Connect with us

Kerala

40,000ത്തോളം നഴ്‌സ്മാരുടെ ക്ഷാമമെന്ന് നെതര്‍ലന്‍ഡ്; കേരളം നല്‍കാമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി: നഴ്‌സ് ക്ഷാമം അഭിമുഖീകരിക്കുന്ന നെതര്‍ലന്‍ഡ്‌സിന് കേരളത്തിലെ നഴ്‌സ്മാരുടെ സേവനം വാഗ്ദാനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡല്‍ഹി കേരള ഹൗസില്‍ നെതര്‍ലന്‍ഡ്‌സ് സ്ഥാനപതിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പ് നല്‍കിയത്. രാജ്യത്ത് 30,000 മുതല്‍ 40,000വരെ നഴ്‌സ്മാരുടെ കുറവുണ്ടെന്ന് സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ബര്‍ഗര്‍ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി. തുടര്‍ന്നാണ് കേരളത്തിലെ നഴ്‌സ്മാരുടെ സേവനം ഉറപ്പു നല്‍കിയതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു.

കേരളത്തിലെ നഴ്‌സ്മാരുടെ അര്‍പ്പണ ബോധവും തൊഴില്‍ വൈദഗ്ധ്യവും മതിപ്പുളവാക്കുന്നതാണെന്ന് സ്ഥാനപതി പറഞ്ഞതായും കുറിപ്പിലുണ്ട്. ഇത് സംബന്ധിച്ച് തുടര്‍ നടപടികള്‍ എംബസിയുമായി ഏകോപിപ്പിക്കുന്നതിന് റസിഡന്റ് കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി കുറിപ്പില്‍ തുടര്‍ന്നു പറയുന്നു. കേരളത്തിന്റെ പ്രളയ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങളും തുറമുഖ വികസനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇതിന്റെ ഭാഗമായി നെതര്‍ലന്‍ഡ് രാജാവും രാജ്ഞിയും ഒക്ടോബറില്‍ കൊച്ചിയിലെത്തു. 20 അംഗ പ്രതിനിധി സംഘവും 40 അംഗ സാമ്പത്തിക ഡെലിഗേഷനും ഇവര്‍ക്കൊപ്പമുണ്ടാകും.