Connect with us

Gulf

പോലീസ് വേഷത്തില്‍ കവര്‍ച്ച; പ്രതികള്‍ക്ക് തടവ്

Published

|

Last Updated

ദുബൈ: പോലീസ് വേഷത്തില്‍ വാഹനത്തിലെത്തി രണ്ടു പേരെ തട്ടിക്കൊണ്ടുപോയി പണം തട്ടിയ സംഘത്തിന് ദുബൈ പ്രാഥമിക കോടതി മൂന്നു വര്‍ഷം ശിക്ഷ വിധിച്ചു.
35 ലക്ഷം ദിര്‍ഹമാണ് തട്ടിയെടുത്തത്. 39 വയസുള്ള ഒരു സ്വദേശിയും 38 കാരനായ സിറിയക്കാരനുമാണ് പ്രധാന പ്രതികള്‍. പ്രതികള്‍ക്കൊപ്പം ഒരു അഫ്ഗാന്‍ പൗരനും നാലു പാകിസ്ഥാന്‍ പൗരന്മാരുമടങ്ങുന്ന സംഘമാണ് തട്ടിപ്പ് നടത്തിയത്. ഇവര്‍ക്കെതിരെ കുറ്റം ചെയ്യാന്‍ സഹായിക്കുക തട്ടികൊണ്ടുപോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.
2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം. നൈഫ് ഭാഗത്തുവച്ചാണ് വെച്ചാണ് പ്രതികള്‍ പണം കവര്‍ന്നത്.

ലാന്റ് ക്രൂയിസര്‍ കാറിലെത്തി പാക്ക്അഫ്ഗാന്‍ പൗരന്മാരെ തടഞ്ഞുനിര്‍ത്തിയ സംഘം പോലീസ് ഉദ്യോഗസ്ഥരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചു.
ഇരുവരുടെ പക്കലുള്ള പണത്തിന്റെ ഉറവിടം സംബന്ധിച്ച് കേസുണ്ടെന്ന് അറിയിക്കുകയും തുടര്‍ന്ന് ഇവരെ പണം സൂക്ഷിച്ചിരുന്ന ജബല്‍ അലിയില്‍ എത്തിക്കുകയുമായിരുന്നു. പോലീസ് എന്ന് സ്വയം പരിചയപ്പെടുത്തിയവര്‍ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് പണം പിടിച്ചെടുക്കുയാണെന്ന് അറിയിച്ചുവെന്ന് തട്ടിപ്പിന് ഇരയായ ഒരാള്‍ കോടതിയില്‍ വ്യക്തമാക്കി.
പിന്നീട് തങ്ങള്‍ക്കെതിരായ കേസ് എന്താണെന്ന് അറിയാന്‍ ഇവര്‍ അബുദാബിയിലെ ബാനിയാസ് പോലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് തട്ടിപ്പായിരുന്നുവെന്ന് വ്യക്തമായത്. ഇവര്‍ക്കെതിരെ കേസോ അന്വേഷണമോ നടക്കുന്നില്ലെന്ന് പോലീസ് അറിയിച്ചതോടെ നടന്ന സംഭവങ്ങള്‍ ഇരുവരും പോലീസിനെ ധരിപ്പിച്ചു. തുടര്‍ന്ന് അന്വേഷണം ആരംഭിച്ച പോലീസ് രണ്ട് പ്രധാന പ്രതികളെയും അറസ്റ്റ് ചെയ്തു. ഇവരുടെ മൊഴി അനുസരിച്ചാണ് സഹായികളായിരുന്ന അഞ്ചു പേരെ പിന്നീട് പിടികൂടിയത്.

ആക്രമണത്തിന് ഇരയായവരുടെ പക്കല്‍ ധാരാളം പണമുണ്ടെന്ന് പ്രതികളിലൊരാള്‍ക്ക് അറിവുണ്ടായിരുന്നു. എന്നാല്‍, പ്രതികള്‍ തട്ടിയെടുത്തതില്‍ അഞ്ച് ലക്ഷം ദിര്‍ഹം മാത്രമേ പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞുള്ളൂ.
സിറിയന്‍ പൗരനായ പ്രതികളില്‍ ഒരാള്‍ ആറു മാസം കൂടുതല്‍ തടവ് അനുഭവിക്കണം. പോലീസ് അറസ്റ്റിനായി ചെന്നപ്പോള്‍ എതിര്‍ക്കുകയും പോലീസിനെ പ്രതിരോധിക്കുകയും ചെയ്തതിനാലാണ് നടപടി. സ്വദേശികള്‍ അല്ലാത്ത പ്രതികളെ ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തും. പ്രതികള്‍ക്ക് 15 ദിവസത്തിനുള്ളില്‍ അപ്പീല്‍ കോടതിയെ സമീപിക്കാം.

Latest