മയക്കുമരുന്ന് കേസ് പ്രതി എക്‌സൈസ് ഉദ്യോഗസ്ഥനെ വെടിവെച്ച സംഭവത്തില്‍ കര്‍ക്കശ നടപടി: മുഖ്യമന്ത്രി

Posted on: July 30, 2019 5:42 pm | Last updated: July 30, 2019 at 6:21 pm

 

തിരുവനന്തപുരം: മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ പ്രതി എക്‌സൈസ് ഉദ്യോഗസ്ഥനെ വെടിവെക്കാന്‍ ഇടയായ സംഭവത്തില്‍ കര്‍ക്കശ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശം നല്‍കി. അതിസാഹസികമായി ലഹരി മരുന്ന് കള്ളക്കടത്തുകാരനെ പിടികൂടിയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി അഭിനന്ദനമറിയിച്ചു. വെടിയേറ്റ ഇന്‍സ്‌പെക്ടര്‍ മനോജിന്റെ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യാന്‍ അധികൃതര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

മയക്കുമരുന്നു കടത്തുകാര്‍ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നു എന്നത് അതീവ ഗൗരവമുള്ള അവസ്ഥയാണ്. ലഹരി വ്യാപനത്തിന് എതിരെ സര്‍ക്കാര്‍ വിട്ടുവീഴ്ചയില്ലാത്ത നടപടികള്‍ സ്വീകരിക്കുമെന്നും സര്‍ക്കാരിന്റെ എല്ലാ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബഹുജനങ്ങളുടെയും മാധ്യമങ്ങളുടെയും അകമഴിഞ്ഞ പിന്തുണ ഇതിനു വേണമെന്നും ലഹരിവിരുദ്ധ പ്രചാരണ പരിപാടികളുടെ വിജയത്തിനായി മുഴുവന്‍ ജനങ്ങളുടെയും സഹായമുണ്ടാകണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

യുവജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് ഇതില്‍ ഫലപ്രദമായി ഇടപെടാനാകുമെന്നും മയക്കുമരുന്ന്മുക്ത സമൂഹം യാഥാര്‍ഥ്യമാക്കുന്നതിന് സര്‍ക്കാര്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..