില്‍ സി പി എം നടത്തുന്ന പ്രചാരണം ശരിയല്ല. കോടിയേരിക്കാണ് എസ് ഡി പി ഐയുമായി ബന്ധമെന്നും മുല്ലപ്പള്ളി പറഞ്ഞു.

നേതൃത്വം പ്രതികരിക്കാന്‍ വിസമ്മതിച്ചപ്പോഴും നൗഷാദിനെ വെട്ടിക്കൊന്നത് എസ് ഡി പി ഐയാണെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം പറഞ്ഞിരുന്നു. എസ് ഡി പി ഐയെ കുറ്റപ്പെടുത്തി യൂത്ത്‌കോണ്‍ഗ്രസിന്റെയും കെ എസ് യുവിന്റെയും നേതാക്കള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. കൊന്നത് എസ് ഡി പി ഐയെന്ന് നേതാക്കള്‍ ഉറക്കെ പറയണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു. മുല്ലപ്പള്ളി, രമേശ് ചെന്നിത്തല, അനില്‍ അക്കരെ തുടങ്ങി നേതാക്കളുടെ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടി സി പി എമ്മും വിമര്‍ശനം നടത്തിയിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് ഇപ്പോള്‍ മുല്ലപ്പള്ളി എസ് ഡി പി ഐക്കെതിരെ പരസ്യ പ്രതികരണം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

നൗഷാദിന്റേത് രാഷ്ട്രീയ കൊലപാതകമാണ്. പോലീസിന് ജാഗ്രതക്കുറവുണ്ടായോ എന്ന് പരിശോധിക്കണം. കേരളത്തിലെ ക്രമസമാധാനനില തകര്‍ന്നിരിക്കുകയാണ്. ആഭ്യന്തര വകുപ്പ് നാഥനില്ലാ കളരിയാണ് – ഇങ്ങനെയായിരുന്നു ആദ്യഘട്ടത്തില്‍ മുല്ലപ്പള്ളി പ്രതികരിച്ചത്.