കുട്ടിക്കുറ്റവാളികള്‍ വര്‍ധിച്ചു

Posted on: July 30, 2019 10:00 pm | Last updated: July 30, 2019 at 10:00 pm

ഷാര്‍ജ: കുട്ടിക്കുറ്റവാളികളുടെ എണ്ണം വര്‍ധിച്ചതായി പോലീസ്. മോഷണം, ലഹരിമരുന്ന് ഉപയോഗം, അടിപിടി തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരില്‍ കൗമാരക്കാര്‍ ഈയിടെ പിടിയിലായി. കെട്ടിടങ്ങളുടെ പാര്‍ക്കിങ് മേഖലകള്‍, പാര്‍ക്കുകള്‍, ബീച്ചുകള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കുട്ടിക്കുറ്റവാളികളുടെ വിളയാട്ടം.

ബഹളമുണ്ടാക്കുകയും പരസ്പരം ഏറ്റുമുട്ടുകയും ചെയ്യുന്ന കൗമാരക്കാര്‍ താമസക്കാര്‍ക്ക് ഭീഷണിയായി. കുട്ടിക്കുറ്റവാളികളെ പിടികൂടാന്‍ പട്രോളിങ് ശക്തമാക്കിയതായി ഷാര്‍ജ പോലീസ് സി ഐ ഡി വിഭാഗം ഡയറക്ടര്‍ കേണല്‍ ഇബ്രാഹിം അല്‍ അജില്‍ പറഞ്ഞു.
പ്രായപൂര്‍ത്തിയാകാത്തവരെ പിടികൂടിയാല്‍ രക്ഷിതാക്കളെ വിളിച്ചുവരുത്തി താക്കീത് ചെയ്തു വിടും. കാര്‍ മോഷണക്കേസുകളില്‍ പോലും കൗമാരക്കാര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ട് വര്‍ഷത്തിനിടെ മോഷണക്കേസില്‍ പിടിയിലായ കൗമാരക്കാരുടെ എണ്ണം കൂടിയെന്നും പോലീസ് വ്യക്തമാക്കി.

മാതാപിതാക്കള്‍ ജോലിക്ക് പോകുന്ന വീടുകളിലെ 12-15 വയസ്സുള്ള കുട്ടികളാണ് വഴിതെറ്റുന്നവരില്‍ കൂടുതല്‍. വൈദ്യപരിശോധനയില്‍ ഇവര്‍ക്ക് ഉറക്കക്കുറവ്, അതിയായ ആകാംക്ഷ, കുറഞ്ഞ രക്തയോട്ടം, വിറയല്‍, തലവേദന എന്നിവയുള്ളതായി കണ്ടെത്തി. ലഹരിമരുന്ന് ഉപയോഗമാണിതിന് കാരണം. രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.